facebook

സിപിഎമ്മിൽ വീണ്ടും ചേരിപ്പോര്

2 Min Read

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളെച്ചൊല്ലി മുൻ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്കും പരസ്യമായി വ്യത്യസ്ത നിലപാടെടുത്തതോടെ സി.പി.എമ്മിലെ അഭിപ്രായവ്യത്യാസങ്ങൾ വീണ്ടും പ്രകടമാകുന്നു. പാർട്ടി നേതൃത്വത്തിന് തെറ്റുപറ്റിയെന്ന തോമസ് ഐസക്കിന്റെ സ്വയംവിമർശനം പിണറായി വിജയന്റെ നിലപാടിനെ തള്ളുന്നതാണെന്ന വിലയിരുത്തലാണ് ഉയരുന്നത്.

തോമസ് ഐസക് ഇന്നലെയും മാധ്യമങ്ങൾക്ക് മുന്നിൽ ഇതേ നിലപാട് ആവർത്തിച്ചതോടെ നേതൃത്വത്തോടുള്ള എതിർപ്പ് കൂടുതൽ പരസ്യമായെന്നാണ് രാഷ്ട്രീയ നിരീക്ഷണം.

സിപിഎമ്മിൽ ചേരിപ്പോര്; പിണറായിയും ഐസക്കും വ്യത്യസ്ത നിലപാടിൽ

സജീവ രാഷ്ട്രീയത്തിൽനിന്ന് വി.എസ്. അച്യുതാനന്ദൻ പിന്മാറിയതോടെ പിണറായി വിജയന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്ന ശക്തമായ എതിർശബ്ദം പാർട്ടിയിൽ കുറഞ്ഞിരുന്നു.

എന്നാൽ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് ഇപ്പോൾ വ്യത്യസ്ത വിലയിരുത്തലുകളാണ് പാർട്ടിയിൽ ഉയരുന്നത്. പയ്യന്നൂരിലും തളിപ്പറമ്പിലും പാർട്ടിയെ തോൽപ്പിച്ച അണികൾ തെറ്റുതിരുത്തണമെന്നാണ് പിണറായി വിജയൻ പ്രസംഗിച്ചത്.

അതേസമയം, ജനങ്ങൾ നൽകിയ ‘ഷോക്ക് ട്രീറ്റ്മെന്റ്’ എന്നാണ് ആലപ്പുഴ വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ഉദ്ഘാടനം ചെയ്ത് തോമസ് ഐസക് വിശേഷിപ്പിച്ചത്.

പാർട്ടി തിരുത്തണമെന്ന് ആവശ്യപ്പെടുന്ന നേതാക്കൾ

പാർട്ടിയിൽ തിരുത്തൽ ആവശ്യമാണെന്ന നിലപാടാണ് പി. രാജീവ്, എം.ബി. രാജേഷ്, എം. സ്വരാജ് തുടങ്ങിയ നേതാക്കൾക്കുള്ളത്. പി.കെ. ശ്രീമതി, കെ.കെ. ശൈലജ തുടങ്ങിയ നേതാക്കളും പാർട്ടി തെറ്റുതിരുത്തണമെന്ന നിലപാടിലാണ്.

സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും അംഗീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാർട്ടി പ്രവർത്തനത്തിലും നയത്തിലും മാറ്റം വരുത്തണമെന്നാണ് പിണറായി വിജയനെയും എം.വി. ഗോവിന്ദനെയും എതിർക്കുന്ന വിഭാഗത്തിന്റെ ആവശ്യം.

എം.എ. ബേബിയുടെ പിന്തുണയുണ്ടെന്ന് സൂചന

സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ പിന്തുണ ഈ വിഭാഗത്തിനുണ്ടെന്നാണ് അറിയുന്നത്. അതേസമയം, സി.എൻ. മോഹനനും സജി ചെറിയാനും പിണറായി വിജയന്റെ നിലപാടാണ് പാർട്ടി ലൈനെന്ന അഭിപ്രായത്തിലാണ്.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പിണറായി വിജയനെ ന്യായീകരിക്കുന്നുണ്ടെങ്കിലും കണ്ണൂർ നേതാക്കൾക്കിടയിലും അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നാണ് റിപ്പോർട്ട്.

വിശാല സമിതിയിൽ വിഷയം ഉയർത്തും

പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിൽ രാഷ്ട്രീയ വിശദീകരണം നടത്താൻ ആരാണ് തീരുമാനിച്ചതെന്ന ചോദ്യമാണ് എതിർപക്ഷം ഉയർത്തുന്നത്.

നയത്തിലും നിലപാടിലും തിരുത്തൽ ഉണ്ടാകില്ലെന്ന സന്ദേശമാണ് പിണറായി വിജയന്റെ പ്രസംഗം നൽകുന്നതെന്നാണ് ഇവരുടെ വിലയിരുത്തൽ. അതിനാൽ ഈ വിഷയങ്ങൾ പാർട്ടിയുടെ വിശാല സമിതിയിൽ ഉന്നയിക്കാനാണ് എതിർചേരിയുടെ നീക്കം.

English Summary

Thiruvananthapuram: Differences within the CPI(M) have become more visible following publicly contrasting views expressed by former Chief Minister Pinarayi Vijayan and Central Committee member Thomas Isaac over the party’s election defeat.

While Pinarayi Vijayan called for corrective action among party workers who contributed to defeats in Payyannur and Taliparamba, Thomas Isaac described the election result as a “shock treatment” from the people and reiterated that the party leadership had made mistakes.

Share This Article