അമേരിക്കയിലെ ട്രക്കിംഗ് മേഖലയിലെ വിദേശ തൊഴിലാളികൾക്കെതിരെ ട്രംപ് ഭരണകൂടം കർശന നടപടികളുമായി രംഗത്തെത്തി. മാനദണ്ഡങ്ങൾ പാലിക്കാതെ നേടിയതായി കണ്ടെത്തിയ 28,000-ത്തിലധികം കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കിയതായി യു.എസ് അധികൃതർ അറിയിച്ചു. ട്രക്കിംഗ് മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് സർക്കാർ വ്യക്തമാക്കി.
ഇന്ത്യൻ ഡ്രൈവർമാർക്കും തിരിച്ചടി
ഈ തീരുമാനത്തിന്റെ ആഘാതം അമേരിക്കൻ ട്രക്കിംഗ് മേഖലയിലെ വലിയ സാന്നിധ്യമായ ഇന്ത്യൻ ഡ്രൈവർമാരെയും ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ട്രക്ക് ഡ്രൈവർമാർക്ക് പുതിയ നടപടികൾ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ആവശ്യമായ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കാൻ കഴിയാത്തതിനെ തുടർന്നാണ് 24,000 വിദേശ ഡ്രൈവർമാരുടെ ലൈസൻസുകൾ റദ്ദാക്കിയതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി.
ഡ്രൈവിംഗ് സ്കൂളുകൾക്കും നടപടി
ഫെഡറൽ മാനദണ്ഡങ്ങൾ ലംഘിച്ച് വിദേശികൾക്ക് ലൈസൻസ് ലഭിക്കാൻ സഹായിച്ചെന്ന് കണ്ടെത്തിയ 9,500 ഡ്രൈവിംഗ് സ്കൂളുകൾക്കെതിരെയും നടപടിയെടുക്കാൻ സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചിട്ടുണ്ട്. ലൈസൻസ് നൽകുന്ന പ്രക്രിയ കൂടുതൽ സുതാര്യമാക്കുകയും റോഡ് സുരക്ഷ ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
അപകടത്തിന് പിന്നാലെ കർശന പരിശോധന
2025 ഓഗസ്റ്റിൽ ഫ്ലോറിഡയിൽ ഉണ്ടായ മാരക ട്രക്ക് അപകടത്തിന് ശേഷമാണ് വാണിജ്യ വാഹന ഡ്രൈവർമാരുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരിശോധന കൂടുതൽ കർശനമാക്കിയത്. നിയമവിരുദ്ധ യു-ടേൺ എടുത്ത ട്രക്ക് അപകടത്തിൽ മൂന്ന് പേർ മരിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറുടെ ഭാഷാപരമായ യോഗ്യത സംബന്ധിച്ച ചോദ്യങ്ങൾ ഉയർന്നത്. ഇതിന് പിന്നാലെ നടത്തിയ വ്യാപക പരിശോധനകളിൽ ആയിരക്കണക്കിന് ഡ്രൈവർമാരെ സർവീസിൽ നിന്ന് ഒഴിവാക്കിയതായും റിപ്പോർട്ടുണ്ട്.
‘ഫ്രീഡം ഹോളേഴ്സ്’ പദ്ധതിക്ക് തുടക്കം
ലൈസൻസ് റദ്ദാക്കിയതോടെ ട്രക്കിംഗ് മേഖലയിലുണ്ടാകുന്ന ഡ്രൈവർ ക്ഷാമം പരിഹരിക്കാൻ ‘ഫ്രീഡം ഹോളേഴ്സ്’ എന്ന പുതിയ പദ്ധതിയും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. സൈന്യത്തിൽ വലിയ വാഹനങ്ങൾ ഓടിച്ച് പരിചയമുള്ള വിരമിച്ച സൈനികർക്ക് കൊമേഴ്സ്യൽ ഡ്രൈവിംഗ് സ്കിൽ ടെസ്റ്റുകളിൽ ഇളവ് നൽകി വേഗത്തിൽ ലൈസൻസ് നൽകാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അച്ചടക്കവും പരിചയസമ്പത്തുമുള്ള മുൻ സൈനികരാണ് രാജ്യത്തിന്റെ ചരക്കുഗതാഗത മേഖലക്ക് ഏറ്റവും അനുയോജ്യമെന്ന് യു.എസ് ഗതാഗത സെക്രട്ടറി സീൻ ഡഫി അഭിപ്രായപ്പെട്ടു.
