facebook

തിരുവല്ല സ്വദേശിയായ 35 കാരൻ ന്യൂയോർക്കിൽ അന്തരിച്ചു

1 Min Read

ന്യൂയോർക്ക് ∙ തിരുവല്ല വെണ്ണിക്കുളം തെള്ളിയൂർ മാളിയകാമണ്ണിൽ കുടുംബാംഗമായ കിരൺ ഈശോ ജോർജ് (35) ന്യൂയോർക്കിൽ അന്തരിച്ചു. പരേതനായ ജോർജുകുട്ടി ഈശോയുടെയും ഷീബ ജോർജിന്റെയും മകനാണ്. സാന്ദ്രയാണ് സഹോദരി.

പഠനത്തിലും ജോലിയിലും മികവ്

പഠനത്തിൽ മികവ് പുലർത്തിയിരുന്ന കിരൺ എം.ടെക് പൂർത്തിയാക്കിയ ശേഷം കുവൈറ്റിൽ ജോലി ചെയ്തിരുന്നു. പിന്നീട് ഭാര്യ ടീനയോടൊപ്പം അമേരിക്കയിലെത്തിയ അദ്ദേഹം തുടർപഠനം പൂർത്തിയാക്കി. തുടർന്ന് ലൈസൻസ്ഡ് സ്റ്റേഷനറി എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു.

കുടുംബത്തിന് കരുത്തായിരുന്ന കിരൺ

ന്യൂയോർക്കിൽ കുടുംബസമേതം താമസിച്ചിരുന്ന കിരൺ ജീവിതത്തിലെ പുതിയ സന്തോഷങ്ങൾക്കായി കാത്തിരിക്കവെയാണ് അപ്രതീക്ഷിതമായി വിടപറഞ്ഞത്. പിതാവിന്റെ രോഗകാലത്തും കോവിഡ് കാലത്ത് അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷവും അമ്മയ്ക്കും സഹോദരിക്കും കിരൺ വലിയ താങ്ങും കരുത്തുമായിരുന്നു.

കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ഏറെ പ്രിയപ്പെട്ടവനായിരുന്ന കിരണിന്റെ സ്നേഹപൂർവമായ പെരുമാറ്റവും നിഷ്കളങ്കമായ ചിരിയും സൗഹൃദപരമായ ഇടപെടലുകളും അദ്ദേഹത്തെ പരിചയപ്പെട്ടവരുടെ മനസ്സിൽ എന്നും ഓർമയായി നിലനിൽക്കും.

സംസ്കാര ശുശ്രൂഷ 24ന്

കിരൺ ഈശോ ജോർജിന്റെ സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 24ന് രാവിലെ 10ന് അമേരിക്കൻ ഈസ്റ്റേൺ സമയം ന്യൂയോർക്കിലെ Park Funeral Chapels-ൽ നടക്കും. തുടർന്ന് Lindenhurst-ലെ Breslau Cemeteryയിൽ സംസ്കാരം നടത്തും.

Share This Article