അമരാവതി: ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ ആറുവയസ്സുകാരൻ ക്ലാസിൽ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രപ്രദേശിലെ അമരാവതി വൺ ടൗൺ മേഖലയിലെ സ്വകാര്യ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രണയ് തേജയാണ് മരിച്ചത്.
ആറുവയസ്സുകാരൻ മരിച്ചു; അധ്യാപികയ്ക്കെതിരെ ആരോപണം
വ്യാഴാഴ്ച രാവിലെ ആരോഗ്യവാനായാണ് പ്രണയ് തേജ സ്കൂളിലേക്ക് പോയതെന്ന് കുടുംബം പറഞ്ഞു. എന്നാൽ മണിക്കൂറുകൾക്കകം കുട്ടിക്ക് എന്തോ സംഭവിച്ചതായി കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു.
ഉച്ചയോടെ ബന്ധുവിന്റെ സ്ഥാപനത്തിന് സമീപം ജോലി ചെയ്യുന്ന പാചകക്കാരാണ് കുട്ടിയുടെ പിതാവിനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചത്. സ്കൂൾ അധികൃതർ നേരിട്ട് കുടുംബത്തെ വിളിച്ചറിയിച്ചില്ലെന്നും പിതാവ് ആരോപിച്ചു.
ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
തുടർന്ന് കുട്ടിയെ കിങ് ജോർജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.
വിവരമറിഞ്ഞ് കുടുംബാംഗങ്ങളും ബന്ധുക്കളും ആശുപത്രിയിലെത്തി. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
സിസിടിവി ദൃശ്യങ്ങളിൽ അധ്യാപികയുടെ മർദനം
സംഭവത്തിന് പിന്നാലെ സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അധ്യാപിക കുട്ടിയെ മർദിച്ചതായി വ്യക്തമായതെന്ന് കുടുംബം പറഞ്ഞു.
ഗൃഹപാഠം ചെയ്യാത്തതിനെ തുടർന്ന് അധ്യാപിക കുട്ടിയെ ശകാരിക്കുകയും മുഖത്തടിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളതെന്നാണ് കുടുംബത്തിന്റെ ആരോപണം. അടിയേറ്റതിന് പിന്നാലെ കുട്ടി അധ്യാപികയുടെ ദേഹത്തേക്ക് കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം.
അധ്യാപിക കുട്ടിയെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു.
മരണകാരണം പോസ്റ്റുമോർട്ടത്തിന് ശേഷം
സംഭവത്തെ തുടർന്ന് റവന്യൂ ഡിവിഷനൽ ഓഫീസർ ദിലീപ് ചക്രവർത്തി ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും സർക്കാർ ശേഖരിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ.
