facebook

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടി; ഗുരുതര വീഴ്ച

2 Min Read

ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടി രക്ഷപ്പെട്ട സംഭവത്തിൽ ജയിൽ അധികൃതർക്കും പെരുമ്പാവൂർ പോലീസിനും ഗുരുതര വീഴ്ചയെന്ന് ആരോപണം. ജയിൽചാടിയ പ്രതി പിന്നീട് പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെത്തി സ്വന്തം ആധാർ കാർഡ് തിരികെ ആവശ്യപ്പെട്ടെങ്കിലും പോലീസിന് ഇയാളെ തിരിച്ചറിയാനായില്ല. തുടർന്ന് പ്രതി സ്റ്റേഷനിൽ നിന്ന് വീണ്ടും രക്ഷപ്പെട്ടു.

ആലുവ സബ് ജയിലിൽ നിന്ന് പ്രതി ചാടി

അസം ധേമാജി സ്വദേശി മധുർജ്യ സോനോവാളാണ് ആലുവ സബ് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. മോഷ്ടിച്ച മൊബൈൽ ഫോണുകൾ പെരുമ്പാവൂരിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

പ്രതിയിൽ നിന്ന് ഒമ്പത് മൊബൈൽ ഫോണുകൾ പോലീസ് കണ്ടെത്തിയിരുന്നു. എടത്തല വ്യവസായ മേഖലയിലെ മാമ്പിള്ളി പ്ലൈവുഡ് കമ്പനി തൊഴിലാളികളുടെ ക്വാർട്ടേഴ്‌സിൽ നിന്ന് മോഷ്ടിച്ച ഫോണുകളാണിതെന്ന് കണ്ടെത്തിയതോടെ പ്രതിയെ എടത്തല പോലീസിന് കൈമാറി.

ആധാർ വാങ്ങാൻ സ്റ്റേഷനിലെത്തി; പോലീസിന് തിരിച്ചറിയാനായില്ല

കസ്റ്റഡിയിലെടുക്കുമ്പോൾ മധുർജ്യയുടെ ആധാർ കാർഡ് പെരുമ്പാവൂർ പോലീസ് വാങ്ങിയിരുന്നു. ജയിൽചാടിയ ശേഷം ഇത് തിരികെ വാങ്ങാനാണ് പ്രതി പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെത്തിയത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് പ്രതിയെ തിരിച്ചറിയാനായില്ല. പിന്നീട് മറ്റൊരു പോലീസുകാരൻ എത്തിയപ്പോൾ തിരിച്ചറിയുമോയെന്ന സംശയത്തിൽ പ്രതി സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു.

അതേസമയം, ഓടിപ്പോയ പ്രതിയെ പിന്തുടരാൻ പോലീസിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായില്ലെന്നാണ് വിവരം.

മൊബൈൽ കടയിലും പ്രതിയെത്തി

പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട ശേഷം പ്രതി നഗരത്തിലെ ഒരു മൊബൈൽ കടയിലെത്തിയതായും വിവരമുണ്ട്. ഇവിടെ പണം വായ്പയായി ആവശ്യപ്പെട്ടെങ്കിലും കടയുടമ പണം നൽകിയില്ല.

ഇതിനിടെ, പ്രതിക്കായി ആലുവ പോലീസും ജയിൽ ഉദ്യോഗസ്ഥരും സംയുക്തമായി തിരച്ചിൽ തുടരുകയാണ്.

അടുക്കളയുടെ ഭാഗത്ത് നിന്ന് രക്ഷപ്പെട്ടെന്ന് സംശയം

തിങ്കളാഴ്ച വൈകിട്ട് 4.30ഓടെയാണ് പ്രതി ജയിൽ ചാടിയതെന്നാണ് പ്രാഥമിക നിഗമനം. അടുത്തിടെ ജയിലിൽ നിർമിച്ച അടുക്കളയുടെ ഭിത്തിയിൽ കയറി പിൻവശത്തെ മതിൽ ചാടിക്കടന്നാകാം രക്ഷപ്പെട്ടതെന്നാണ് സംശയം.

രക്ഷപ്പെടുമ്പോൾ മഞ്ഞ ടീ ഷർട്ടും കാവി മുണ്ടുമാണ് പ്രതി ധരിച്ചിരുന്നത്. ജയിൽ പരിസരത്ത് ടൈൽ ജോലികൾ ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവർക്ക് സംഭവത്തിൽ പങ്കില്ലെന്നാണ് നിലവിലെ നിഗമനം.

57 പേർക്ക് പകരം 114 തടവുകാർ

57 തടവുകാരെ പാർപ്പിക്കാൻ ശേഷിയുള്ള ആലുവ സബ് ജയിലിൽ നിലവിൽ 114 പേരാണ് കഴിയുന്നത്. ജയിൽ സൂപ്രണ്ട് ഉൾപ്പെടെ ആകെ 17 ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്.

ഇവരിൽ മൂന്ന് പേർ മിനിസ്റ്റീരിയൽ ചുമതലകൾ നിർവഹിക്കുന്നു. ശേഷിക്കുന്ന ഉദ്യോഗസ്ഥരാണ് രണ്ട് ഷിഫ്റ്റുകളിലായി ജയിൽ ഡ്യൂട്ടി നിർവഹിക്കുന്നത്.

Share This Article