വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ ലഹരി നൽകി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ലക്ഷങ്ങൾ തട്ടിയെടുത്ത് നിർബന്ധിത മതംമാറ്റത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ! കാൽമേശ്വറിൽ രഹസ്യ ചടങ്ങുകൾ; മൗലാനയ്ക്കായി തിരച്ചിൽ

2 Min Read

മുംബൈ: നാഗ്പുരിൽ വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുകയും നിർബന്ധിത മതംമാറ്റത്തിന് ഇരയാക്കുകയും ചെയ്തെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ. യുവതിയുടെ മുൻ സഹപാഠിയായ അയ്യാസ് താജ് മദാരെ (26), അമീൻ ഷെയ്ഖ് (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിയായ ഹസ്രത്ത് മൗലാനയ്ക്കായി തിരച്ചിൽ തുടരുകയാണ്.

24 വയസ്സുള്ള യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന യുവതിയെ 2025 ഫെബ്രുവരിയിൽ പ്ലോട്ട് വാങ്ങാനെന്ന പേരിൽ അയ്യാസ് ബന്ധപ്പെടുകയും വാർധ റോഡിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തതായാണ് പരാതി. അവിടെ ലഹരി കലർത്തിയ പാനീയം നൽകിയ ശേഷം യുവതിയെ ബോധരഹിതയാക്കി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തുവെന്നാണ് ആരോപണം.

തുടർന്ന് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും ഏകദേശം 3.09 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.

പീഡനത്തിന് പിന്നാലെ യുവതിയെ മതംമാറ്റാൻ സമ്മർദം ചെലുത്തിയതായും പരാതിയിലുണ്ട്. മെയ് മാസത്തിൽ നാഗ്പുരിലെ കാൽമേശ്വറിന് സമീപമുള്ള വിജനമായ സ്ഥലത്ത് മതപരമായ ചടങ്ങുകൾ നടത്തി മതംമാറ്റം പൂർത്തിയായതായി പ്രതികൾ അവകാശപ്പെട്ടുവെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ടതായി പറയപ്പെടുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മതംമാറ്റത്തിന് ശേഷം അയ്യാസ് തന്നെ വിവാഹം കഴിച്ചതായി പ്രഖ്യാപിക്കുകയും വീണ്ടും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്തുവെന്നും യുവതി ആരോപിച്ചു.

ബലാത്സംഗം, ഭീഷണിപ്പെടുത്തി പണം തട്ടൽ, നിർബന്ധിത മതംമാറ്റം തുടങ്ങിയ വകുപ്പുകൾക്ക് പുറമെ മഹാരാഷ്ട്രയിലെ അന്ധവിശ്വാസങ്ങളും മനുഷ്യത്വരഹിത ആചാരങ്ങളും തടയുന്നതിനുള്ള നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

English Summary:
Two men have been arrested in Nagpur following allegations that they drugged and sexually assaulted the wife of an Air Force officer, recorded the act, extorted ₹3.09 lakh through blackmail, and forced her to undergo religious conversion. Police are searching for a third accused. Several charges, including rape, extortion, and forced conversion, have been invoked, and the investigation is ongoing.



Share This Article