പ്രവാസികൾക്ക് കോളടിച്ചു !: ഇത്തരം പ്രവാസി നിക്ഷേപങ്ങൾക്ക് പലിശനിരക്ക് കുത്തനെ കൂട്ടി ബാങ്കുകൾ

3 Min Read

ആഗോള സാമ്പത്തിക രംഗത്തുണ്ടായ അപ്രതീക്ഷിത ചലനങ്ങളെത്തുടർന്ന് വിദേശത്തുനിന്നുള്ള നിക്ഷേപങ്ങൾ കൂടുതൽ ആകർഷകമാക്കാനുള്ള നിർണായക നീക്കവുമായി ഇന്ത്യൻ ബാങ്കിങ് മേഖല മുന്നോട്ട് വന്നിരിക്കുകയാണ്. വിദേശ കറൻസി അധിഷ്ഠിത നോൺ-റെസിഡന്റ് ബാങ്ക് അഥവാ എഫ്സിഎൻആർ (ബി) നിക്ഷേപങ്ങളുടെ പലിശനിരക്കിലാണ് പ്രമുഖ ബാങ്കുകൾ ഇപ്പോൾ വൻ വർദ്ധനവ് വരുത്തിയിരിക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, എയു സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയാണ് പുതുക്കിയ ഉയർന്ന പലിശ നിരക്കുകൾ പ്രഖ്യാപിച്ച പ്രമുഖ സ്ഥാപനങ്ങൾ. എച്ച്ഡിഎഫ്സി ബാങ്കും പഞ്ചാബ് നാഷണൽ ബാങ്കും നേരത്തെ തന്നെ ഈ പാത സ്വീകരിച്ചിരുന്നു.

വരും ദിവസങ്ങളിൽ രാജ്യത്തെ മറ്റ് പ്രമുഖ ബാങ്കുകളും പലിശ നിരക്ക് ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തുമെന്നാണ് ഈ രംഗത്തുള്ളവർ വിലയിരുത്തുന്നത്. ഇതോടൊപ്പം ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച കൂടി ചേരുമ്പോൾ പ്രവാസികൾക്ക് ഇത് ഇരട്ടി ലാഭത്തിനുള്ള അവസരമാണ് ഒരുക്കുന്നത്.

സമീപകാലത്തുണ്ടായ ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികളും ഇന്ത്യയുടെ വിദേശ നാണ്യശേഖരത്തിൽ വലിയ കുറവുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തെ മറികടക്കാനും കൂടുതൽ വിദേശ നിക്ഷേപങ്ങൾ രാജ്യത്തേക്ക് ആകർഷിക്കാനുമായി കേന്ദ്ര സർക്കാരും റിർച്ചവ് ബാങ്കും ചില പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

എഫ്സിഎൻആർ (ബി) അക്കൗണ്ടുകൾ കൈകാര്യം ചെയ്യുമ്പോൾ ബാങ്കുകൾക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത കേന്ദ്ര സർക്കാർ തന്നെ ഏറ്റെടുക്കുമെന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം.

വരും സെപ്റ്റംബർ മുപ്പത് വരെ ഈ ആനുകൂല്യം ബാങ്കുകൾക്ക് ലഭ്യമായിരിക്കും. വിദേശത്ത് സമ്പാദിക്കുന്ന പണം ഇന്ത്യൻ രൂപയിലേക്ക് മാറ്റാതെ തന്നെ ഡോളർ, യൂറോ, പൗണ്ട്, യെൻ തുടങ്ങിയ വിദേശ കറൻസികളിൽ നേരിട്ട് നിക്ഷേപിക്കാനും അതേ കറൻസിയിൽ തന്നെ പലിശ നേടാനും സാധിക്കുന്ന സുരക്ഷിതമായ സംവിധാനമാണിത്.

