നിപ, ഷിഗെല്ല രോഗഭീതി നിലനിൽക്കെ കോഴിക്കോട് ജില്ലയിൽ മലേറിയയും സ്ഥിരീകരിച്ചു. തിക്കോടിയിൽ ജോലി ചെയ്യുന്ന മധ്യപ്രദേശ് സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളിക്കാണ് രോഗം ബാധിച്ചത്.
ഏതാനും ആഴ്ചകൾക്ക് മുൻപ് ജോലി തേടി നാട്ടിലെത്തിയ ഇയാൾക്ക് മധ്യപ്രദേശിൽ നിന്നാകാം രോഗം പകർന്നതെന്നാണ് ആരോഗ്യപ്രവർത്തകരുടെ പ്രാഥമിക നിഗമനം. രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്.
കൊതുകുകളിലൂടെ പകരുന്ന പരാദങ്ങളാണ് മലേറിയയ്ക്ക് കാരണമാകുന്നത്. കടുത്ത പനി, വിറയൽ, തലവേദന, ഛർദി, പേശിവേദന, അമിതമായ വിയർപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
രോഗബാധിതനെ കടിക്കുന്ന കൊതുക് വഴി മറ്റുള്ളവരിലേക്ക് രോഗം എത്തുന്നു. ശരീരത്തിൽ പ്രവേശിക്കുന്ന പരാദങ്ങൾ കരളിൽ മാസങ്ങളോളം നിർജീവമായി കിടന്ന ശേഷം രക്തകോശങ്ങളെ ബാധിക്കുകയും ലക്ഷണങ്ങൾ പ്രകടമാവുകയും ചെയ്യുന്നു.
രോഗിയുമായുള്ള രക്തബന്ധം, മലിനമായ സൂചികളുടെ ഉപയോഗം എന്നിവ വഴിയും രോഗം പകരാം.
കൊതുകുകൾ പെരുകുന്നത് തടയുന്നതാണ് മലേറിയയെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം.
കൊതുകുകൾ ധാരാളമുള്ള പ്രദേശങ്ങൾ ഒഴിവാക്കുക, ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, ജനലുകളിലും വാതിലുകളിലും വലകൾ പിടിപ്പിക്കുക, ഇൻസെക്ട് റെപ്പല്ലന്റുകൾ ഉപയോഗിക്കുക എന്നിവ പ്രധാനമാണ്.
ഗർഭിണികൾ, കുട്ടികൾ, വയോധികർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.
English Summary
Following reports of Malaria in a migrant worker in Kozhikode, health officials have initiated preventive measures. Public awareness on symptoms, transmission via mosquitoes, and essential precautions is advised.
