ശാന്തൻപാറ: ഇടുക്കി ശാന്തൻപാറയിൽ ഏലത്തോട്ടത്തിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചേറിലായർ സ്വദേശി റാണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വലതുകൈയും മുഖവും നഷ്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹം. വന്യമൃഗത്തിന്റെ ആക്രമണത്തിലാകാം മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നാട്ടുകാരാണ് ഏലത്തോട്ടത്തിനുള്ളിൽ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
രണ്ട് ദിവസമായി കാണാതായിരുന്നു
തോട്ടം തൊഴിലാളിയായ റാണിയെ രണ്ടുദിവസം മുമ്പാണ് കാണാതായത്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഏലത്തോട്ടത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
മൃതശരീരത്തിൽ വലതുകൈയും മുഖവും നഷ്ടപ്പെട്ട നിലയിലായിരുന്നെങ്കിലും കൊലപാതകമാണെന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. വന്യമൃഗത്തിന്റെ ആക്രമണത്തിലാകാം മരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണകാരണം സ്ഥിരീകരിക്കാൻ തുടർനടപടികൾ പുരോഗമിക്കുകയാണ്.
കുളത്തൂപ്പുഴയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തി
മറ്റൊരു സംഭവത്തിൽ കുളത്തൂപ്പുഴയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന രോഗിയായ സ്ത്രീയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സഹായം അഭ്യർഥിക്കാനോ ഭക്ഷണം ലഭ്യമാക്കാനോ കഴിയാത്തവിധം അവശയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
വീട്ടിൽനിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് പത്ത് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
66കാരിയുടെ മൃതദേഹം കണ്ടെത്തിയത് വീടിനുള്ളിൽ
അഞ്ചൽ റേഞ്ചിലെ കളങ്കുന്ന് വനമേഖലയുടെ അതിർത്തിപ്രദേശമായ ഇ.എസ്.എം നഗർ മരുതിമൂട് ചതുപ്പിൽ രജനി വിലാസത്തിൽ താമസിച്ചിരുന്ന ആർ. കനകം (66) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം തെന്മല ഇടമൺ ശാന്തിതീരത്തിൽ സംസ്കരിച്ചു.
English Summary: A missing plantation worker, Rani, was found dead inside a cardamom plantation in Santhanpara, Idukki. Her right hand and face were missing, and authorities suspect a possible animal attack. In a separate incident, a 66-year-old woman living alone in Kulathupuzha was found dead inside her house after neighbours noticed a foul smell.
