facebook

മൊഴികളിൽ പൊരുത്തക്കേട്; വീണ ടി.ക്ക് ഇഡിയുടെ അടുത്ത സമൻസ് ഉടൻ; ‘കരാറുകളില്ല, ചർച്ചകൾ നേരിട്ടായിരുന്നു’ എന്ന വിശദീകരണം തള്ളി അന്വേഷണസംഘം

2 Min Read

കൊച്ചി: മാസപ്പടി കേസിൽ എക്‌സാലോജിക് സ്ഥാപനത്തിന്റെ ഉടമയായ വീണ ടി.യെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒരുങ്ങുന്നതായി സൂചന. ഇതിനായി പുതിയ സമൻസ് ഉടൻ നൽകുമെന്നാണ് വിവരം. നേരത്തെ നൽകിയ മൊഴികളിൽ കണ്ടെത്തിയ പൊരുത്തക്കേടുകളാണ് വീണ്ടും ഹാജരാകാൻ ആവശ്യപ്പെടാൻ അന്വേഷണ ഏജൻസിയെ പ്രേരിപ്പിച്ചിരിക്കുന്നത്.

കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൽ (CMRL) നിന്ന് എക്‌സാലോജിക് സ്ഥാപനത്തിന് ലഭിച്ച തുക ഐടി സേവനങ്ങൾക്കുള്ള പ്രതിഫലമായിരുന്നുവെന്നാണ് വീണ അന്വേഷണ സംഘത്തോട് വിശദീകരിച്ചിരുന്നത്. എന്നാൽ, ഇത്തരത്തിലുള്ള സേവനങ്ങൾ നൽകിയതായി തെളിയിക്കുന്ന കരാറുകളോ ഇൻവോയിസുകളോ മറ്റ് രേഖകളോ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

സിഎംആർഎൽ പ്രതിനിധികളുമായി ഐടി സേവനങ്ങളെ സംബന്ധിച്ച ചർച്ചകൾ നേരിട്ടായിരുന്നുവെന്നും അതിനാൽ പ്രത്യേക രേഖകൾ സൂക്ഷിച്ചിരുന്നില്ലെന്നുമാണ് വീണയുടെ വിശദീകരണം. എക്‌സാലോജിക് സ്ഥാപനം നിലവിൽ പ്രവർത്തനരഹിതമായതിനാൽ സ്ഥാപനത്തിലെ കമ്പ്യൂട്ടർ സംവിധാനങ്ങളിലായിരുന്നു ചില വിവരങ്ങൾ ഉണ്ടായിരുന്നതെന്നും അവർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഈ വിശദീകരണങ്ങൾ അന്വേഷണ സംഘത്തെ തൃപ്തിപ്പെടുത്തുന്നതല്ലെന്നാണ് വിലയിരുത്തൽ.

സിഎംആർഎല്ലിൽ നിന്ന് ലഭിച്ച 2.78 കോടി രൂപയുടെ വിനിയോഗവുമായി ബന്ധപ്പെട്ടും മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതായി ഇഡി ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും അനുബന്ധ രേഖകളുടെ അഭാവവും അന്വേഷണത്തിലെ പ്രധാന വിഷയങ്ങളായി മാറിയിട്ടുണ്ട്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്‌ഐഒ) സമർപ്പിച്ച കുറ്റപത്രത്തോടൊപ്പമുള്ള അനുബന്ധ രേഖകൾ ഇഡിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഈ രേഖകൾ ലഭിച്ച ശേഷം വിശദമായി പരിശോധിച്ച ശേഷമാകും വീണ ടി.ക്ക് വീണ്ടും സമൻസ് നൽകുകയും കൂടുതൽ ചോദ്യം ചെയ്യൽ നടത്തുകയും ചെയ്യുക.

മാസപ്പടി കേസിൽ കള്ളപ്പണ ഇടപാടുകളുടെ സാധ്യത, പണത്തിന്റെ യഥാർഥ സ്വഭാവം, സേവനം നൽകിയെന്ന അവകാശവാദത്തിന്റെ വിശ്വാസ്യത എന്നിവയാണ് ഇനി ഇഡി പ്രധാനമായും പരിശോധിക്കുക.

English Summary
The Enforcement Directorate (ED) is preparing to summon Veena T., owner of Exalogic, for further questioning in the CMRL monthly payment case. Investigators reportedly found inconsistencies in her earlier statements and noted the absence of documents supporting her claim that the payments received from CMRL were for IT services. The ED is expected to intensify the probe after receiving additional records from the Serious Fraud Investigation Office (SFIO).

Share This Article