പത്തനംതിട്ട: പഴകുളത്ത് മദ്രസയിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒമ്പത് വയസ്സുകാരികളായ രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷണം തുടരുന്നു.
സംഭവത്തിൽ ഉപയോഗിച്ചതെന്ന് കരുതുന്ന വെള്ള നിറത്തിലുള്ള കാറിനെക്കുറിച്ച് അന്വേഷണസംഘത്തിന് ചില സൂചനകൾ ലഭിച്ചതായാണ് വിവരം. വാഹനത്തിന്റെ ദൃശ്യങ്ങൾ പരിശോധിക്കുന്ന പോലീസ്, കാർ കണ്ടെത്താനുള്ള ശ്രമവും ഊർജിതമാക്കി.
ബന്ധുക്കളാണെന്ന് പറഞ്ഞ് കാറിൽ കയറാൻ ആവശ്യപ്പെട്ടു
തിങ്കളാഴ്ച വൈകീട്ടാണ് പഴകുളത്ത് പരാതിക്കാസ്പദമായ സംഭവം നടന്നത്.
മദ്രസ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികൾ കനാൽ റോഡിലെ വിജനമായ, കാട് മൂടിയ പ്രദേശത്ത് എത്തിയപ്പോഴാണ് കാറിലെത്തിയവർ സമീപിച്ചത്.
ബന്ധുക്കളാണെന്നും കുട്ടികളുടെ ഉമ്മയെ അറിയാമെന്നും പറഞ്ഞ സംഘം വീട്ടിൽ കൊണ്ടുവിടാമെന്ന് വാഗ്ദാനം ചെയ്ത് കാറിൽ കയറാൻ ആവശ്യപ്പെട്ടതായാണ് കുട്ടികൾ പോലീസിന് നൽകിയ മൊഴി. എന്നാൽ, കുട്ടികൾ നിലവിളിച്ചുകൊണ്ട് ഓടി.
ഇത് കണ്ട സമീപവാസിയായ സ്ത്രീ ബഹളംവച്ചതോടെ കാർ വേഗത്തിൽ സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നുവെന്നാണ് പരാതി. കാറിൽ ഒരു പുരുഷനും സ്ത്രീയുമുണ്ടായിരുന്നുവെന്നും പെൺകുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് കുട്ടികളുടെ മാതാപിതാക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു.
കൊടുമൺ അങ്ങാടിക്കലിലും സമാന പരാതി
അതേസമയം, കൊടുമൺ അങ്ങാടിക്കൽ ഭാഗത്തും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. പഴകുളത്തെ സംഭവമുണ്ടായ അതേ ദിവസം രാവിലെയാണ് അഞ്ചാം ക്ലാസ് വിദ്യാർഥിയെ കാറിലെത്തിയവർ സമീപിച്ചതെന്നാണ് പരാതി.
ഒറ്റത്തേക്ക് കൊച്ചുകൽ ജങ്ഷനിൽവച്ച് കാറിലെത്തിയ സ്ത്രീയും പുരുഷനും കുട്ടിയെ സ്കൂളിൽ വിടാമെന്ന് പറഞ്ഞതായാണ് വിവരം. എന്നാൽ, കുട്ടി കാറിൽ കയറാൻ തയ്യാറാകാതിരുന്നതോടെ ഇവർ ശ്രമം ഉപേക്ഷിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
രണ്ട് സംഭവങ്ങൾക്കും പിന്നിൽ ഒരേ സംഘമോ?
ജില്ലയിലെ രണ്ട് സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്ത സംഭവങ്ങൾക്കു പിന്നിൽ ഒരേ സംഘമാണോ എന്ന സംശയത്തിലാണ് പോലീസ്. രണ്ടിടങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം, സംഭവങ്ങളിൽ ഒരേ സംഘം ഉൾപ്പെട്ടിട്ടുണ്ടെന്നതിന് സ്ഥിരീകരണമില്ല. വാഹനവും അതിലുണ്ടായിരുന്നവരെയും കണ്ടെത്തിയ ശേഷമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ. കുട്ടികളെ സമീപിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് അന്വേഷണം തുടരുകയാണ്.
English Summary:
Police are investigating complaints of attempted child abductions in Pazhakulam and Kodumon Angadikkal in Pathanamthitta district. In Pazhakulam, two nine-year-old girls reportedly escaped after people in a white car asked them to get in. A separate complaint concerns an attempted abduction of a fifth-grade student. Police are examining CCTV footage to determine whether the incidents are connected.
