സംസ്ഥാനം ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത തരത്തിലുള്ള അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
എന്നാൽ ഈ പ്രതിസന്ധികൾക്കിടയിലും ജനങ്ങൾക്ക് മേൽ അമിത നികുതിഭാരം അടിച്ചേൽപ്പിക്കാതെ, ലഭ്യമായ പരിധികൾക്കുള്ളിൽ നിന്നുകൊണ്ട് ഒരു പുതിയ യുഗത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണമാണ് ബജറ്റിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
കേരളത്തിലെ ജനസംഖ്യയിൽ വന്നിട്ടുള്ള അസാധാരണമായ മാറ്റങ്ങളെക്കുറിച്ച് ഇതുവരെ കൃത്യമായ പഠനങ്ങൾ നടന്നിട്ടില്ലെന്നും യുവതലമുറയെ നാട്ടിൽ തന്നെ നിലനിർത്തിക്കൊണ്ട് അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം ഇവിടെ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ വികസനത്തിനായി നിരവധി സ്വപ്ന പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. തീരദേശ മേഖലയെ പൂർണ്ണമായും ഒരു തുറമുഖ നഗരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘മിഷൻ സമുദ്ര’ പദ്ധതി കൊണ്ടുവരുന്നത്.
ഇതിനൊപ്പം വയോജനങ്ങളെ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കുന്ന ‘സിൽവർ ഇക്കോണമി’ രാജ്യത്താദ്യമായി കേരളത്തിൽ നടപ്പിലാക്കും. എവിടെയൊക്കെയാണ് ഉപയോഗശൂന്യമായി കിടക്കുന്നതെന്ന് കൃത്യമായ വിവരമില്ലാത്ത ലാൻഡ് ബാങ്കുകൾ കണ്ടെത്താൻ പുതിയ ലാൻഡ് പോളിസി ഉണ്ടാക്കുമെന്നും ഇത് നിക്ഷേപകർക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഊർജ്ജ മേഖലയിൽ 1500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികളും കേരളീയ ഉത്പന്നങ്ങൾക്കായി പ്രത്യേക ബ്രാൻഡും സാഹിത്യകാരൻ എം.ടിയുടെ സ്മരണയ്ക്കായി കൾച്ചറൽ പാർക്കും സ്ഥാപിക്കും.
സിനിമയെ കേവലമൊരു വിനോദോപാധി എന്നതിനപ്പുറം വലിയൊരു വ്യവസായമായി മാറ്റാനാണ് സർക്കാർ തീരുമാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലേക്ക് കൂടുതൽ ചിത്രീകരണങ്ങൾ ആകർഷിക്കുന്നതിനായി ‘ചിത്രനഗരം’ എന്ന പേരിൽ അത്യാധുനിക സൗകര്യങ്ങളുള്ള ഫിലിം സിറ്റി നിർമ്മിക്കും.
ഇത് സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന ബജറ്റാണെന്ന മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വിമർശനം പൂർണ്ണമായും ശരിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ നിക്ഷേപമില്ലെങ്കിൽ കേരളത്തിന് മുന്നോട്ട് പോകാനാകില്ലെന്നും എന്നാൽ ഇത് സ്വകാര്യവൽക്കരണമല്ലെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി, ഏത് മേഖലയിലാണ് സർക്കാർ സ്വകാര്യവൽക്കരണം നടത്തിയതെന്ന് ചോദിക്കുകയും ചെയ്തു.
സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശികയെക്കുറിച്ച് സംസാരിക്കാൻ പ്രതിപക്ഷ നേതാവിന് യാതൊരു അർഹതയുമില്ലെന്ന് വി. ഡി. സതീശൻ കടുത്ത ഭാഷയിൽ വിമർശിച്ചു. ഈ കുടിശികകൾ മുഴുവൻ വരുത്തിവെച്ചത് മുൻ എൽ.ഡി.എഫ് സർക്കാരാണെന്നും അതിനാൽ പിണറായി വിജയൻ ഈ ചോദ്യം എന്നോട് ചോദിക്കേണ്ടതില്ലെന്നും ജീവനക്കാർ അതിന് അദ്ദേഹത്തോട് തന്നെ മറുപടി ചോദിച്ചുകൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡി.എ നൽകില്ലെന്ന് സർക്കാർ പറഞ്ഞിട്ടില്ല. മുൻ സർക്കാർ കൊണ്ടുവന്ന വീര്യം കുറഞ്ഞ മദ്യപദ്ധതി പത്ത് വർഷമായിട്ടും നടപ്പിലായില്ലെന്നും ഇപ്പോഴത്തെ സർക്കാർ അതിനുള്ള ടാക്സ് റേറ്റ് നിശ്ചയിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മുൻ സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി വന്നതോടെ സംസ്ഥാനത്ത് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ലഭിച്ചിരുന്ന വീടുകളുടെ എണ്ണം കുറയുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കിഫ്ബി പദ്ധതി പൂർണ്ണമായി നിർത്തലാക്കുമെന്ന് സർക്കാർ പറഞ്ഞിട്ടില്ലെങ്കിലും കിഫ്ബിയുടെ നിലവിലെ മോഡലുമായി മുന്നോട്ട് പോകാൻ കഴിയില്ല.
കേന്ദ്രത്തിന്റെ പി.എം ശ്രീ പദ്ധതിയിൽ മുൻപ് ഒപ്പിട്ടത് പിണറായി വിജയൻ സർക്കാരാണ്. അതിൽ നിന്ന് പിന്മാറാൻ സംസ്ഥാനത്തിന് വ്യവസ്ഥകളില്ലാത്തതിനാൽ തുടരാൻ നിർബന്ധിതരായതാണെന്നും എന്നാൽ കുട്ടികളുടെ കരിക്കുലത്തെ ബാധിക്കുന്ന ഒരു കാര്യവും വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
English Summary
Chief Minister V. D. Satheesan stated that Kerala is facing an unprecedented financial crisis, but the government is steering towards a new era without increasing taxes. He emphasized that promoting private investment is vital for the state’s survival, clarifying that it is not privatization. He also criticized the opposition over DA dues.
