facebook

വോട്ടർപട്ടിക ക്രമക്കേടിൽ പ്രതിഷേധം ഇരമ്പുന്നു: ധ്രുവ് റാഠിയും പ്രകാശ് രാജും സമരപ്പന്തലിൽ

2 Min Read

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഇന്ത്യാസഖ്യത്തിന്റെ പ്രതിഷേധം തുടരുന്നതിനിടെ ബെംഗളൂരുവിലും സമാന്തര സമരം ശക്തമാകുന്നു. വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ബെംഗളൂരുവിലെ ഫ്രീഡം പാർക്കിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

രണ്ടായിരത്തോളം ആളുകളാണ് ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന മുദ്രാവാക്യവുമായി സമരപ്പന്തലിലേക്ക് എത്തിയത്.​സാംസ്‌കാരിക-സാമൂഹിക മേഖലകളിൽ നിന്നുള്ള പ്രമുഖർ സിജെപിയുടെ പ്രതിഷേധത്തിന് പിന്തുണയുമായി സ്ഥലത്തെത്തി.

യുട്യൂബർ ധ്രുവ് റാഠി, നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് എന്നിവരുടെ സാന്നിധ്യം സമരത്തിന് വലിയ ശ്രദ്ധ നേടിക്കൊടുത്തു. പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ സിജെപി നടത്തിയ ആദ്യ സമരത്തിലും പ്രകാശ് രാജ് പങ്കാളിയായിരുന്നു.​

തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ധ്രുവ് റാഠിയും പ്രകാശ് രാജും​

ധ്രുവ് റാഠി ഇതാദ്യമായാണ് ഒരു പൊതുപ്രതിഷേധത്തിന്റെ ഭാഗമാകുന്നത്. ഗ്യാനേഷ് കുമാർ വഞ്ചകനാണെന്ന് ആരോപിച്ച ധ്രുവ് റാഠി, എസ്ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷന്റെ ഭാഗത്തുനിന്ന് സുതാര്യതയോ ഉത്തരവാദിത്തമോ ഉണ്ടാകുന്നില്ലെന്നും കുറ്റപ്പെടുത്തി.

എന്നാൽ ഭരണമാറ്റത്തിന് വേണ്ടിയല്ല താൻ സമരത്തിൽ പങ്കെടുക്കാൻ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.​പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നിർദേശപ്രകാരമാണ് ഗ്യാനേഷ് കുമാർ പ്രവർത്തിക്കുന്നതെന്ന് നടൻ പ്രകാശ് രാജ് ആരോപിച്ചു.

വോട്ടർപട്ടികയിലെ അപാകതകൾ വെറും വോട്ട് വെട്ടിമാറ്റൽ മാത്രമല്ലെന്നും, പൗരന്മാരുടെ അന്തസ്സിനും അവകാശങ്ങൾക്കും നേരെയുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ എസ്ഐആർ നടപടികൾ അടിയന്തരമായി റദ്ദാക്കണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു.

​English Summary​: The Cockroach Janata Party (CJP) held a parallel protest at Bengaluru’s Freedom Park demanding the resignation of Chief Election Commissioner Gyanesh Kumar over alleged irregularities in the voters’ list. Around 2,000 people attended the demonstration, supported by prominent figures including YouTuber Dhruv Rathee and actor-activist Prakash Raj. The leaders criticized the Election Commission’s lack of transparency and called for the immediate cancellation of the SIR process.

Share This Article