ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തതയിലേക്കുള്ള യാത്രയിൽ നിർണായക നാഴികക്കല്ലായി തദ്ദേശീയ ടർബോജെറ്റ് എഞ്ചിൻ വികസനം. ക്രൂസ് മിസൈലുകൾക്കും ലോയിറ്ററിംഗ് മ്യൂനിഷൻ വിഭാഗത്തിലെ ഡ്രോണുകൾക്കും കരുത്തേകുന്ന 350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ടർബോജെറ്റ് എഞ്ചിൻ ആദ്യമായി പൂർണമായും സ്വദേശി സാങ്കേതികവിദ്യയിൽ വികസിപ്പിച്ചതോടെ പ്രതിരോധ-എയ്റോസ്പേസ് രംഗത്ത് ഇന്ത്യ പുതിയ നേട്ടം സ്വന്തമാക്കി.
തദ്ദേശീയ ടർബോജെറ്റ് എഞ്ചിൻ വികസിപ്പിച്ച് ഇന്ത്യ
തദ്ദേശീയ ടർബോജെറ്റ് എഞ്ചിൻ ഡിആർഡിഒയുടെ കീഴിലുള്ള ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്മെന്റാണ് (GTRE) രൂപകൽപന ചെയ്തത്. ഹൈദരാബാദ് ആസ്ഥാനമായ ആസാദ് എഞ്ചിനിയറിംഗാണ് എഞ്ചിൻ നിർമ്മിച്ചത്.
വിദേശസഹായമില്ലാതെ ഇന്ത്യ സ്വന്തമായി ടർബോജെറ്റ് എഞ്ചിൻ വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നത് ഇതാദ്യമായാണ്.
ക്രൂസ് മിസൈലുകൾക്കും ഡ്രോണുകൾക്കും പുതിയ കരുത്ത്
ആദ്യഘട്ടത്തിൽ വികസിപ്പിച്ച തദ്ദേശീയ ടർബോജെറ്റ് എഞ്ചിൻ ഒറ്റദൗത്യങ്ങൾക്കായാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
ക്രൂസ് മിസൈലുകൾ, ലോയിറ്ററിംഗ് മ്യൂനിഷൻ ഡ്രോണുകൾ, കപ്പൽവേധ മിസൈലുകൾ എന്നിവയിൽ ഈ എഞ്ചിൻ ഉപയോഗിക്കാനാകും. നിലവിൽ ശബ്ദവേഗത്തേക്കാൾ കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുന്ന ക്രൂസ് മിസൈലുകൾക്കാണ് ഇത് അനുയോജ്യം. ഇതോടെ ഇന്ത്യയുടെ ‘നിർഭയ്’ പോലുള്ള മിസൈലുകൾക്ക് കൂടുതൽ സ്വദേശി സാങ്കേതിക പിന്തുണ ലഭിക്കും.
ബ്രഹ്മോസ് മിസൈലിലോ യുദ്ധവിമാനങ്ങളിലോ ഉപയോഗിക്കില്ല
അതേസമയം, ബ്രഹ്മോസ് പോലുള്ള സൂപ്പർസോണിക് മിസൈലുകളിൽ ഉപയോഗിക്കുന്ന റാംജെറ്റ് എഞ്ചിനുകൾക്ക് പകരം ഈ എഞ്ചിൻ ഉപയോഗിക്കാൻ കഴിയില്ല.
കൂടാതെ, ഇത് ഒരുതവണ മാത്രം ഉപയോഗിക്കാവുന്ന എഞ്ചിനായതിനാൽ യുദ്ധവിമാനങ്ങളിലും ഉപയോഗിക്കാനാകില്ല. മിസൈൽ ലക്ഷ്യസ്ഥാനത്ത് എത്തി ദൗത്യം പൂർത്തിയാകുന്നതോടെ എഞ്ചിന്റെ പ്രവർത്തനവും അവസാനിക്കും.
പ്രതിരോധ സ്വയംപര്യാപ്തതയ്ക്ക് പുതിയ വഴിത്തിരിവ്
തദ്ദേശീയ ടർബോജെറ്റ് എഞ്ചിൻ വികസിപ്പിച്ചതിലൂടെ അത്യാധുനിക മെറ്റലർജി, സൂക്ഷ്മ എഞ്ചിനിയറിംഗ്, ഉയർന്ന നിലവാരമുള്ള നിർമാണ സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇന്ത്യയുടെ കഴിവ് തെളിയിക്കാനായി.
ലോകത്തിലെ വളരെ കുറച്ച് രാജ്യങ്ങൾക്കു മാത്രമുള്ള ഈ സാങ്കേതികവിദ്യ ഭാവിയിൽ കൂടുതൽ കരുത്തും ഇന്ധനക്ഷമതയും ദീർഘകാല പ്രവർത്തനശേഷിയുമുള്ള എഞ്ചിനുകൾ വികസിപ്പിക്കാൻ ഇന്ത്യയ്ക്ക് വഴിയൊരുക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ഡിആർഡിഒയ്ക്ക് എഞ്ചിൻ ആസാദ് എഞ്ചിനിയറിംഗിന്റെ സി.ഇ.ഒ രാകേഷ് ചോപ്ദാർ കൈമാറി. ജിടിആർഇ ഡയറക്ടർ രമണമൂർത്തിയും എയറോനോട്ടിക്കൽ സിസ്റ്റംസ് ഡയറക്ടർ ജനറൽ കെ. രാജലക്ഷ്മി മേനോനും ചേർന്നാണ് എഞ്ചിൻ ഏറ്റുവാങ്ങിയത്.
