2026-ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം പ്രമുഖ കനേഡിയൻ എഴുത്തുകാരി ആനി കാർസണ് ലഭിച്ചു. രസതന്ത്രം, ഭൗതികശാസ്ത്രം, മെഡിസിൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ സ്വീഡിഷ് അക്കാദമിയാണ് സാഹിത്യ നൊബേൽ വിജയിയെ തിരഞ്ഞെടുത്തത്.
കാർസണിന്റെ ധീരവും സർഗ്ഗാത്മകവുമായ സൃഷ്ടികളെയും സമകാലിക സാഹിത്യത്തിന് നൽകിയ പുതിയ രൂപങ്ങളെയും അക്കാദമി പ്രത്യേകം പ്രശംസിച്ചു.1950-ൽ ടൊറന്റോയിൽ ജനിച്ച ആനി കാർസൺ കവിത, ഗദ്യം, വിവർത്തനം, ഗവേഷണം, പെർഫോമൻസ് എന്നിവയിലുടനീളം ശ്രദ്ധേയമായ കാൽവെപ്പുകൾ നടത്തിയ വ്യക്തിയാണ്.
പദോൽപ്പത്തിയെ തന്റെ എഴുത്തിന്റെ ആധാരമായി കാണുന്ന ഇവർ, പുരാതന ഗ്രീക്ക് സാഹിത്യത്തിൽ നിന്ന് നടത്തിയ വിവർത്തനങ്ങളിലൂടെ ആഗോള ശ്രദ്ധ നേടി. സാഫോയുടെ കവിതാ ശകലങ്ങൾ ഉൾപ്പെടുത്തിയ ‘ഇഫ് നോട്ട്, വിന്റർ’, സോഫോക്ലീസിന്റെ ‘ഇലക്ട്ര’, ‘ആന്റിഗണി’, യൂറിപ്പിഡിസിന്റെ ‘ബാക്കൈ’ എന്നിവ ഇവരുടെ പ്രശസ്തമായ വിവർത്തനങ്ങളാണ്.
പ്രധാന കൃതികളും സാഹിത്യ ജീവിതവും
പുരാതന ഗ്രീക്ക് സാഹിത്യത്തിന്റെ സ്വാധീനം വ്യക്തമാക്കുന്ന ഉപന്യാസങ്ങളും കാർസണിന്റെ പ്രശസ്തി ഉയർത്തി. ‘ഈറോസ് ദി ബിറ്റർസ്വീറ്റ്’, ‘ഇക്കോണമി ഓഫ് ദി അൺലോസ്റ്റ്’, ‘മെൻ ഇൻ ദി ഓഫ് അവേഴ്സ്’ എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്.
ബിസി ആറാം നൂറ്റാണ്ടിലെ ഗ്രീക്ക് കവി സ്റ്റെസിക്കോറോസിനെ അടിസ്ഥാനമാക്കി 1998-ൽ പുറത്തിറക്കിയ ‘ഓട്ടോബയോഗ്രഫി ഓഫ് റെഡ്’ കാർസണിന്റെ ഏറ്റവും മികച്ച കൃതിയായി കണക്കാക്കപ്പെടുന്നു.2001-ൽ പ്രസിദ്ധീകരിച്ച ‘ദി ബ്യൂട്ടി ഓഫ് ദി ഹസ്ബൻഡ്: എ ഫിക്ഷനൽ എസ്സേ ഇൻ 29 ടാംഗോസ്’ വഞ്ചകനായ ഭർത്താവിന്റെ കഥ പറയുമ്പോൾ ജോൺ കീറ്റ്സിന്റെ പ്രണയകവിതകളിലൂടെ വരികളെ മനോഹരമാക്കുന്നു.
അന്തരിച്ച സഹോദരൻ മൈക്കിളിന്റെ ഓർമ്മയ്ക്കായി എഴുതിയ ‘നോക്സ്’ അവരുടെ വ്യക്തിപരമായ അനുഭവങ്ങളെ പ്രതിഫലിപ്പിക്കുന്ന കൃതിയാണ്. ബോറടിയെ തന്റെ ഏറ്റവും വലിയ ശത്രുവായി വിശേഷിപ്പിച്ച കാർസൺ സാഹിത്യ ലോകത്ത് തികച്ചും വ്യത്യസ്തമായ വഴി വെട്ടിത്തെളിച്ചു.
മുൻവർഷങ്ങളിലെ നൊബേൽ വിജയികൾ
മുൻവർഷങ്ങളിൽ സാഹിത്യ നൊബേൽ നേടിയ പ്രമുഖരുടെ നിരയിലേക്കാണ് ആനി കാർസണും ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്. 2025-ൽ ഹംഗേറിയൻ നോവലിസ്റ്റ് ലാസ്ലോ ക്രാസ്നഹോർകായ്, 2024-ൽ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ് എന്നിവരായിരുന്നു പുരസ്കാരത്തിന് അർഹരായത്.
ഓസ്ട്രിയൻ നോവലിസ്റ്റ് യോൻ ഫോസ്സെ (2023), ഫ്രഞ്ച് എഴുത്തുകാരി ആനി എർനോ (2022), ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുൽറസാഖ് ഗുർന (2021) എന്നിവരായിരുന്നു ഇതിനു മുൻപത്തെ വർഷങ്ങളിൽ സാഹിത്യ നൊബേൽ കരസ്ഥമാക്കിയ മറ്റ് പ്രമുഖർ.
English Summary : Canadian author Anne Carson has been awarded the 2026 Nobel Prize in Literature by the Swedish Academy. The Academy commended Carson for her bold and inventive body of work, highlighting her role in creating new forms for contemporary literature. Known for her major works including ‘Autobiography of Red’, ‘The Beauty of the Husband’, and ‘Nox’, her writing is deeply rooted in classical Greek literature and translation.
