facebook

തസ്തിക നഷ്ടപ്പെട്ട അധ്യാപകർക്ക് പുനർവിന്യാസം; നിർദേശം പുറത്തിറക്കി

1 Min Read
Representative Image

തിരുവനന്തപുരം: തസ്തിക നഷ്ടപ്പെട്ടതിനെ തുടർന്ന് ജോലിയില്ലാതായ സർക്കാർ സ്കൂൾ അധ്യാപകരെ പുനർവിന്യസിക്കാൻ പുതിയ ക്രമീകരണം. ഒഴിവുള്ള തസ്തികകൾക്കനുസരിച്ച് ഘട്ടംഘട്ടമായി നിയമനം നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഹൈസ്കൂൾ അധ്യാപകർക്ക് താൽക്കാലികമായി യു.പി ക്ലാസുകളിലും ചുമതല നൽകും.

തസ്തിക നഷ്ടപ്പെട്ട അധ്യാപകർക്ക് പുനർവിന്യാസം

ഒരു ജില്ലയിലെ ഒഴിവുകളിൽ ക്രമീകരിച്ച ശേഷവും തസ്തിക ലഭ്യമല്ലെങ്കിൽ ഹെഡ്മാസ്റ്റർമാർ ഒഴിയുന്ന ക്ലാസ് ചുമതലകളിലേക്ക് അധ്യാപകരെ നിയമിക്കണം.

ഇത്തരത്തിൽ നിയമിച്ച ശേഷവും തസ്തിക നഷ്ടപ്പെട്ട അധ്യാപകർ അധികമായി തുടരുകയാണെങ്കിൽ അവരെ സമഗ്ര ശിക്ഷാ കേരളയിലേക്ക് (എസ്.എസ്.കെ) ക്ലസ്റ്റർ കോർഡിനേറ്റർമാരായി നിയമിക്കണമെന്നും നിർദേശമുണ്ട്.

സ്പെഷ്യലിസ്റ്റ് അധ്യാപകർ ഉൾപ്പെടെയുള്ളവർക്കും ഈ രീതിയിൽ നിയമന ക്രമീകരണം നടത്താനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം.

സീനിയോറിറ്റി അടിസ്ഥാനത്തിൽ നിയമനം

ഹെഡ്മാസ്റ്റർമാരെ ക്ലാസ് ചുമതലയിൽ നിന്ന് മാറ്റുമ്പോൾ ഉണ്ടാകുന്ന ഒഴിവുകളിൽ സീനിയോറിറ്റി അടിസ്ഥാനത്തിലായിരിക്കും അധ്യാപകരെ നിയമിക്കുക.

പ്രൈമറി, യു.പി വിഭാഗങ്ങളിലും സമാന രീതിയിൽ അധ്യാപകരെ ക്രമീകരിക്കും. ഭാഷാ അധ്യാപകർക്കും ഈ രീതിയിൽ നിയമനം നൽകാൻ കഴിയും.

എൽ.പി വിഭാഗത്തിൽ ടി.ടി.സി/ഡി.എൽ.എഡ് യോഗ്യതയുള്ളവരെ മാത്രമേ ഇത്തരത്തിൽ ക്രമീകരിക്കാവൂ എന്നും നിർദേശിച്ചിട്ടുണ്ട്.

ശമ്പളം നൽകുന്നതിൽ പ്രത്യേക ക്രമീകരണം

അധിക തസ്തികകളിൽ നിയമിക്കപ്പെടുന്ന അധ്യാപകരുടെ സർവീസ് ബുക്കും സ്പാർക്ക് വിവരങ്ങളും പുതിയ സ്കൂളിലേക്ക് മാറ്റും. അവിടെനിന്നായിരിക്കും ഇവർക്ക് ശമ്പളം നൽകുക.

അതേസമയം, എസ്.എസ്.കെയിലേക്ക് മാറ്റുന്ന അധ്യാപകരുടെ വിവരങ്ങൾ അവർ നേരത്തെ ജോലി ചെയ്തിരുന്ന സ്കൂളിൽ തന്നെ നിലനിർത്തും. ശമ്പളവും അതേ സ്കൂളിൽനിന്ന് നൽകും.

ഒഴിവുകൾ നികത്തിയ ശേഷമേ എസ്.എസ്.കെയിലേക്ക് മാറ്റൂ

ഒഴിവുള്ള തസ്തികകളിൽ യോഗ്യരായ അധ്യാപകരെ നിയമിച്ച ശേഷമേ എസ്.എസ്.കെയിലേക്ക് അധ്യാപകരെ മാറ്റുകയുള്ളൂ.

മാതൃ തസ്തികകളിൽ സ്ഥിരം ഒഴിവുകൾ ഉണ്ടാകുന്ന മുറയ്ക്ക് ഇവരെ തിരിച്ചുനിയമിക്കും. തസ്തിക നഷ്ടപ്പെട്ടവർക്ക് സെൻസസ് ഡ്യൂട്ടി ഉണ്ടെങ്കിലും ഈ ക്രമീകരണം ബാധകമായിരിക്കും.

എന്നാൽ താൽക്കാലികമായി മറ്റിടങ്ങളിൽ ക്രമീകരിച്ച അധ്യാപകരെ ജില്ലയ്ക്കകത്തുള്ള സ്ഥലംമാറ്റത്തിന് പരിഗണിക്കില്ല.

Share This Article