ന്യൂഡൽഹി: പാകിസ്ഥാൻ അടുത്തിടെ വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളുടെ സിഗ്നലുകളെ പ്രതിരോധിക്കാൻ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ അത്യാധുനിക ജാമിംഗ് സംവിധാനം ഒരുക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. ഇതിനായി 449 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്.
ഇന്ത്യൻ നാവികസേനയുടെ 20 യുദ്ധക്കപ്പലുകളിൽ ഘടിപ്പിക്കാനാണ് പുതിയ സംവിധാനം വികസിപ്പിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള അക്കോഡ് സോഫ്റ്റ്‌വെയർ ആൻഡ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡും പ്രതിരോധ മന്ത്രാലയവും ഇതിനായുള്ള കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.
എൻഹാൻസ്ഡ് കപ്പാബിലിറ്റി ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ECGNSS) ജാമറുകളാണ് പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്നത്. പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ഈ സംവിധാനം നിർമ്മിക്കുക.
ആധുനിക മിസൈലുകളുടെയും ഡ്രോണുകളുടെയും പ്രവർത്തനത്തിൽ ഉപഗ്രഹങ്ങളിൽ നിന്നുള്ള നാവിഗേഷൻ വിവരങ്ങൾ നിർണായകമാണ്. ഇത്തരം സിഗ്നലുകളെ തടസ്സപ്പെടുത്തുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യാൻ പുതിയ ജാമിംഗ് സംവിധാനത്തിന് കഴിയുമെന്നാണ് പ്രതിരോധ രംഗത്തെ വിലയിരുത്തൽ.
പാകിസ്ഥാൻ അടുത്തിടെ ആറ് ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പുതിയ നീക്കം ശ്രദ്ധേയമാകുന്നത്. ഉപഗ്രഹങ്ങൾ വഴി ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആക്രമണ സംവിധാനങ്ങൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ, അവയുടെ നാവിഗേഷൻ സംവിധാനത്തെ ബാധിക്കാനുള്ള ശേഷിയാണ് പുതിയ സംവിധാനത്തിന്റെ പ്രധാന സവിശേഷത.
യുദ്ധക്കപ്പലുകളുടെ സ്ഥാനം ശത്രുരാജ്യങ്ങളുടെ റഡാറുകളിൽ നിന്ന് മറച്ചുവയ്ക്കുന്നതിനും ശത്രുവിന്റെ നിരീക്ഷണ സംവിധാനങ്ങളെ കബളിപ്പിക്കുന്നതിനും ഈ സാങ്കേതികവിദ്യ സഹായകരമാകുമെന്നാണ് പ്രതീക്ഷ.
English Summary:
India is set to equip 20 naval warships with an advanced indigenous jamming system worth ₹449 crore to counter satellite-based surveillance and navigation capabilities. The ECGNSS technology is designed to disrupt or mislead satellite signals, enhancing the country’s maritime defence capabilities amid reports of Pakistan launching six Earth observation satellites.
