facebook

നേപ്പാൾ മഹാപ്രളയം; ഒമ്പത് ദിവസത്തിന് ശേഷം രണ്ട് പേർക്ക് രക്ഷ

3 Min Read

കാഠ്മണ്ഡു: നേപ്പാൾ മഹാപ്രളയത്തിനിടെ ടണലിൽ കുടുങ്ങിയ രണ്ട് തൊഴിലാളികൾക്ക് ഒമ്പത് ദിവസത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിവരവ്. ഭക്ഷണമോ വെള്ളമോ ഇല്ലാതെ, ടണലിനുള്ളിൽ ലഭിച്ച നേരിയ ജീവവായുവിനെ ആശ്രയിച്ചാണ് സഞ്ജയ് ഷാ (30), കബീർ മഹാർജൻ (45) എന്നിവർ ഇത്രയും ദിവസം അതിജീവിച്ചത്.

ഓഗസ്റ്റ് 26ന് ഉണ്ടായ പ്രളയത്തിലാണ് അപ്പർ ത്രിശൂലി 3എ ജലവൈദ്യുത നിലയത്തിന്റെ ടണലിൽ ഇരുവരും കുടുങ്ങിയത്. ജന്മാഷ്ടമി ദിനത്തിൽ പൊലീസ്, സൈന്യം എന്നിവയുടെ നേതൃത്വത്തിലുള്ള രക്ഷാസംഘം ഇരുവരെയും പുറത്തെടുത്തു.

170 മീറ്റർ അകത്ത് മണ്ണിനടിയിൽ

പർവതം തുരന്നുണ്ടാക്കിയ 4.5 കിലോമീറ്റർ നീളമുള്ള ടണലിൽ 170 മീറ്റർ അകത്താണ് ഇരുവരും കുടുങ്ങിയത്. കാഠ്മണ്ഡുവിലെ ആർമി ആശുപത്രിയിൽ ചികിത്സയിലുള്ള ഇരുവരുടെയും ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്.

ഇതോടെ ടണലിൽ കുടുങ്ങിയതായി കരുതുന്ന നൂറുകണക്കിന് തൊഴിലാളികളെയും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇതിനിടെ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഒരു തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി.

ശബ്ദം പിന്തുടർന്ന് രക്ഷാസംഘം

എൻജിനീയറിങ് സാങ്കേതികവിദ്യ, മാപ്പുകൾ, ഉപഗ്രഹ ചിത്രങ്ങൾ, ഹെലികോപ്റ്ററിൽനിന്നുള്ള ദൃശ്യങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് ചെളിയിൽ മൂടിപ്പോയ ടണലിന്റെ പ്രവേശന കവാടം കണ്ടെത്തിയത്.

തുടർന്ന് മണ്ണും കാറിനോളം വലിപ്പമുള്ള പാറകളും നീക്കം ചെയ്തു. ആവശ്യമായ ഇടങ്ങളിൽ നിയന്ത്രിതമായി പാറകൾ പൊട്ടിക്കുകയും പുറത്തേക്ക് ഒഴുകിയ വെള്ളം പമ്പ് ചെയ്ത് മാറ്റുകയും ചെയ്തു.

അവശിഷ്ടങ്ങൾക്കിടയിലൂടെ ഒരാൾക്ക് കടന്നുപോകാൻ കഴിയുന്ന തരത്തിൽ ചെറിയ തുരങ്കവും സൃഷ്ടിച്ചു. ഇതിനിടെയാണ് രക്ഷാപ്രവർത്തകർക്ക് മനുഷ്യശബ്ദം കേൾക്കാനായത്.

‘വിഷമിക്കേണ്ട, ഞങ്ങൾ രക്ഷിക്കും’

മനുഷ്യശബ്ദം കേട്ടതോടെ സൈനികർ ഉറക്കെ വിളിച്ച് ആശ്വസിപ്പിച്ചു. ‘വിഷമിക്കേണ്ട, ഞങ്ങൾ നിങ്ങളെ രക്ഷിക്കും’ എന്നായിരുന്നു സൈനികരുടെ സന്ദേശം.

ഇതിന് പതിഞ്ഞ സ്വരത്തിൽ ‘ശരി’ എന്ന മറുപടിയും ലഭിച്ചു. തുടർന്ന് രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കി ആദ്യം സഞ്ജയ് ഷായെയും പിന്നാലെ കബീർ മഹാർജനെയും പുറത്തെടുത്തു.

‘പുറത്തെത്തിയപ്പോൾ ആദ്യം ചോദിച്ചത് ദിവസം’

അപകടസമയത്ത് ടണലിലെ കൺട്രോൾ റൂമിലായിരുന്നു താനെന്ന് സഞ്ജയ് ഷാ പറഞ്ഞു. രക്ഷപ്പെടുന്നതിന് പകരം മറ്റുള്ളവരെ രക്ഷിക്കാനാണ് ആദ്യം ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്വാസം ലഭിക്കാനായി കൊടുംതണുപ്പിനിടെ ചെളിയിലൂടെ നീങ്ങേണ്ടിവന്നെന്നും പരിക്കേറ്റതായും സഞ്ജയ് പറഞ്ഞു. ചുറ്റുമുണ്ടായിരുന്ന ആറ് പേരെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒമ്പത് ദിവസത്തിന് ശേഷം പുറത്തെത്തിയപ്പോൾ സഞ്ജയ് ആദ്യം ചോദിച്ചത് ‘ഇന്ന് ഏത് ദിവസമാണ്?’ എന്നായിരുന്നു. പ്രതിസന്ധിയുടെ നാളുകളിൽ ‘ഹരേ കൃഷ്ണാ’ എന്ന നാമം ഉരുവിട്ടാണ് ഇരുവരും ധൈര്യം നിലനിർത്തിയതെന്നാണ് റിപ്പോർട്ട്.

നൂറുകണക്കിന് പേരെ കണ്ടെത്താൻ പ്രതീക്ഷ

രക്ഷാപ്രവർത്തനത്തിന് ഉത്തരാഖണ്ഡ് ദുരന്തത്തിലെ രക്ഷാദൗത്യത്തിൽ പ്രവർത്തിച്ച ആർനോൾഡ് ഡിക്സ് ഉൾപ്പെടെയുള്ള വിദഗ്ധരും നിർദേശങ്ങൾ നൽകുന്നുണ്ട്.

അതേസമയം, നേപ്പാളിലും ടിബറ്റിലുമായി ഉണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നതായാണ് പുറത്തുവരുന്ന കണക്ക്. 1,326 പേർ മരിച്ചതായും 5,339 പേരെ കാണാതായതായും കണക്കുകൾ വ്യക്തമാക്കുന്നു.

കാണാതായവരിൽ 601 പേർ വിദേശികളും 275 പേർ ഇന്ത്യക്കാരുമാണെന്നാണ് കണക്ക്. ജലവൈദ്യുത പദ്ധതികളുടെ ടണലുകളിൽ മാത്രം 500 പേർ കുടുങ്ങിയതായാണ് റിപ്പോർട്ട്.

English Summary:
Two workers, Sanjay Shah and Kabir Maharjan, were rescued after surviving nine days trapped 170 metres inside a tunnel of the Upper Trishuli 3A hydropower project following a major flood in Nepal. Rescue teams used engineering techniques, satellite imagery and other resources to locate the tunnel entrance. Both are recovering at an Army hospital in Kathmandu.

Share This Article