facebook

ഷാർജയിൽ സുസ്ഥിര നഗര മാതൃകയ്ക്ക് തുടക്കം; ഉറുക് സിറ്റി ഉദ്ഘാടനം ചെയ്തു

2 Min Read
കടപ്പാട് : വാം

ഷാർജയിൽ പുതിയ തലമുറയിലെ സുസ്ഥിര നഗര മാതൃകയായ “ഉറുക് സിറ്റി”യുടെ ഉദ്ഘാടനം ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർവഹിച്ചു.

ഇതോടൊപ്പം ‘ഷാർജ നെക്സ്റ്റ്’ ഫോറത്തിന്റെ രണ്ടാം പതിപ്പിനും തുടക്കമായി. ഷാർജ റിസർച്ച്, ടെക്നോളജി ആൻഡ് ഇന്നവേഷൻ പാർക്ക് (സ്‌പാർക്ക്) അധ്യക്ഷ ഷെയ്ഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

നിർമിതബുദ്ധിയും ആധുനിക സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിക്കുകയും ജനങ്ങൾക്ക് കൂടുതൽ ആരോഗ്യകരമായ ജീവിതസാഹചര്യങ്ങൾ ഒരുക്കുകയുമാണ് ഉറുക് സിറ്റിയുടെ ലക്ഷ്യം.

‘ലാബിൽ നിന്ന് വിപണിയിലേക്ക്’ എന്ന പ്രമേയം

ശാസ്ത്ര ഗവേഷണശാലകളിൽ വികസിപ്പിക്കുന്ന കണ്ടെത്തലുകൾ നേരിട്ട് വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടുദിവസത്തെ ഷാർജ നെക്സ്റ്റ് ഫോറം സംഘടിപ്പിച്ചത്. ‘ലാബിൽ നിന്ന് വിപണിയിലേക്ക്’ എന്നതായിരുന്നു ഇത്തവണത്തെ പ്രമേയം.

കഴിഞ്ഞ പത്ത് വർഷത്തിനിടെ 13,000 കമ്പനികളെ ആകർഷിക്കാനും 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും 50 കോടി ദിർഹത്തിലേറെ ഗവേഷണ നിക്ഷേപം നേടാനും സ്‌പാർക്കിന് കഴിഞ്ഞതായി സിഇഒ ഹുസൈൻ അൽ മഹ്‌മൂദി പറഞ്ഞു.

‘ഉറുക് 2.0’ പദ്ധതിയിലൂടെ വെള്ളം, കൃഷി, സ്മാർട്ട് സിറ്റികൾ തുടങ്ങിയ മേഖലകളിൽ നിർമിതബുദ്ധിയും സുസ്ഥിര സാങ്കേതികവിദ്യകളും ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾക്ക് പുതിയ ഘട്ടം തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2050-ഓടെ കാർബൺ നിഷ്പക്ഷത ലക്ഷ്യം

ഷാർജയിലെ സുസ്ഥിര വികസന മാതൃകകളെ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. ആംന ബിൻത് അബ്ദുല്ല അൽ ദഹാക് അൽ ഷംസി പ്രശംസിച്ചു.

2050-ഓടെ കാർബൺ പുറന്തള്ളലിൽ പൂർണ നിഷ്പക്ഷത കൈവരിക്കാനുള്ള യുഎഇയുടെ ദേശീയ ലക്ഷ്യങ്ങൾക്ക് ഇത്തരം സംരംഭങ്ങൾ പിന്തുണയാകുമെന്ന് മന്ത്രി പറഞ്ഞു.

മാലിന്യ പുനരുപയോഗം 100 ശതമാനമാക്കും

ബീഹൂയും സ്‌പാർക്കും സംയുക്തമായി ആരംഭിക്കുന്ന പുതിയ സുസ്ഥിര ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും ചടങ്ങിൽ പ്രഖ്യാപിച്ചു. ബീഹൂ സിഇഒ ഖാലിദ് അൽ ഹുറൈമലാണ് പ്രഖ്യാപനം നടത്തിയത്.

നിലവിൽ ഷാർജയിലെ 93 ശതമാനം മാലിന്യവും മറ്റ് ആവശ്യങ്ങൾക്കായി പുനരുപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഈ നിരക്ക് 100 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം.

മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിവിധ മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഷാർജ നെക്സ്റ്റ് മാഗസിന്റെ രണ്ടാം പതിപ്പും ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രകാശനം ചെയ്തു.

English Summary : Sharjah Ruler Sheikh Dr Sultan bin Muhammad Al Qasimi inaugurated Uruk City, a sustainable urban model designed to use artificial intelligence and technology to improve resource efficiency and quality of life. The second edition of the Sharjah Next Forum also began under the theme “From Lab to Market.” Sharjah Research, Technology and Innovation Park reported attracting 13,000 companies, creating 10,000 jobs and securing over AED 500 million in research investment over the past decade.

Share This Article