കർണാടകയിലെ ഷിമോഗയിൽ ദസറ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ജംബൂ സവാരിക്കിടെ സോമണ്ണ എന്ന ആന ഇടഞ്ഞോടി. 650 കിലോഗ്രാം ഭാരമുള്ള വെള്ളി അമ്പാരി വഹിച്ചിരുന്ന ആനയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടിവച്ച് തളച്ചു.
ആനയുടെ പുറത്തുനിന്ന് താഴെവീണ ചാവുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം വഹിച്ചിരുന്ന അമ്പാരി ഭാഗികമായി തകർന്നു. ആന വിരണ്ടോടുന്നതിനിടെ നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ഷിമോഗയിൽ ആന വിരണ്ടോടി; ജംബൂ സവാരി റദ്ദാക്കി
ദസറ ഘോഷയാത്രയ്ക്കിടെയാണ് സോമണ്ണ നിയന്ത്രണം വിട്ട് ഓടിയത്. അമ്പാരിയുടെ ഭാരവും ഘോഷയാത്രയ്ക്കിടയിലെ ബഹളവും ആനയെ പ്രകോപിപ്പിച്ചെന്നാണ് പ്രാഥമിക വിവരം.
ആന പെട്ടെന്ന് മുന്നോട്ടോടിയതോടെ പരിഭ്രാന്തരായ ആളുകൾ ചിതറിയോടി.വിരണ്ടോടിയ ആന പ്രദേശത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾ തകർത്തു.
സംഭവത്തിൽ പാപ്പാൻ ഉൾപ്പെടെ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആനയെ നിയന്ത്രണവിധേയമാക്കുന്നതിനുള്ള ശ്രമങ്ങൾ നീണ്ടതോടെ ദസറ ജംബൂ സവാരി പാതിവഴിയിൽ റദ്ദാക്കി.
അവസാന നിമിഷം അമ്പാരി വഹിക്കാൻ നിയോഗിച്ചത് സോമണ്ണയെ
ആദ്യം അമ്പാരി വഹിക്കാൻ നിശ്ചയിച്ചിരുന്നത് സാഗർ എന്ന ആനയെയായിരുന്നു. എന്നാൽ കാലുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സാഗറിന് പകരം അവസാന നിമിഷം സോമണ്ണയെ നിയോഗിക്കുകയായിരുന്നു.
650 കിലോഗ്രാം ഭാരമുള്ള വെള്ളി അമ്പാരിയിൽ ചാവുണ്ഡേശ്വരി ദേവിയുടെ വിഗ്രഹമാണ് ഉണ്ടായിരുന്നത്. ആന വിരണ്ടോടുന്നതിനിടെ പുറത്തുനിന്ന് അമ്പാരി താഴെവീഴുകയും ഭാഗികമായി തകരുകയും ചെയ്തു.
മയക്കുവെടിവച്ച് തളച്ചു; ആരോഗ്യനില തൃപ്തികരം
വനംവകുപ്പ് ഉദ്യോഗസ്ഥർ ഏറെ നേരം നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് സോമണ്ണയെ മയക്കുവെടിവച്ച് തളച്ചത്. നിലവിൽ കോട്ടെ സീതാരാമാഞ്ജനേയ ക്ഷേത്രത്തിന് സമീപം വിശ്രമിക്കുന്ന ആനയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
ഷിമോഗ പൊലീസ് സൂപ്രണ്ട്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
English Summary: An elephant named Somanna ran amok during the Jamboo Savari procession held as part of the Dasara celebrations in Shivamogga, Karnataka, while carrying a 650-kg silver howdah. Forest department officials eventually tranquilised the elephant, and the howdah carrying the idol of Goddess Chamundeshwari was partially damaged. Several vehicles were damaged, but preliminary reports said no one, including the mahout, was injured. Authorities said the elephant’s condition was stable.