നേരത്തെ ഇന്ത്യയിലെ സാധാരണ സ്ഥിര നിക്ഷേപങ്ങൾക്ക് ഏഴ് ശതമാനം വരെ പലിശ ലഭിച്ചിരുന്നപ്പോൾ എഫ്സിഎൻആർ നിക്ഷേപങ്ങൾക്ക് പരമാവധി നാലര ശതമാനം മാത്രമാണ് പലിശ ഉണ്ടായിരുന്നത്. വിനിമയ നിരക്കിലെ വ്യതിയാനങ്ങൾ ബാങ്കുകൾക്ക് അധിക ബാധ്യത വരുത്തിവെച്ചിരുന്നതിനാൽ മുൻപൊക്കെ ബാങ്കുകളും ഈ നിക്ഷേപങ്ങളെ അത്ര കണ്ട് പ്രോത്സാഹിപ്പിച്ചിരുന്നില്ല.

ഇത് ഇത്തരം അക്കൗണ്ടുകളിലെ നിക്ഷേപത്തിൽ വലിയ ഇടിവുണ്ടാക്കിയിരുന്നു. എന്നാൽ പുതിയ സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ ഈ പ്രതിസന്ധിക്ക് പരിഹാരമായിരിക്കുകയാണ്. ആർബിഐയുടെ പുതിയ നയങ്ങൾ വഴി ഏകദേശം ഏഴ് ലക്ഷം കോടി രൂപയുടെ അധിക വിദേശ നിക്ഷേപം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലേക്ക് ഒഴുകിയെത്തുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ കണക്കുകൂട്ടുന്നത്.

പുതുക്കിയ നിരക്കുകൾ പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പത്ത് ലക്ഷം ഡോളർ വരെയുള്ള നിക്ഷേപങ്ങൾക്ക് ആകർഷകമായ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. മൂന്ന് മുതൽ നാല് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.25 ശതമാനവും, നാല് മുതൽ അഞ്ച് വർഷം വരെയുള്ളവയ്ക്ക് 5.5 ശതമാനവും, അഞ്ച് വർഷത്തെ നിക്ഷേപങ്ങൾക്ക് 5.75 ശതമാനവും പലിശ എസ്ബിഐ നൽകും.

എന്നാൽ ഈ അക്കൗണ്ടുകൾ ആരംഭിച്ച് ആദ്യത്തെ ഒരു വർഷത്തേക്ക് തുക പിൻവലിക്കാൻ അനുവാദമുണ്ടായിരിക്കില്ല. അതേസമയം ഐസിഐസിഐ ബാങ്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെയുള്ള പ്രവാസി നിക്ഷേപങ്ങൾക്ക് ആറ് ശതമാനം വരെയാണ് പലിശ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് സ്വകാര്യ-പൊതുമേഖലാ ബാങ്കുകളും സമാനമായ രീതിയിൽ നിരക്കുകൾ ഉയർത്തിയിട്ടുണ്ട്.

ആഗോള വിപണിയിൽ ക്രൂഡോയിൽ വില വർദ്ധിച്ചു നിൽക്കുന്നതിനാൽ വരും ദിവസങ്ങളിലും രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാകാനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം ഡോളറിനെതിരെ 50 പൈസയുടെ നഷ്ടത്തോടെ 95.75 രൂപയിലാണ് ഇന്ത്യൻ രൂപ വ്യാപാരം അവസാനിപ്പിച്ചത്.

രൂപയുടെ ഈ മൂല്യത്തകർച്ച എഫ്സിഎൻആർ അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുന്ന പ്രവാസികൾക്ക് വൻ നേട്ടമായി മാറും. ഉദാഹരണത്തിന്, ഒരു ഡോളർ നിക്ഷേപിക്കുന്ന വ്യക്തിക്ക് മുൻ ദിവസത്തെ അപേക്ഷിച്ച് 50 പൈസയുടെ അധിക മൂല്യം ഇപ്പോൾ സ്വന്തമാക്കാൻ സാധിക്കും. ഉയർന്ന പലിശ നിരക്കും ഡോളറിന്റെ ഉയർന്ന വിനിമയ മൂല്യവും ഒരുമിച്ച് വരുന്ന ഈ സാഹചര്യം പ്രവാസികൾക്ക് തങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കാനുള്ള സുവർണ്ണാവസരമാണ് സമ്മാനിക്കുന്നത്.

English Summary

Indian banks like SBI and ICICI have increased interest rates on FCNR(B) deposits following RBI’s decision to absorb banks’ liabilities to boost forex reserves. Coupled with the falling rupee value hitting 95.75 per dollar, NRIs can now maximize profits through higher returns on foreign currency investments.

Share This Article