മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടയിലൊന്നിൽ 10 കിലോയിലധികം എംഡിഎംഎയുമായി (MDMA) മൂന്നുപേർ അറസ്റ്റിൽ.
കോയമ്പത്തൂരിൽനിന്നാണ് മഞ്ചേരി പൊലീസ് സംഘം പ്രതികളെ സാഹസികമായി പിടികൂടിയത്. അന്തർസംസ്ഥാന ലഹരി കടത്ത് സംഘത്തിലെ പ്രധാനികളാണ് വലയിലായതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
മഞ്ചേരിയിൽ നേരത്തെ നടത്തിയ പരിശോധനയിൽ 96 ഗ്രാം എംഡിഎംഎയുമായി ആറുപേർ പിടിയിലായിരുന്നു.
ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പ്രധാന വിതരണക്കാരെക്കുറിച്ചുമുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ നീക്കത്തിലാണ് കോയമ്പത്തൂരിൽവച്ച് വൻ ലഹരി ശേഖരവുമായി മൂന്നംഗ സംഘം പിടിയിലാകുന്നത്.
അറസ്റ്റിലായവരെ മഞ്ചേരിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്. വിദേശത്തുനിന്നാണോ അതോ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിർമിച്ചതാണോ ഇത്രയും വലിയ അളവിലുള്ള എംഡിഎംഎ എന്നത് പൊലീസ് പരിശോധിച്ച് വരികയാണ്.
കേരളത്തിൽ പ്രധാനമായും ആർക്കൊക്കെയാണ് ഇത് വിതരണം ചെയ്യാൻ ലക്ഷ്യമിട്ടിരുന്നതെന്നും ഇതിനുപിന്നിൽ പ്രവർത്തിച്ച വൻ തോക്കുകൾ ആരൊക്കെയാണെന്നും കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
