കോഴിക്കോട്: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ വിജയന്റെ വിദേശ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷോൺ ജോർജ് നടത്തിയ നിയമനടപടികൾക്കിടെ സംസ്ഥാന വ്യാപകമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും വസതികൾ ഉൾപ്പെടെ 12 കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്.
കോഴിക്കോട് കൊട്ടൂളിയിലെ മുഹമ്മദ് റിയാസിന്റെ വസതിയിൽ അതിരാവിലെത്തിയാണ് ഇഡി സംഘം പരിശോധന ആരംഭിച്ചത്. പരിശോധന അതീവ രഹസ്യമായിട്ടാണ് നടത്തിയതെന്നാണ് വിവരം. റെയ്ഡ് സമയത്ത് റിയാസ് വീട്ടിലില്ലായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
സി.എം.ആർ.എൽ–എക്സാലോജിക് ഇടപാടിൽ ഇഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ സമർപ്പിച്ച ഹർജി കോടതി തള്ളുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ കേന്ദ്രങ്ങളിൽ പരിശോധന ആരംഭിച്ചത്.
തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ പിണറായി വിജയൻ താമസിക്കുന്ന വാടകവീട്ടിലും പരിശോധന നടന്നു. കണ്ണൂരിലെ പാണ്ട്യാലത്തെ വസതി, ബെംഗളൂരുവിലെ എക്സാലോജിക് ഓഫീസ്, സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ ആലുവയിലെ വീടും സ്ഥാപനങ്ങളും ഉൾപ്പെടെ വിവിധ ഇടങ്ങളിലാണ് ഇഡി സംഘം പരിശോധന നടത്തുന്നത്.
എക്സാലോജിക് സൊല്യൂഷൻസ് സേവനം നൽകാതെയാണ് സി.എം.ആർ.എലിൽ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയതെന്ന ആരോപണമാണ് കേസിന്റെ കേന്ദ്രവിഷയം. ഈ സാമ്പത്തിക ഇടപാടുകൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്നാണ് ഇഡിയുടെ നിലപാട്.
വീണ വിജയനെതിരെ കമ്പനി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ, കരാറുകൾ, സേവന വിശദാംശങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം, സി.പി.എം നേതൃത്വവും ബന്ധപ്പെട്ടവരും ആരോപണങ്ങൾ നിഷേധിച്ച് രംഗത്തുണ്ട്. നിയമാനുസൃതമായ സേവന കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു പണമിടപാടുകളെന്നാണ് അവരുടെ വിശദീകരണം.
English Summary: The Enforcement Directorate conducted raids at multiple locations linked to the CMRL-Exalogic financial dealings case, including residences of Pinarayi Vijayan and Mohammed Riyas. The action follows the High Court’s approval for continuing the ED investigation into alleged financial irregularities involving Exalogic Solutions.

