തിരുവനന്തപുരം: സർക്കാർ സ്കൂളുകളിലെ അധ്യാപക നിയമനത്തിനുള്ള അധ്യാപക റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കാൻ മന്ത്രിസഭാ യോഗം പി.എസ്.സിയോട് ശുപാർശ ചെയ്തു. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന 18 റാങ്ക് പട്ടികകൾക്കാണ് ദീർഘിപ്പിക്കൽ ശുപാർശ.
അധ്യാപക റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ ശുപാർശ
അധികാരമേറ്റെടുത്തപ്പോൾ ഓഗസ്റ്റ് 31നകം റദ്ദാകുന്ന എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയിരുന്നു.
എന്നാൽ, സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന പ്രീ-പ്രൈമറി, പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി അധ്യാപക റാങ്ക് പട്ടികകൾക്ക് വീണ്ടും കാലാവധി നീട്ടാനാണ് ശുപാർശ.
സെൻസസ് ഡ്യൂട്ടി, ബി.എൽ.ഒ ചുമതലകൾ, അന്തർജില്ലാ സ്ഥലംമാറ്റത്തിലെ കാലതാമസം, തസ്തിക നിർണയം വൈകിയത്, ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതിലെ കാലതാമസം എന്നിവ കാരണം മതിയായ നിയമനങ്ങൾ നടന്നില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
കാലാവധി നീട്ടിയാലും ഒഴിവുകൾ കൂടുന്നില്ല
അതേസമയം, റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയാലും ഒഴിവുകളിൽ കാര്യമായ വർധനയില്ലാത്തതാണ് ഉദ്യോഗാർഥികളെ ആശങ്കപ്പെടുത്തുന്നത്. കാലാവധി നീട്ടുന്ന പട്ടികകളിൽ പലതും ജില്ലാതല റാങ്ക് ലിസ്റ്റുകളാണ്. അതിനാൽ നിയമനം ഉറപ്പാണെന്ന് പറയാനാകില്ല.
കൊല്ലം ജില്ലയിൽ യു.പി വിഭാഗത്തിൽ 30ഉം എൽ.പി വിഭാഗത്തിൽ 58ഉം ഒഴിവുകളാണുള്ളത്. ഓരോ റാങ്ക് പട്ടികയിലും ഇരുന്നൂറോളം പേരുണ്ട്.
എന്നാൽ വിദ്യാർഥികളുടെ എണ്ണം കണക്കാക്കിയപ്പോൾ യു.പി വിഭാഗത്തിൽ 59ഉം എൽ.പി വിഭാഗത്തിൽ 69ഉം അധ്യാപക തസ്തികകൾ കുറഞ്ഞു.
850 അധ്യാപക തസ്തികകൾ അധികമെന്ന് കണക്ക്
പുറത്തായ അധ്യാപകർക്ക് പുതിയ ഒഴിവുകളിൽ നിയമനം നൽകേണ്ട സാഹചര്യമാണുള്ളത്. ഇത്തരത്തിൽ സംസ്ഥാനത്താകെ 850 അധ്യാപക തസ്തികകൾ അധികമുണ്ടെന്നാണ് കണക്ക്.
ഇവർക്ക് നിയമനം നൽകിയതിന് ശേഷമേ റാങ്ക് ലിസ്റ്റിൽനിന്ന് പുതിയ നിയമനം നടത്താൻ കഴിയൂ. അതിനാൽ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾക്ക് കാലാവധി നീട്ടിയാലും നിയമന സാധ്യത സംബന്ധിച്ച് ആശങ്ക തുടരുകയാണ്.
പുതിയ നിയമനം നടക്കണമെങ്കിൽ അധ്യാപക-വിദ്യാർഥി അനുപാതം 1:30ൽ നിന്ന് 1:25 ആയി കുറയ്ക്കേണ്ടിവരും. എന്നാൽ ഇത് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതിനാൽ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല.
കാലാവധി നീട്ടുന്ന 18 റാങ്ക് പട്ടികകൾ
പ്രീ-പ്രൈമറി
- പ്രീ-പ്രൈമറി ടീച്ചർ – 519/2019
യു.പി വിഭാഗം
- പാർട്ട് ടൈം അറബിക് – 402/2020
- യു.പി ഫിസിക്കൽ എജ്യുക്കേഷൻ – 525/2019
ഹൈസ്കൂൾ വിഭാഗം
- സോഷ്യൽ സയൻസ് – 203/2021
- മലയാളം – 255/2021
- ഹിന്ദി – 562/2021
- ഇംഗ്ലീഷ് – 254/2021
- മാത്സ് – 383/2020
- നാച്ചുറൽ സയൻസ് – 384/2020
- ഫുൾടൈം ജൂനിയർ അറബിക് – 520/2019
- പാർട്ട് ടൈം ഹിന്ദി – 422/2019
- ഡ്രോയിങ് – 524/2019
ഹയർ സെക്കൻഡറി വിഭാഗം
- ഇംഗ്ലീഷ് – 728/2021
- ഇംഗ്ലീഷ് ജൂനിയർ – 730/2021
- ഹിസ്റ്ററി – 486/2019
- ജൂനിയർ സുവോളജി – 738/2021
- ജൂനിയർ ജിയോഗ്രഫി – 736/2021
- ജൂനിയർ ബോട്ടണി – 737/2021
English Summary
The Kerala Cabinet has recommended extending the validity of 18 PSC rank lists for government school teacher appointments by six months. The lists cover pre-primary, primary, high school and higher secondary teaching posts.
The extension is being recommended because appointments were delayed due to census and BLO duties, delays in inter-district transfers, staff fixation and reporting vacancies to the PSC. However, candidates remain concerned because extending the lists does not automatically increase vacancies. Around 850 teacher posts are reportedly already in excess across the state.
