തയ്ക്വാൻഡോ മത്സരത്തിനിടെ പരുക്ക് സംഭവിച്ച് പെരുമ്പിലാവ് അൻസാർ ഇംഗ്ലിഷ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ഗുരുതരാവസ്ഥയിൽ. മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ നടന്ന സിബിഎസ്ഇ സൗത്ത് സോൺ തയ്ക്വാൻഡോ മത്സരത്തിനിടെയാണ് ഫായിസ് അബ്ദുൽ ജലാലിന് (18) തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്.
എറണാകുളം ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ കഴിയുന്ന ഫായിസ് അബോധാവസ്ഥയിലാണ്. ആരോഗ്യനിലയിൽ നിലവിൽ മാറ്റമില്ലെന്ന് കുടുംബം അറിയിച്ചു.
തയ്ക്വാൻഡോ മത്സരത്തിനിടെ പരുക്ക് സംഭവിച്ചത് എങ്ങനെ?
ഓഗസ്റ്റ് 3ന് ചന്ദ്രപുരിലെ സൻസ്കാർ ഭാരതി പബ്ലിക് സ്കൂളിൽ നടന്ന അണ്ടർ-19 വിഭാഗം മത്സരത്തിനിടെയാണ് അപകടമുണ്ടായത്.
മത്സരത്തിനിടെ എതിരാളി ഫായിസിന്റെ അടിവയറ്റിൽ ചവിട്ടിയെന്നാണ് കുടുംബം പറയുന്നത്. തുടർന്ന് വേദന അനുഭവപ്പെട്ട ഫായിസ് മത്സരം നിർത്താൻ റഫറിയോട് സിഗ്നൽ നൽകി റിങ്ങിന് പുറത്തേക്ക് നീങ്ങി.
മത്സരം നിർത്തിയില്ലെന്ന് കുടുംബത്തിന്റെ ആരോപണം
ഫായിസ് മത്സരം നിർത്തി റിങ്ങിൽനിന്ന് പിന്മാറിയിട്ടും റഫറി ഫൗൾ വിളിക്കുകയോ മത്സരം നിർത്തുകയോ ചെയ്തില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
തുടർന്ന് എതിരാളി ഫായിസിന്റെ മുഖത്തേക്ക് പ്രഹരം നടത്തിയതായും അതോടെ തലയ്ക്ക് പരുക്കേറ്റ് ഫായിസ് തളർന്നുവീണതായും കുടുംബം പറയുന്നു.
തലച്ചോറിൽ രക്തസ്രാവം; അടിയന്തര ശസ്ത്രക്രിയ
അപകടത്തെ തുടർന്ന് സ്കൂൾ അധികൃതർ ഫായിസിനെ ഉടൻ ചന്ദ്രപുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിൽ ഗുരുതരമായ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഓഗസ്റ്റ് 9ന് എയർ ആംബുലൻസിൽ ഫായിസിനെ കൊച്ചിയിലെത്തിച്ചു. ഇപ്പോൾ ആസ്റ്റർ മെഡ്സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സ.
റഫറിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം
തയ്ക്വാൻഡോ ഫെഡറേഷന്റെയും സിബിഎസ്ഇയുടെയും മത്സരച്ചട്ടങ്ങൾ പാലിച്ചില്ലെന്നാണ് ഫായിസിന്റെ കുടുംബത്തിന്റെ ആരോപണം.
ചട്ടലംഘനം ഉണ്ടായിട്ടും മത്സരം നിർത്താതിരുന്ന റഫറിക്കെതിരെയും എതിരാളിക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുടുംബം സിബിഎസ്ഇ ചെയർമാനും റീജനൽ ഓഫിസർക്കും പരാതി നൽകിയതായി സൂചനയുണ്ട്.
വിദേശത്തായിരുന്ന ഫായിസ് കഴിഞ്ഞ വർഷമാണ് പെരുമ്പിലാവ് അൻസാർ ഇംഗ്ലിഷ് സ്കൂളിൽ ചേർന്നത്.
