facebook

ഹലീമ സൽമാൻ കുറ്റക്കാരി; ഐഎസ് കേസിൽ ശിക്ഷ ഫെബ്രുവരി രണ്ടിന്

2 Min Read

ന്യൂയോർക്ക്: കൗമാരപ്രായത്തിൽ പിതാവ് സിറിയയിലെത്തിച്ചെന്നും പിന്നീട് ഐഎസ് ഭീകരനുമായി വിവാഹം കഴിപ്പിച്ചെന്നും പറയുന്ന ഹലീമ സൽമാൻ ഭീകരസംഘടനയുമായി ബന്ധപ്പെട്ട കേസിൽ കുറ്റക്കാരിയെന്ന് യുഎസ് കോടതി കണ്ടെത്തി.

ആയുധപരിശീലനം നേടിയതും ഐഎസിനോട് കൂറ് പുലർത്തിയതുമടക്കമുള്ള ആരോപണങ്ങളാണ് കേസിൽ ഉയർന്നത്. കുറ്റം തെളിഞ്ഞതോടെ 10 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ശിക്ഷാവിധി അടുത്ത ഫെബ്രുവരി രണ്ടിലേക്ക് മാറ്റി.

ഹലീമ സൽമാന്റെ ജീവിതം മാറിമറിഞ്ഞത് 2017ൽ

ബ്രൂക്ലിനിൽ ജനിച്ചുവളർന്ന ഹലീമയ്ക്ക് 17 വയസ്സുള്ളപ്പോഴാണ് ജീവിതത്തിൽ നിർണായക വഴിത്തിരിവുണ്ടായതെന്നാണ് റിപ്പോർട്ട്.

തുർക്കിയിലെ ബന്ധുക്കളെ സന്ദർശിക്കാനാണെന്ന് പറഞ്ഞ് പിതാവ് കുടുംബത്തെ യാത്രയ്ക്ക് കൊണ്ടുപോയെങ്കിലും പിന്നീട് സിറിയയിലെത്തിച്ചെന്നാണ് ഹലീമ കോടതിയിൽ പറഞ്ഞത്.

സിറിയയിലെത്തിയശേഷം ഐഎസ് ഭീകരനുമായി വിവാഹം നടന്നതായും അവർ ആരോപിച്ചു. 2019ൽ സിറിയയിലെ ബാഗൂസിൽവച്ച് ഐഎസ് വിരുദ്ധ സേന ഹലീമയെ കസ്റ്റഡിയിലെടുത്തു.

തുടർന്ന് 2024ൽ ന്യൂയോർക്കിലേക്ക് മടങ്ങിയെത്തിയപ്പോൾ യുഎസ് അധികൃതർ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.

ആയുധപരിശീലനവും ഐഎസിനോടുള്ള കൂറും; പ്രോസിക്യൂഷന്റെ വാദം

ഹലീമയ്ക്ക് ഐഎസിനോട് കൂറുണ്ടായിരുന്നുവെന്നും സംഘടനയുടെ പ്രവർത്തനങ്ങളിൽ സ്വമേധയാ പങ്കെടുത്തിരുന്നുവെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.

റൈഫിൾ കൈവശം വച്ചിരിക്കുന്ന ഹലീമയുടെ ദൃശ്യങ്ങളും ഐഎസ് പതാകയ്ക്കരികിൽ നിൽക്കുന്ന ചിത്രങ്ങളും ഭർത്താവിന് അയച്ച സന്ദേശങ്ങളും തെളിവായി ഹാജരാക്കിയതായാണ് റിപ്പോർട്ട്.

ആയുധം ഉപയോഗിക്കാൻ ഹലീമ പരിശീലനം നേടിയിരുന്നുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ക്രോസ് വിസ്താരത്തിനിടെ ഒസാമ ബിൻ ലാദനെക്കുറിച്ചുള്ള ഒരു ഗാനം ഭർത്താവിന് അയച്ചുകൊടുത്തിരുന്നുവെന്ന് ഹലീമ സമ്മതിച്ചതായും റിപ്പോർട്ടിലുണ്ട്.

എന്നാൽ, ഭർത്താവിന്റെ നിർദേശപ്രകാരമാണ് തോക്ക് കൈവശം വച്ചതെന്നായിരുന്നു ഹലീമയുടെ വിശദീകരണം.

പിതാവും ഭർത്താവും നിർബന്ധിച്ചെന്ന് പ്രതിഭാഗം

ഐഎസിൽ ചേരാൻ താൻ സ്വമേധയാ തീരുമാനിച്ചതല്ലെന്നും പിതാവും പിന്നീട് ഭർത്താവും നിർബന്ധിത സാഹചര്യത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.

തുർക്കിയിലെ ബന്ധുക്കളെ സന്ദർശിക്കാനാണ് യാത്രയെന്ന് കരുതിയിരുന്ന ഹലീമ, വാഹനം സിറിയയിലേക്ക് കടന്നതോടെയാണ് യഥാർഥ സാഹചര്യം മനസ്സിലാക്കിയതെന്ന് കോടതിയിൽ മൊഴി നൽകിയതായാണ് റിപ്പോർട്ട്.

യാത്രയ്ക്കിടെ മുഖംമൂടി ധരിച്ച സായുധർ തങ്ങളെ വളഞ്ഞതോടെ ഭയവും ആശയക്കുഴപ്പവും അനുഭവപ്പെട്ടുവെന്നും അവർ പറഞ്ഞു.

ഭർത്താവിന്റെ നിർദേശങ്ങൾ അനുസരിക്കാൻ നിർബന്ധിതയായിരുന്നുവെന്നും അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാൽ കൊല്ലപ്പെടുമെന്ന ഭയമുണ്ടായിരുന്നുവെന്നും ഹലീമ അവകാശപ്പെട്ടു.

18-ാം വയസ്സിൽ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചപ്പോൾ എതിർത്തതായും വിവാഹമോചനത്തിനായി പലതവണ ശ്രമിച്ചതായും അവർ കോടതിയെ അറിയിച്ചു. സംഭവങ്ങൾക്ക് പ്രധാനമായും പിതാവിനെയാണ് കുറ്റപ്പെടുത്തുന്നതെന്നും ഹലീമ പറഞ്ഞു.

ശിക്ഷാവിധി ഫെബ്രുവരി രണ്ടിന്

കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയെങ്കിലും ഹലീമയ്ക്കുള്ള അന്തിമ ശിക്ഷ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത ഫെബ്രുവരി രണ്ടിനാണ് ശിക്ഷാവിധി പ്രഖ്യാപിക്കുക. കോടതി വിധി കേട്ടതോടെ ഹലീമയും അമ്മയും കോടതിമുറിയിൽ പൊട്ടിക്കരഞ്ഞതായും റിപ്പോർട്ടിലുണ്ട്.

അതേസമയം, ഭീകരസംഘടനയ്ക്കൊപ്പം ചേർന്നതിന് ഹലീമ സൽമാൻ നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്ന് ബ്രൂക്ലിനിലെ യുഎസ് അറ്റോർണി ജോസഫ് നോസെല്ല ജൂനിയർ പ്രസ്താവനയിൽ പറഞ്ഞു.

English Summary: A US court has found Halima Salman guilty in a case linked to ISIS activities and weapons training. Her defence argued that she was taken to Syria as a teenager and forced into circumstances she could not escape. Sentencing is scheduled for February 2, with a prison term of up to 10 years reportedly possible.

Share This Article