ധാക്ക: ബംഗ്ലദേശ് മുൻ വ്യോമസേന ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ് സൗരിയെ മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ, മരണത്തിന് ആഴ്ചകൾക്കുമുമ്പ് അദ്ദേഹം നൽകിയ പോഡ്കാസ്റ്റ് അഭിമുഖം വീണ്ടും ശ്രദ്ധ നേടുന്നു. ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന ആരോപണവും റോ ഏജന്റാണെന്ന പ്രചാരണവും അദ്ദേഹം അഭിമുഖത്തിൽ നിഷേധിച്ചിരുന്നു. ചൊവ്വാഴ്ച മുതൽ കാണാതായ തഹ്സിഫിന്റെ മൃതദേഹം ധാക്കയിലെ തുരാഗ് നദീതീരത്താണ് കണ്ടെത്തിയത്.
തഹ്സിഫ് സൗരി മരണം: ഹസീനയുടെ പലായന വിഡിയോ വിവാദം
2024ൽ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന സൈനിക ഹെലികോപ്റ്ററിൽ ഇന്ത്യയിലേക്ക് കടന്നതിന്റെ ദൃശ്യങ്ങൾ തഹ്സിഫ് സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തെന്നായിരുന്നു ആരോപണം. ഇതിനു പിന്നാലെ അദ്ദേഹം റോ ഏജന്റാണെന്ന തരത്തിലുള്ള പ്രചാരണവും ഉയർന്നിരുന്നു.
എന്നാൽ, താൻ വിഡിയോ പ്രചരിപ്പിച്ചുവെന്നതിന് എന്തെങ്കിലും തെളിവുണ്ടോയെന്ന് പോഡ്കാസ്റ്റിൽ തഹ്സിഫ് ചോദിച്ചു. താൻ പ്രചരിപ്പിച്ചതായി ആരോപിക്കപ്പെടുന്ന ദൃശ്യങ്ങൾ ഫ്ലൈറ്റ് ലെഫ്റ്റനന്റ് റിഫാത്ത് അഷ്റാഫിയാണ് പകർത്തിയതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
‘എല്ലാ കാര്യങ്ങളും എനിക്ക് വെളിപ്പെടുത്താനാകില്ല’
തനിക്കെതിരായ ആരോപണങ്ങളും സേനയിൽനിന്ന് പുറത്തുപോകേണ്ടിവന്ന സാഹചര്യവും തമ്മിൽ ബന്ധമുണ്ടാകാമെന്ന് തഹ്സിഫ് അഭിമുഖത്തിൽ പറഞ്ഞു.
ആരോപണങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തുറന്നുപറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ സാമൂഹികമായി വലിയ അപമാനവും ഉപദ്രവവും നേരിടേണ്ടിവന്നെന്നും വാർത്തകളുടെ തലക്കെട്ടും അവതരണരീതിയും വായനക്കാർക്കിടയിൽ തന്നെക്കുറിച്ച് തെറ്റായ ധാരണ സൃഷ്ടിച്ചെന്നും തഹ്സിഫ് ആരോപിച്ചു.
റോ ഏജന്റ് ആരോപണം നിഷേധിച്ച് തഹ്സിഫ്
റോ ഏജന്റാണെന്ന ആരോപണവും തഹ്സിഫ് തള്ളി. റോയുമായി ബന്ധമുണ്ടെങ്കിൽ താൻ എന്തിന് ബംഗ്ലദേശിൽ തുടരണമെന്നും പൊതുവേദികളിൽ സംസാരിക്കാൻ എത്തുമെന്നും അദ്ദേഹം ചോദിച്ചു.
തന്റെ ജനാധിപത്യ അവകാശമായ പാസ്പോർട്ട് തടഞ്ഞുവച്ചതിൽ വിഷമമുണ്ടെന്നും രണ്ടുവർഷത്തോളം ദുരിതം അനുഭവിക്കേണ്ടിവന്നെന്നും അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
സൈന്യത്തിന്റെ വിശദീകരണവും വീണ്ടും ചർച്ചയിൽ
തഹ്സിഫിന്റെ അഭിമുഖത്തിന് പിന്നാലെ ബംഗ്ലദേശ് സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് വിഭാഗമായ ഐഎസ്പിആർ 2025 ഓഗസ്റ്റ് 4ന് പുറത്തിറക്കിയ പ്രസ്താവനയും വീണ്ടും ശ്രദ്ധയിൽപ്പെട്ടു.
ഹസീന രാജ്യംവിടുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് തഹ്സിഫിനും ഫ്ലൈറ്റ് ലെഫ്റ്റനന്റ് റിഫാത്ത് അഷ്റാഫിക്കും എതിരെ നടപടി സ്വീകരിച്ചതെന്ന റിപ്പോർട്ടുകൾ ഐഎസ്പിആർ അന്ന് നിഷേധിച്ചിരുന്നു.
സുഹൃത്തിനൊപ്പം പുറത്തുപോയ തഹ്സിഫ് തിരിച്ചെത്തിയില്ല
ഹസീന സർക്കാരിന്റെ പതനത്തിനു പിന്നാലെ തഹ്സിഫ് സേനയിൽനിന്ന് വിരമിക്കാൻ നിർബന്ധിതനായിരുന്നുവെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച അമ്മയ്ക്കൊപ്പം ഷോപ്പിങ്ങിനു പോയ തഹ്സിഫ് പിന്നീട് സുഹൃത്തിന്റെ ഫോൺവിളിയെ തുടർന്ന് പുറത്തുപോയതായി കുടുംബം ബംഗ്ലദേശ് പത്രമായ പ്രോതോം അലോയോട് പറഞ്ഞു.
പിന്നീട് വീട്ടിൽനിന്നുള്ള ഫോൺവിളികൾക്ക് തഹ്സിഫ് മറുപടി നൽകിയില്ല. രാത്രി ഒന്നരയോടെ വീട്ടിലേക്ക് വരികയാണെന്ന് തഹ്സിഫിന്റെ ഫോണിൽനിന്ന് അമ്മയ്ക്ക് സന്ദേശം ലഭിച്ചെങ്കിലും അദ്ദേഹം തിരിച്ചെത്തിയില്ല.
തുടർന്ന് പിറ്റേന്ന് തുരാഗ് നദിയിൽ തഹ്സിഫിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൂക്കിൽനിന്ന് രക്തം വന്നതൊഴികെ ശരീരത്തിൽ മറ്റ് മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്.
English Summary:
Former Bangladesh Air Force officer K.M. Tahsif Souri was found dead near the Turag River in Dhaka after being reported missing. Following his death, a podcast interview recorded weeks earlier has gained renewed attention. In it, Tahsif denied allegations that he shared footage of Sheikh Hasina fleeing Bangladesh or that he was a RAW agent. He also spoke about the difficulties he faced after leaving the Air Force. The circumstances surrounding his death remain unclear.
