കൊച്ചി: ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നത് കൃഷിനാശത്തിന് പുറമെ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് മുന്നറിയിപ്പ്. ഒച്ചുകളുടെ സ്രവം ശരീരത്തിൽ പുരണ്ടാൽ മസ്തിഷ്കജ്വരത്തിന് കാരണമാകുന്ന ലാർവകൾ ശരീരത്തിലെത്താൻ സാധ്യതയുണ്ട്. കൊച്ചുകുട്ടികൾക്ക് രോഗസാധ്യത കൂടുതലാണ്.
ചൊറിച്ചിലും അണുബാധയും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഇവ കാരണമാകാം. അതിനാൽ വീടുകളിലും പരിസരങ്ങളിലും ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ആഫ്രിക്കൻ ഒച്ചുകൾ ആരോഗ്യത്തിന് എങ്ങനെ ഭീഷണിയാകും?
എലികളിൽ കാണപ്പെടുന്ന റാറ്റ് ലംഗ് വേമാണ് പ്രധാന വില്ലൻ. എലികളുടെ കാഷ്ഠം കഴിക്കുന്ന ഒച്ചുകളിലേക്ക് ഇവയുടെ ലാർവകൾ എത്താം.
ഈ ലാർവകൾ മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ രക്തത്തിലൂടെ സഞ്ചരിച്ച് തലച്ചോറിലും അതിനെ ചുറ്റിയുള്ള ആവരണത്തിലും വീക്കമുണ്ടാക്കാൻ സാധ്യതയുണ്ട്.
കടുത്ത പനി, തലവേദന, ഛർദി എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങൾ. അതേസമയം, ഒച്ചുകളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ ഇത്തരം ലക്ഷണങ്ങൾ ഉണ്ടായാൽ ശ്രദ്ധിക്കണമെന്ന് വിദഗ്ധർ പറയുന്നു.
ആഫ്രിക്കൻ ഒച്ചുകളെ നേരിട്ട് തൊടരുത്
ആഫ്രിക്കൻ ഒച്ചുകളെ ഗ്ലൗസ് ധരിക്കാതെ നേരിട്ട് തൊടരുതെന്നാണ് പ്രധാന നിർദേശം. ഉപ്പോ തുരിശ് ലായനിയോ ഉപയോഗിച്ച് ഇവയെ തുരത്താം.
കൂടാതെ, എലികളുടെ എണ്ണം നിയന്ത്രിക്കാനും ശ്രദ്ധിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതും ഒച്ചുകളുടെ സാന്നിധ്യം കുറയ്ക്കാൻ സഹായിക്കും.
മുട്ടകൾക്കെതിരെയും ജാഗ്രത വേണം
ഒച്ചുകളെ നശിപ്പിച്ചാലും അവയുടെ മുട്ടകൾ മണ്ണിൽ ദീർഘകാലം സുരക്ഷിതമായി കിടക്കാം. ഒരേസമയം 500 മുട്ടകൾ വരെ ഇടാൻ ഇവയ്ക്ക് കഴിയുമെന്നാണ് മുന്നറിയിപ്പ്.
അതുകൊണ്ടുതന്നെ ഒച്ചുകളെ മാത്രം നശിപ്പിക്കുന്നതിനു പകരം മുട്ടകളുടെ സാന്നിധ്യവും പരിശോധിക്കണം. പച്ചക്കറികൾ നന്നായി കഴുകിയശേഷം മാത്രം ഉപയോഗിക്കാനും നിർദേശമുണ്ട്.
ആഫ്രിക്കൻ ഒച്ചുകളെ നിയന്ത്രിക്കാൻ മാർഗങ്ങൾ
മണ്ണിൽ ഏകദേശം ഒന്നരയടി താഴ്ചയിൽ കുഴിയെടുത്ത് പുളിപ്പിച്ച പഴം, പൈനാപ്പിൾ തുടങ്ങിയവ ശർക്കരയും ഈസ്റ്റും ചേർത്ത് ഇടാം. ഇതിലേക്ക് ഒച്ചുകൾ എത്തുമ്പോൾ ഉപ്പ് വിതറി നശിപ്പിച്ച് കുഴി മൂടാം.
അതേസമയം, വീടിനും കൃഷിയിടത്തിനും ചുറ്റുമുള്ള ഈർപ്പമുള്ളതും വൃത്തിഹീനവുമായ സാഹചര്യങ്ങൾ ഒഴിവാക്കണം. എലികളെയും ഒച്ചുകളെയും ഒരുപോലെ നിയന്ത്രിക്കുകയാണ് പ്രധാനമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
“ഒച്ചുകളെയും എലികളെയും തുരത്തണം. രോഗലക്ഷണമുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടണം.” — ഡോ. രാജീവ് ജയദേവൻ, സ്റ്റേറ്റ് ഐ.എം.എ റിസർച്ച് സെൽ കൺവീനർ
English Summary:
African snails are posing a threat beyond crop damage, with health experts warning about possible infections and neurological illness associated with rat lungworm larvae. Children may face greater risk. People are advised not to handle snails with bare hands, keep surroundings clean, wash vegetables thoroughly and seek medical attention if symptoms such as fever, severe headache or vomiting develop.
