ന്യൂഡൽഹി: മിസൈൽ നിർമ്മാണ മേഖലയിൽ സ്വകാര്യ കമ്പനികൾക്ക് കൂടുതൽ അവസരമൊരുക്കി കേന്ദ്ര സർക്കാർ. ഡി.ആർ.ഡി.ഒ വികസിപ്പിച്ച തിരഞ്ഞെടുത്ത മിസൈലുകളുടെ മിസൈൽ സാങ്കേതികവിദ്യ യോഗ്യതയുള്ള സ്വകാര്യ പ്രതിരോധ കമ്പനികൾക്ക് കൈമാറാൻ അനുമതി നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് ഇതിന് അംഗീകാരം നൽകിയത്.
മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയിലേക്ക്
പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത്. ആവശ്യമായ യോഗ്യത, സർട്ടിഫിക്കേഷൻ, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്ന കമ്പനികളെ ടെൻഡർ നടപടിയിലൂടെയാകും തിരഞ്ഞെടുക്കുക.
തുടർന്ന് തിരഞ്ഞെടുക്കപ്പെടുന്ന കമ്പനികൾ ഡി.ആർ.ഡി.ഒയുമായി സഹകരിച്ച് സിസ്റ്റം ഇന്റഗ്രേഷനും മിസൈൽ ഉത്പാദനവും നടത്തും.
ആകാശ്, അസ്ത്ര, നാഗ് ഉൾപ്പെടെയുള്ള മിസൈലുകൾ
ആകാശ്, അസ്ത്ര, രുദ്ര, നാഗ്, പ്രളയ് തുടങ്ങിയ പരമ്പരാഗത മിസൈൽ പദ്ധതികളുടെ സാങ്കേതികവിദ്യയാണ് കൈമാറാൻ തീരുമാനിച്ചിരിക്കുന്നത്. എയർ-ടു-എയർ, സർഫസ്-ടു-എയർ, ആന്റി-ടാങ്ക്, വ്യോമപ്രതിരോധ സംവിധാനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളും ഇതിൽ ഉൾപ്പെടും.
കൂടാതെ, മിസൈൽ നിർമ്മാണത്തിനാവശ്യമായ ഘടകങ്ങൾ, ഉപഘടകങ്ങൾ, പരിശോധന, വിതരണശൃംഖല തുടങ്ങിയ മേഖലകളിലും എം.എസ്.എം.ഇകൾക്കും സാങ്കേതിക പങ്കാളികൾക്കും പുതിയ അവസരങ്ങൾ ലഭിക്കും.
ആണവ ശേഷിയുള്ള മിസൈലുകൾക്ക് സാങ്കേതികവിദ്യ കൈമാറില്ല
അതേസമയം, ആണവായുധ ശേഷിയുള്ള മിസൈലുകളുടെ സാങ്കേതികവിദ്യ സ്വകാര്യ കമ്പനികൾക്ക് കൈമാറില്ല. അഗ്നി ശ്രേണി, പൃഥ്വി-2, ശൗര്യ, ധനുഷ്, സാഗരിക, വജ്ര, ഷംഷേർ തുടങ്ങിയ മിസൈലുകൾ ഇതിൽ ഉൾപ്പെടുന്നു.
വിദേശ പങ്കാളിത്തമുള്ള ബ്രഹ്മോസ്, ബരാക്-8 തുടങ്ങിയ മിസൈലുകളുടെ സാങ്കേതികവിദ്യയും കൈമാറില്ല. തന്ത്രപ്രധാനമായ സാങ്കേതികവിദ്യകൾ സംരക്ഷിച്ചുകൊണ്ടാണ് സ്വകാര്യ മേഖലയ്ക്ക് അവസരം നൽകുന്നത്.
പാകിസ്ഥാൻ-ചൈന നീക്കങ്ങളും പരിഗണനയിൽ
പാകിസ്ഥാൻ ചൈനയുടെ സഹായത്തോടെ ബഹിരാകാശ നിരീക്ഷണ ശേഷി വർധിപ്പിക്കുന്നതും റോക്കറ്റ് ഫോഴ്സ് കമാൻഡ് രൂപീകരിക്കുന്നതുമായ സാഹചര്യവും പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനത്തിന് പിന്നിലുണ്ട്.
ഇതിനിടെ, റോക്കറ്റ് നിർമ്മാണ മേഖലയിൽ സ്വകാര്യ മേഖലയ്ക്ക് ഐ.എസ്.ആർ.ഒ നേരത്തെ അവസരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഡി.ആർ.ഡി.ഒയുടെ മിസൈൽ നിർമ്മാണ സാങ്കേതികവിദ്യയും സ്വകാര്യ കമ്പനികൾക്ക് കൈമാറുന്നത്.
ആഭ്യന്തര പ്രതിരോധ ഉത്പാദനം വർധിക്കും
ഡി.ആർ.ഡി.ഒ വികസിപ്പിച്ച മിസൈലുകൾ വ്യാവസായികാടിസ്ഥാനത്തിൽ വലിയ തോതിൽ നിർമ്മിക്കാൻ പുതിയ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഇറക്കുമതിയിലുള്ള ആശ്രിതത്വം കുറയ്ക്കുക, ആഭ്യന്തര പ്രതിരോധ ഉത്പാദനശേഷി വർധിപ്പിക്കുക, സായുധസേനയുടെ പ്രവർത്തനശേഷി ശക്തിപ്പെടുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
“രാജ്യത്തിന്റെ ‘ആത്മനിർഭർ ഭാരത്’ പ്രതിരോധനയത്തിന് കരുത്തേകുന്ന തീരുമാനമാണിത്. വികസനത്തിൽ നിന്ന് ഉൽപാദനത്തിലേക്കുള്ള നിർണായക ചുവടുവയ്പാണ്.” — രാജ്നാഥ് സിംഗ്, കേന്ദ്ര പ്രതിരോധമന്ത്രി
