facebook

കേരളത്തിലെ ജയിലുകളിൽ എട്ട് കുഞ്ഞുങ്ങൾ; രണ്ടുപേർ ജനിച്ചത് അമ്മമാർ തടവിൽ കഴിയുമ്പോൾ

2 Min Read
Photo: pexels.com/@ron-lach/

തിരുവനന്തപുരം: കേരളത്തിലെ ജയിലുകളിൽ അമ്മമാർക്കൊപ്പം കഴിയുന്നത് ആറു വയസ്സിൽ താഴെയുള്ള എട്ട് കുഞ്ഞുങ്ങൾ. ഏഴു മാസം മുതൽ അഞ്ചു വയസ്സുവരെ പ്രായമുള്ള ഇവരിൽ അഞ്ചുപേർ ആൺകുട്ടികളും മൂന്നുപേർ പെൺകുട്ടികളുമാണ്. രണ്ടുപേർ അമ്മമാർ ജയിലിൽ കഴിയുന്നതിനിടെ ജനിച്ചവരാണ്. മൂന്ന് കുട്ടികളുടെ അച്ഛനും അമ്മയും ഒരേസമയം തടവിൽ കഴിയുകയാണ്.

അഞ്ച് കുട്ടികൾ വിദേശ വനിതാ തടവുകാരുടെ മക്കൾ

ജയിലുകളിൽ കഴിയുന്ന എട്ട് കുട്ടികളിൽ അഞ്ചുപേർ ഘാന, ബ്രസീൽ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള വനിതാ തടവുകാരുടെ മക്കളാണ്. മാതാപിതാക്കൾക്ക് കോടതി ജാമ്യം അനുവദിച്ചിട്ടും വ്യവസ്ഥകൾ പാലിക്കാൻ കഴിയാത്തതിനാൽ പുറത്തിറങ്ങാനാകാത്ത സാഹചര്യത്തിലുള്ള രണ്ട് കുട്ടികളുമുണ്ട്.

സംസ്ഥാനത്ത് ഒരു തുറന്ന ജയിൽ ഉൾപ്പെടെ നാല് വനിതാ ജയിലുകളാണുള്ളത്. ഇതിൽ മൂന്നിടങ്ങളിലാണ് കുട്ടികളോടൊപ്പം കഴിയുന്ന വനിതാ തടവുകാരെ പാർപ്പിച്ചിരിക്കുന്നത്. പൂർണഗർഭിണികളായ രണ്ട് വനിതാ തടവുകാരും നിലവിൽ ജയിലുകളിലുണ്ട്.

കണ്ണൂർ ജയിലിൽ മൂന്ന് അമ്മമാർക്കൊപ്പം അഞ്ച് കുട്ടികൾ

കണ്ണൂർ ജയിലിൽ മൂന്ന് വനിതാ തടവുകാരികൾക്കൊപ്പം അഞ്ച് കുട്ടികളുണ്ട്. ഇവരിൽ ഏറ്റവും പ്രായം കുറഞ്ഞത് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട യുവതിയുടെ ഏഴു മാസം പ്രായമുള്ള കുഞ്ഞാണ്. അമ്മ ജയിലിൽ കഴിയുന്നതിനിടെയാണ് കുഞ്ഞ് ജനിച്ചത്. യുവതിയുടെ മൂത്ത കുട്ടിയും അമ്മയ്ക്കൊപ്പമുണ്ട്.

ലഹരിക്കേസിൽ റിമാൻഡിൽ കഴിയുന്ന ഘാന സ്വദേശിനിയുടെ രണ്ട് കുട്ടികളും കണ്ണൂർ ജയിലിലുണ്ട്. മറ്റൊരു റിമാൻഡ് തടവുകാരിക്കൊപ്പവും ഒരു പെൺകുട്ടി കഴിയുന്നു.

ബംഗ്ലാദേശ് ദമ്പതികളുടെ കുട്ടികൾ തിരുവനന്തപുരത്ത്

തിരുവനന്തപുരം ജയിലിൽ കഴിയുന്ന രണ്ട് കുട്ടികളുടെ മാതാപിതാക്കൾ ബംഗ്ലാദേശ് സ്വദേശികളാണ്. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള യാത്രാരേഖകളില്ലാത്തതിനാൽ അമ്മയും അച്ഛനും റിമാൻഡിൽ കഴിയുകയാണ്.

കോടതി നിർദേശപ്രകാരം മൂത്ത കുട്ടിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റിയിരുന്നു. അഞ്ചു വയസ്സുള്ള രണ്ടാമത്തെ കുട്ടിയെയും മാറ്റുന്നതിനായി അപേക്ഷ നൽകിയിട്ടുണ്ട്.

ദമ്പതികൾക്ക് കോടതി അടുത്തിടെ ജാമ്യം അനുവദിച്ചെങ്കിലും ജാമ്യത്തുകയും ജാമ്യക്കാരെയും ഉൾപ്പെടെയുള്ള വ്യവസ്ഥകൾ പാലിക്കാൻ കഴിയാത്തതിനാൽ പുറത്തിറങ്ങാനായിട്ടില്ല. കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ട് ഗർഭിണികളും തിരുവനന്തപുരം ജയിലിൽ തടവിലുണ്ട്.

ബ്രസീൽ സ്വദേശിനിയുടെ കുഞ്ഞ് വിയ്യൂർ ജയിലിൽ

ലഹരിക്കേസിൽ റിമാൻഡിലായിരിക്കെ ബ്രസീൽ സ്വദേശിനി ജയിലിൽ പ്രസവിച്ച കുഞ്ഞാണ് വിയ്യൂർ ജയിലിലുള്ളത്. 11 മാസം പ്രായമുള്ള കുഞ്ഞിന്റെ അച്ഛനും ഇതേ കേസിൽ സെൻട്രൽ ജയിലിൽ കഴിയുകയാണ്.

ആറു വയസ്സാകുന്നതോടെ കുട്ടികളെ മാറ്റണം

നിലവിലെ വ്യവസ്ഥകൾ പ്രകാരം ആറു വയസ്സുവരെ മാത്രമേ കുട്ടികൾക്ക് അമ്മമാർക്കൊപ്പം ജയിലിൽ കഴിയാനാകൂ. അതിനുശേഷം കുട്ടികളെ ബന്ധുക്കൾക്ക് കൈമാറുകയോ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റുകയോ വേണം.

അമ്മമാരുടെ തടവുജീവിതത്തിനൊപ്പം ബാല്യവും ജയിലിനുള്ളിൽ ചെലവഴിക്കേണ്ടിവരുന്ന ഈ കുട്ടികളുടെ ഭാവിയും പുനരധിവാസവും വീണ്ടും ചർച്ചയാകുകയാണ്.

Share This Article