facebook

പിണക്കത്തിന് മഞ്ഞുരുകുന്നു; മന്നം ജയന്തി ഉദ്ഘാടനം ചെയ്യാൻ വി.ഡി. സതീശൻ പെരുന്നയിൽ

2 Min Read
സുകുമാരൻ നായരും വിഡി സതീശനും

മുഖ്യമന്ത്രി വി.ഡി. സതീശനും എൻ.എസ്.എസ് നേതൃത്വവും തമ്മിലുള്ള പിണക്കത്തിന് മഞ്ഞുരുകുന്നതിന്റെ സൂചനയായി മന്നം ജയന്തി ആഘോഷം.

അടുത്തവർഷം ജനുവരി രണ്ടിന് പെരുന്നയിൽ നടക്കുന്ന മന്നത്ത് പത്മനാഭന്റെ 150-ാം ജയന്തി ആഘോഷം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

അഞ്ചുവർഷത്തിന് ശേഷമാണ് സതീശൻ പെരുന്നയിലെത്തുന്നത്.വി.ഡി. സതീശനും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും തമ്മിലുണ്ടായ മുൻകാല വാക്പോരുകളുടെ പശ്ചാത്തലത്തിൽ സമ്മേളനത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്.

വർഷങ്ങളായി നിലനിന്നിരുന്ന ഇരുവിഭാഗങ്ങൾക്കുമിടയിലെ അകൽച്ചയ്ക്ക് സമ്മേളനം മഞ്ഞുരുക്കമാകുമെന്നാണ് വിലയിരുത്തൽ.

സുകുമാരൻ നായർ ക്ഷണിച്ചു

മന്നം ജയന്തി ആഘോഷത്തിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാൻ ഫോണിൽ സംസാരിച്ചെന്ന് ജി. സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു.

വി.ഡി. സതീശനുമായി നിലവിൽ അഭിപ്രായവ്യത്യാസങ്ങളില്ലെന്നും പ്രശ്നങ്ങളെല്ലാം പറഞ്ഞ് അവസാനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി ഒന്നിനും രണ്ടിനുമാണ് പെരുന്നയിൽ മന്നം ജയന്തി ആഘോഷങ്ങൾ നടക്കുക. ജനുവരി രണ്ടിന് നടക്കുന്ന ജയന്തിദിന സമ്മേളനം വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

ജനുവരി ഒന്നിന് അഖിലകേരള നായർ പ്രതിനിധി സമ്മേളനവും നടക്കും. മുഖ്യമന്ത്രി ഉദ്ഘാടകനാകുന്ന സമ്മേളനത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ അതിഥിയായി പങ്കെടുക്കും.

വർഷങ്ങൾ നീണ്ട അകൽച്ച

പ്രതിപക്ഷ നേതാവായിരിക്കെ അഞ്ചുവർഷം മുൻപ് പെരുന്നയിലെത്തിയ വി.ഡി. സതീശന് എൻ.എസ്.എസ് ആസ്ഥാനത്ത് ഊഷ്മള സ്വീകരണം ലഭിച്ചിരുന്നില്ല.

മറ്റ് പ്രമുഖ കോൺഗ്രസ് നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് വിവരം. ഏറെനേരം കാത്തിരുന്ന ശേഷമാണ് സുകുമാരൻ നായർ സതീശനെയും നേതാക്കളെയും കാണാൻ തയ്യാറായതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

തുടർന്ന് സതീശനും എൻ.എസ്.എസ് നേതൃത്വവും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്ന സാഹചര്യമാണ് കേരളം കണ്ടത്.

ഇതിനിടെ ശശി തരൂരിന് എൻ.എസ്.എസ് ആസ്ഥാനത്ത് ക്ഷണം ലഭിച്ചതും വർഷങ്ങളായുള്ള അകൽച്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തലയുമായി സുകുമാരൻ നായർ വീണ്ടും അടുത്തതും ചർച്ചയായിരുന്നു.

കൂടിക്കാഴ്ചയെച്ചൊല്ലിയും തർക്കം

ഏറ്റവുമൊടുവിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി ജി. സുകുമാരൻ നായർ രംഗത്തെത്തിയിരുന്നു.

സതീശൻ അഹങ്കാരിയാണെന്നും ഇനി മുഖ്യമന്ത്രിയുടെ കാല് പിടിക്കാൻ ഇല്ലെന്നും ഇക്കഴിഞ്ഞ ജൂണിൽ സുകുമാരൻ നായർ തുറന്നടിച്ചിരുന്നു.

കൂടിക്കാഴ്ചയ്ക്കായി രണ്ടുതവണ എൻ.എസ്.എസ് നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടും അനുമതി ലഭിച്ചില്ലെന്നായിരുന്നു പരാതി.

ഈ രൂക്ഷ വിമർശനത്തിന് മുമ്പ് സുകുമാരൻ നായർ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലായിരുന്ന സമയത്ത് വി.ഡി. സതീശൻ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

English Summary : Chief Minister V.D. Satheesan will inaugurate the 150th birth anniversary celebrations of Mannath Padmanabhan at Perunna on January 2 next year. NSS General Secretary G. Sukumaran Nair said he had spoken to Satheesan over the phone to invite him and that there are currently no differences between them. The event is being viewed as a possible thaw in the strained relationship between Satheesan and the NSS leadership.

Share This Article