പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറ കൂരാങ്കാട്ടെ വാടകവീട്ടിലെ കുളിമുറിയിലെ സിമന്റ് ടാങ്കിൽ സഹോദരങ്ങളായ രണ്ടു കുട്ടികളെ മുക്കിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.
കുട്ടികളുടെ അമ്മ നിവേദ്യയുടെ ആൺസുഹൃത്താണ് പിടിയിലായത്.
കൊലപാതകത്തിന് നിവേദ്യയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
അമ്മയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയപ്പോഴാണ് കൊലപാതകത്തിൽ മറ്റൊരാളുടെ പങ്കിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.
കൊലപാതകത്തിന് സഹായം നൽകിയെന്ന് പൊലീസ്
കുടുംബം താമസിച്ചിരുന്ന വാടകവീടിന് സമീപം തന്നെയാണ് അറസ്റ്റിലായ ആൺസുഹൃത്തും താമസിച്ചിരുന്നത്.
കൊലപാതകത്തിന് നിവേദ്യയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് പ്രദേശത്തെ ചിലരെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.
കുട്ടികളുടെ അച്ഛന്റെ സഹോദരിക്കുണ്ടായ സംശയമാണ് സംഭവത്തിൽ അന്വേഷണം ശക്തമാക്കാൻ കാരണമായത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
സഹോദരങ്ങളെ മരിച്ചനിലയിൽ കണ്ടെത്തിയത് സെപ്റ്റംബർ 29ന്
വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരെയാണ് സെപ്റ്റംബർ 29ന് രാവിലെ പത്തരയോടെ വാടകവീട്ടിലെ കുളിമുറിയിലെ വെള്ളം നിറച്ച സിമന്റ് ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കുട്ടികൾ വെള്ളത്തിൽ വീണ് മുങ്ങിമരിച്ചതാണെന്നായിരുന്നു ആദ്യ നിഗമനം.
എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും തുടർന്നുള്ള അന്വേഷണത്തിലും മരണത്തിൽ സംശയം ഉയർന്നതോടെ പൊലീസ് അന്വേഷണം ശക്തമാക്കി.
അപകടമരണത്തിൽനിന്ന് കൊലപാതകത്തിലേക്ക്
കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ ഇരുവരെയും കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ കുട്ടികളെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയതായി നിവേദ്യ സമ്മതിച്ചതായാണ് പൊലീസ് അറിയിച്ചത്. ഇതോടെ സെപ്റ്റംബർ 30ന് നിവേദ്യയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടർ എസ്. രജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസിൽ അറസ്റ്റിലായ രണ്ടാമത്തെ പ്രതിയുടെ പങ്കും പൊലീസ് പരിശോധിച്ചുവരികയാണ്.
English Summary: A man described as the boyfriend of Nivedya, the mother accused of killing her two children in Kozhinjampara, has been arrested. Police say he allegedly assisted her in the crime. The investigation is ongoing.
