facebook

വിക്കറ്റ് വീഴ്ത്തുമെന്ന് പുള്ളി കരുതിയില്ല: വൈഭവ് സൂര്യവംശി

2 Min Read

മുംബൈ: ദുലീപ് ട്രോഫിയിൽ തനിക്ക് പന്തു നൽകാൻ ഈസ്റ്റ് സോൺ ടീം ക്യാപ്റ്റൻ ഇഷാൻ കിഷന് വലിയ താൽപര്യമുണ്ടായിരുന്നില്ലെന്ന് കൗമാര താരം വൈഭവ് സൂര്യവംശി.

നോർത്ത് ഈസ്റ്റ് സോണിനെതിരായ മത്സരത്തിൽ അപ്രതീക്ഷിതമായി പന്തെത്തി 2 വിക്കറ്റുകൾ സ്വന്തമാക്കിയ സംഭവത്തിലാണ് വൈഭവിന്റെ രസകരമായ വെളിപ്പെടുത്തൽ.

​മത്സരത്തിൽ എതിരാളികളുടെ വിക്കറ്റ് വീഴ്ത്താനാകാതെ ഈസ്റ്റ് സോൺ ബുദ്ധിമുട്ടിയപ്പോഴാണ് വൈഭവിനെ ഇഷാൻ പന്തേൽപ്പിച്ചത്.

വെറും 3 ഓവറുകൾ പന്തെറിഞ്ഞ താരം 11 റൺസ് മാത്രം വഴങ്ങി 2 നിർണായക വിക്കറ്റുകൾ പിഴുതു.

​ഇഷാൻ ഭയ്യക്ക് എനിക്ക് പന്ത് തരാൻ താല്പര്യമില്ലായിരുന്നു

​ക്യാപ്റ്റൻ ഇഷാൻ കിഷനൊപ്പം കളിച്ച അനുഭവം പങ്കുവെക്കവേയാണ് വൈഭവ് സൂര്യവംശി മനസ്സുതുറന്നത്.

​”എതൊരു ബാറ്ററോടും ചോദിച്ചോളൂ, പന്തെറിയുന്നത് അവർ തീർച്ചയായും ആസ്വദിക്കുന്നുണ്ടാകും. എതിരാളികളുടെ വിക്കറ്റുകൾ വീഴ്ത്താൻ സാധിക്കാതെ വന്നപ്പോഴാണ് എനിക്ക് 3 ഓവറുകൾ ലഭിച്ചത്.

എനിക്ക് പന്ത് തരുന്നത് വലിയ റിസ്കാണെന്നാണ് ഇഷാൻ ഭയ്യ കരുതിയത്. പക്ഷെ ഞാൻ വിക്കറ്റ് വീഴ്ത്തുന്ന ബോൾറാണെന്ന് പുള്ളിക്ക് അറിയില്ലായിരുന്നു,” വൈഭവ് പറഞ്ഞു.

​5 വിക്കറ്റ് വീഴ്ത്തിയാലും 3 ഓവർ മാത്രമേ കിട്ടൂ

​ലഭിച്ച കുറഞ്ഞ അവസരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനാണ് താൻ ശ്രമിച്ചതെന്നും വൈഭവ് കൂട്ടിച്ചേർത്തു.

​”ഞാൻ 5 വിക്കറ്റ് വീഴ്ത്തിയാലും എനിക്ക് മൂന്നോവർ മാത്രമേ ലഭിക്കൂ എന്ന് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ആ ഓവറുകൾ പരമാവധി മികച്ചതാക്കാൻ ശ്രമിച്ചു.

കഴിഞ്ഞ കളിയിൽ ബാറ്റിങ്ങിൽ തിളങ്ങാൻ പറ്റിയിരുന്നില്ല. ഒരു ബാറ്റർ വിക്കറ്റ് വീഴ്ത്തുമ്പോൾ അത് ഏറ്റവും കൂടുതൽ ആസ്വദിക്കും,” താരം വ്യക്തമാക്കി.

​ഈസ്റ്റ് സോണിന് വമ്പൻ ജയം

​മത്സരത്തിൽ ഈസ്റ്റ് സോൺ വൈസ് ക്യാപ്റ്റനായ വൈഭവിന് ബാറ്റിങ്ങിൽ 8 റൺസ് മാത്രമാണ് നേടാനായത്. എങ്കിലും ഈസ്റ്റ് സോൺ ഇന്നിങ്സിനും 210 റൺസിനും വമ്പൻ വിജയം സ്വന്തമാക്കി.

​ആദ്യം ബാറ്റ് ചെയ്ത് 467 റൺസെടുത്ത ഈസ്റ്റ് സോണിനെതിരെ നോർത്ത് ഈസ്റ്റ് ഒന്നാം ഇന്നിങ്സിൽ 111 റൺസിനും ഫോളോ ഓണിൽ 146 റൺസിനും പുറത്താവുകയായിരുന്നു.

ഞായറാഴ്ച ബെംഗളൂരുവിൽ നടക്കുന്ന സെമി ഫൈനലിൽ സെൻട്രൽ സോണാണ് ഈസ്റ്റ് സോണിന്റെ എതിരാളികൾ.

Share This Article