ഭോപ്പാൽ: വൃഷണം വിറ്റാൽ കോടികൾ ലഭിക്കുമെന്ന തെറ്റായ ധാരണയിൽ ഭോപ്പാലിൽ 17കാരനെ കൊലപ്പെടുത്തിയതായി പൊലീസ്. ഇൻസ്റ്റഗ്രാമിൽ കണ്ട ഒരു റീലിലെ അവകാശവാദം വിശ്വസിച്ചാണ് അഞ്ചംഗ സംഘം കൃത്യം ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 100 രൂപ നൽകാമെന്ന് പറഞ്ഞ് ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമാണ് കൗമാരക്കാരനെ ആക്രമിച്ചത്.
സംഭവത്തിൽ ബി.ബി.എ. രണ്ടാംവർഷ വിദ്യാർഥി സോഹിബ് ഖാൻ (20), ആമിർ ഖുറേഷി (18), പ്രായപൂർത്തിയാകാത്ത മൂന്ന് പേർ എന്നിവരെ പൊലീസ് പിടികൂടി.
ഭോപ്പാൽ കൊലപാതകത്തിന് പിന്നിൽ ഇൻസ്റ്റഗ്രാം റീൽ
15–16 വയസ്സുള്ള ആൺകുട്ടിയുടെ വൃഷണം വിറ്റാൽ 1.20 കോടി രൂപ ലഭിക്കുമെന്ന അവകാശവാദം ഉൾപ്പെട്ട ഇൻസ്റ്റഗ്രാം റീലാണ് സോഹിബ് കണ്ടത്. ഇതാണ് ഇയാളെ തെറ്റിദ്ധരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
തുടർന്ന് ഈ റീൽ കൂട്ടാളികളെയും കാണിച്ച് സോഹിബ് കൃത്യം ആസൂത്രണം ചെയ്തെന്നാണ് കണ്ടെത്തൽ. താനൊരു ഡോക്ടറാണെന്ന് പറഞ്ഞ് മറ്റുള്ളവരെ വിശ്വസിപ്പിച്ച സോഹിബിന്റെ വാക്കുകൾ സംഘത്തിലെ കുട്ടികളും വിശ്വസിച്ചു.
100 രൂപ വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ടുപോയി
ദരിദ്ര കുടുംബത്തിൽപ്പെട്ട കൗമാരക്കാരനെയാണ് സംഘം ലക്ഷ്യമിട്ടത്. പിതാവ് നേരത്തെ മരിച്ചിരുന്നു. ശുചീകരണത്തൊഴിലാളിയായ മാതാവിനെ സഹായിക്കാൻ ഇഖ്ബാൽ മൈതാനത്തിനും മോത്തി മസ്ജിദിനുമിടയിൽ പേനയും കീചെയിനും വിറ്റാണ് കുട്ടി കുടുംബം പോറ്റിയിരുന്നത്.
ഓഗസ്റ്റ് ആറിന് പതിവുപോലെ കച്ചവടം നടത്തുന്നതിനിടെയാണ് പരിചയമുള്ള ചില കുട്ടികൾ ഇയാളെ സമീപിച്ചത്. അടിപിടിക്കേസ് ഒത്തുതീർപ്പാക്കാൻ സഹായിക്കണമെന്നും അതിന് 100 രൂപ നൽകാമെന്നും പറഞ്ഞാണ് ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയത്.
ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് ആക്രമണം
സ്ഥലത്തെത്തിച്ച ശേഷം സംഘം കൗമാരക്കാരനെ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. സോഹിബ് ഫോണിലൂടെ നൽകിയ നിർദേശങ്ങൾ അനുസരിച്ചാണ് മറ്റുള്ളവർ കൃത്യം നടത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായി.
തുടർന്ന് മൃതദേഹം ഉപേക്ഷിച്ച സംഘം സോഷ്യൽ മീഡിയയിൽ കണ്ട അവകാശവാദം യാഥാർഥ്യമാണെന്ന് കരുതി മുന്നോട്ടുപോകുകയായിരുന്നു. എന്നാൽ വിൽക്കാൻ ആളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ പദ്ധതി പരാജയപ്പെട്ടു.
ദിവസങ്ങളോളം പ്രതികൾ തെറ്റിദ്ധാരണയിൽ
1.20 കോടി രൂപയ്ക്ക് ആരെങ്കിലും വാങ്ങാനെത്തുമെന്ന പ്രതീക്ഷയിൽ പ്രതികൾ ദിവസങ്ങളോളം കാത്തിരുന്നെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി മനസ്സിലായതോടെ അത് വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു.
അതേസമയം, പ്രതികൾ കണ്ട ഇൻസ്റ്റഗ്രാം റീലിന് പിന്നിലുള്ളവരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവയവ വിൽപ്പനയുമായി ബന്ധപ്പെട്ട് ഇത്തരമൊരു വിപണി ഇല്ലെന്നും പൊലീസ് വ്യക്തമാക്കി.
ഓഗസ്റ്റ് 10ന് മൃതദേഹം കണ്ടെത്തി
ഓഗസ്റ്റ് 10നാണ് അഴുകിയ നിലയിൽ കൗമാരക്കാരന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ആളെ തിരിച്ചറിയാൻ കഴിയാതിരുന്നതിനാൽ ചിത്രങ്ങൾ പുറത്തുവിട്ടെങ്കിലും ആരും മൃതദേഹം ഏറ്റെടുക്കാൻ എത്തിയില്ല.
തുടർന്ന് മൃതദേഹം സംസ്കരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടർന്നു.
ടാറ്റൂ കണ്ട് അമ്മ മകനെ തിരിച്ചറിഞ്ഞു
ഓഗസ്റ്റ് 15ന് മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ പൊലീസിനെ സമീപിച്ചതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. പൊലീസ് കാണിച്ച ചിത്രത്തിലെ കൈയിലെ ടാറ്റൂ കണ്ടാണ് അമ്മ മകനെ തിരിച്ചറിഞ്ഞത്.
തുടർന്ന് കൗമാരക്കാരനെ അവസാനമായി കണ്ടവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഞ്ചംഗ സംഘത്തെക്കുറിച്ചും കൊലപാതകത്തിന് പിന്നിലെ ഞെട്ടിക്കുന്ന കാരണത്തെക്കുറിച്ചും വിവരം പുറത്തുവന്നത്.
