തിരുവനന്തപുരം: സെൻട്രൽ ജയിൽ സംവിധാനത്തിൽ അടിയന്തര മാറ്റങ്ങൾ വേണമെന്ന് ജയിൽ സുരക്ഷ പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ ശുപാർശ. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ സമിതി പത്തനംതിട്ടയിൽ പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കണമെന്നും പൂജപ്പുര, കണ്ണൂർ സെൻട്രൽ ജയിലുകൾ മാറ്റണമെന്നും നിർദേശിച്ചു.
ലാഭകരമല്ലാത്തതോ പാട്ടക്കാലാവധി കഴിഞ്ഞതോ ആയ തോട്ടങ്ങൾ ഏറ്റെടുത്ത് ജയിലുകൾ സ്ഥാപിക്കാമെന്നാണ് ശുപാർശ. പ്ലാന്റേഷൻ കോർപറേഷന്റെ ലാഭകരമല്ലാത്ത തോട്ടങ്ങളും ഇതിനായി പരിഗണിക്കാം.
സെൻട്രൽ ജയിൽ സ്ഥാപിക്കാൻ തോട്ടഭൂമി പരിഗണിക്കും
പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നതിനാൽ നിലവിലുള്ള ജയിലുകളുടെ ശേഷി കൂട്ടി നവീകരിക്കണമെന്നും സമിതി നിർദേശിച്ചു. വിയ്യൂർ ജയിൽ ഉൾപ്പെടെ അടിയന്തരമായി നവീകരിക്കേണ്ടതുണ്ട്.
സംസ്ഥാനത്തെ എല്ലാ ജയിലുകളിലും അനുവദനീയ ശേഷിയേക്കാൾ 20 ശതമാനത്തിലേറെ തടവുകാരുണ്ടെന്നാണ് സമിതിയുടെ വിലയിരുത്തൽ. അതിനാൽ പുതിയ ജയിലുകൾക്കൊപ്പം നിലവിലുള്ള സംവിധാനങ്ങളും ശക്തിപ്പെടുത്തണം.
ജയിലുകളിൽ കൃഷിയും ഫാം വ്യവസായവും
തടവുകാരെ ഉപയോഗിച്ച് തോട്ടങ്ങളിൽ കൃഷിപ്പണി നടത്താമെന്നും സമിതി ചൂണ്ടിക്കാട്ടി. പച്ചക്കറി കൃഷി, കോഴിഫാം, പാലുത്പാദനം തുടങ്ങിയവ ആരംഭിക്കാം.
കൂടാതെ, തുറന്ന ജയിലുകളുടെ മാതൃകയിൽ ഫാം ഇൻഡസ്ട്രിയും വികസിപ്പിക്കാം. ഇതിലൂടെ വിഷരഹിത പച്ചക്കറികൾ ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങൾ ലഭ്യമാക്കാനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും കഴിയുമെന്ന് ശുപാർശയിൽ പറയുന്നു.
മൂന്നുനില കെട്ടിടവും സെൻട്രൽ ടവറും
പുതിയ ജയിലുകൾ മൂന്നുനിലകളിലായി നിർമിക്കണമെന്നാണ് മറ്റൊരു നിർദേശം. നടുവിൽ സെൻട്രൽ ടവറും അതിൽ നിന്ന് വിവിധ ദിശകളിലേക്ക് റേഡിയൽ ബിൽഡിംഗുകളും ഒരുക്കണം.
തടവുകാർക്ക് പുറത്തേക്ക് ഇറങ്ങാൻ ഒരു വഴിമാത്രം അനുവദിക്കണമെന്നും ശുപാർശയുണ്ട്. സെൻട്രൽ ടവർ സ്ഥാപിച്ചാൽ നിരീക്ഷണം കൂടുതൽ എളുപ്പമാകുമെന്നാണ് സമിതിയുടെ വിലയിരുത്തൽ.
പൂജപ്പുര മാറ്റിയാൽ 40 ഏക്കർ ഭൂമി ലഭിക്കും
പൂജപ്പുര സെൻട്രൽ ജയിൽ മാറ്റിയാൽ തലസ്ഥാന നഗരത്തിൽ 40 ഏക്കർ ഭൂമി സർക്കാരിന് ലഭിക്കും. മറ്റാവശ്യങ്ങൾക്ക് ഈ ഭൂമി ഉപയോഗിക്കാമെന്നാണ് നിർദേശം.
അതേസമയം, നെട്ടുകാൽത്തേരിയിൽ 400 ഏക്കർ സ്ഥലമുണ്ടെന്നും തുറന്ന ജയിലിലെ തടവുകാരുടെ എണ്ണം വർധിപ്പിക്കണമെന്നും സമിതി ശുപാർശ ചെയ്തു. സുരക്ഷ ഉറപ്പാക്കാൻ താത്കാലിക ജീവനക്കാരുടെ എണ്ണവും വർധിപ്പിക്കണം.
തോട്ടഭൂമി ഏറ്റെടുക്കാൻ നിയമനിർമാണം വേണം
തോട്ടഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ നിയമനിർമാണം വേണ്ടിവരുമെന്നാണ് റിപ്പോർട്ടിലെ മറ്റൊരു പ്രധാന നിർദേശം. 5.25 ലക്ഷം ഏക്കർ തോട്ടഭൂമി വൻകിടക്കാരുടെ കൈവശമുണ്ടെന്നും ഇത് ഏറ്റെടുത്ത് വികസന ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്നും നേരത്തെ സെക്രട്ടറിതല സമിതി ശുപാർശ ചെയ്തിരുന്നു.
ചീമേനി മാതൃകയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പ്ലാന്റേഷൻ കോർപറേഷന്റെ 308.7 ഏക്കർ കശുമാവ് തോട്ടം ഏറ്റെടുത്താണ് ചീമേനി തുറന്ന ജയിൽ സ്ഥാപിച്ചത്.
കശുമാവ്, റബർ, തെങ്ങ്, പച്ചക്കറി കൃഷികൾക്കൊപ്പം ഡെയറി ഫാമും ആട്, കോഴി വളർത്തലും ഇവിടെ നടത്തുന്നുണ്ട്. നഷ്ടത്തിലായിരുന്ന എസ്റ്റേറ്റ് ലാഭകരമായ കാർഷികോത്പാദന കേന്ദ്രമായി മാറിയതും സമിതി ചൂണ്ടിക്കാട്ടി.
കാക്കനാട്, കോട്ടയം ജയിലുകളും മാറ്റണം
കാക്കനാട്, കോട്ടയം ജില്ലാ ജയിലുകൾ പരിമിതമായ സ്ഥലത്താണ് പ്രവർത്തിക്കുന്നതെന്നും നഗരത്തിന് പുറത്തേക്ക് മാറ്റണമെന്നും ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ പറഞ്ഞു.
കോട്ടയം ജയിൽ 55 സെന്റ് സ്ഥലത്താണ് പ്രവർത്തിക്കുന്നത്. ഒരുമുറിയിൽ 20 തടവുകാരെ പാർപ്പിക്കുന്ന സാഹചര്യം സുരക്ഷാഭീഷണി സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary:
A government-appointed committee headed by retired Kerala High Court judge Justice C.N. Ramachandran Nair has recommended establishing a Central Jail in Pathanamthitta by acquiring unprofitable or lease-expired plantations. It also suggested shifting Poojappura and Kannur Central Jails, upgrading existing prisons, expanding open prisons and developing agricultural and farm-based activities.
