കൊച്ചി/തിരുവനന്തപുരം: ചങ്ങനാശേരി പെരുന്നയിലെ ഒരു ചെറിയ പലചരക്ക്-പച്ചക്കറി കടക്കാരന്റെ മകൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വെറുമൊരു ‘വാച്ചർ’ (ദേവസ്വം ഗാർഡ്) ആയി തുടക്കം.
ഒടുവിൽ, രാഷ്ട്രീയ-സമുദായ സ്വാധീനങ്ങളുടെ ബലത്തിൽ കോടീശ്വരനായി വളർന്ന്, ഒടുവിൽ ജയിൽവാസവും രോഗബാധയും നൽകിയ തകർച്ചയിലേക്ക് വീണ് അന്തരിച്ച മുൻ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ബി. മുരാരി ബാബുവിന്റെ ജീവിതം ഏതൊരു സിനിമാക്കഥയെയും വെല്ലുന്ന നാടകീയത നിറഞ്ഞതായിരുന്നു.
അർബുദ രോഗബാധയെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ അദ്ദേഹം അന്തരിക്കുമ്പോൾ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയൊരു വിവാദ അധ്യായത്തിനാണ് അന്ത്യമാകുന്നത്.
വിലാസങ്ങളിൽ നിന്ന് വിലാസങ്ങളിലേക്ക്: വാച്ചറിൽ നിന്ന് ഡെപ്യൂട്ടി കമ്മീഷണറിലേക്ക്
ഒരു സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്നായിരുന്നു മുരാരി ബാബുവിന്റെ വളർച്ച. എൻഎസ്എസ് മുൻ പ്രസിഡന്റും മുൻ മന്ത്രിയുമായിരുന്ന എൻ. ഭാസ്കരൻ നായരുടെ ആശിർവാദമാണ് അദ്ദേഹത്തെ ദേവസ്വം ബോർഡിലെത്തിച്ചത്. ഭാസ്കരൻ നായരുടെ ഗുമസ്തനായിരുന്നു മുരാരിയുടെ കൊച്ചച്ഛൻ എന്ന ബന്ധം ഇതിന് വഴിയൊരുക്കി.
ഇതിനിടെ 1994-ൽ പൊലീസിൽ കോൺസ്റ്റബിളായി ജോലി ലഭിച്ചതിനെത്തുടർന്ന് കണ്ണൂരിൽ പരിശീലനത്തിന് പോയെങ്കിലും, കഠിനമായ ശാരീരിക പരിശീലനം താങ്ങാനാകാതെ ആ ജോലി ഉപേക്ഷിച്ച് മുരാരി പെരുന്നയിലേക്ക് തന്നെ മടങ്ങിയെത്തി.
തുടർന്ന് ഭാസ്കരൻ നായരുടെ ഇടപെടലിലൂടെ ദേവസ്വം ബോർഡിൽ രണ്ടാമതും പ്രവേശനം ഉറപ്പാക്കി. ഭാസ്കരൻ നായരുടെ സഹായിയായി തുടങ്ങി പിന്നീട് ക്ലർക്കായി സ്ഥിരം നിയമനം നേടിയ മുരാരി, പ്രൊമോഷനുകളിലൂടെ ഡെപ്യൂട്ടി കമ്മീഷണർ പദവി വരെ ഉയർന്നത് അതിവേഗമായിരുന്നു. പഠിക്കുന്ന കാലം തൊട്ടേ സി.പി.എം അനുഭാവിയായിരുന്ന അദ്ദേഹം, സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷന്റെ സജീവ അംഗവുമായിരുന്നു.
പെരുന്നയിലെ ആചാര സംരക്ഷകനും ഭാവി പ്രസിഡന്റും?
ശബരിമല സ്ത്രീ പ്രവേശന വിവാദ സമയത്ത് സന്നിധാനത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. ഈ കാലയളവിലാണ് എൻഎസ്എസ് ആസ്ഥാനവുമായി അദ്ദേഹം കൂടുതൽ അടുത്തത്. “ശബരിമലയിൽ സ്ത്രീകളെ കയറാൻ അനുവദിക്കാത്തത് താനാണ്” എന്ന തരത്തിലുള്ള സന്ദേശങ്ങൾ വരെ എൻഎസ്എസിലെ പ്രമുഖർക്ക് കൈമാറിക്കൊണ്ട്, തന്ത്രിയുമായും സമുദായ നേതൃത്വവുമായും നിരന്തരം സംസാരിച്ച് പെരുന്നയിൽ ഒരു ‘ആചാര സംരക്ഷകൻ’ എന്ന ഇമേജ് അദ്ദേഹം കെട്ടിപ്പടുത്തു.
ഇതിന്റെ ഫലമായി ഭാര്യയ്ക്ക് എൻഎസ്എസ് ആസ്ഥാനത്ത് ജോലി ലഭിക്കുകയും, സമവായത്തിലൂടെ പെരുന്ന കരയോഗം വൈസ് പ്രസിഡന്റ് പദവിയിലേക്ക് അദ്ദേഹം എത്തുകയും ചെയ്തു. ദേവസ്വം ബോർഡിന്റെ ഭാവി പ്രസിഡന്റ് സ്ഥാനത്തേക്ക് വരെ മുരാരി ബാബുവിന്റെ പേര് ചർച്ച ചെയ്യപ്പെടുന്ന ഘട്ടത്തിലാണ് ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസ് പുറത്തുവരുന്നത്. “അയ്യപ്പന്റെ ഇടപെടലുകളാണ് ഈ കള്ളക്കളികൾ പുറത്തെത്തിച്ചത്” എന്നാണ് ഇപ്പോൾ പെരുന്നക്കാർക്കിടയിലെ സംസാരം.
തേക്ക് കൊട്ടാരവും വനംവകുപ്പിലെ ‘മായാജാലവും’
ഒരു സാധാരണ ദേവസ്വം ജീവനക്കാരന്റെ ശമ്പളം കൊണ്ട് ചിന്തിക്കാൻ പോലുമാകാത്ത സമ്പാദ്യമാണ് മുരാരി ബാബുവിനുണ്ടായിരുന്നതെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിട്ടുണ്ട്. 2019-ൽ തന്റെ പഴയ തറവാടിരുന്ന സ്ഥലത്ത് ഒന്നര വർഷം കൊണ്ട് അദ്ദേഹം ഒരു കൂറ്റൻ രണ്ടു നില സൗധം പണിയുയർത്തി. നാട്ടുകാർ ഇതിനെ ‘തേക്ക് കൊട്ടാരം’ എന്നാണ് വിളിച്ചിരുന്നത്. ഏതാണ്ട് രണ്ട് കോടിയോളം രൂപ ചെലവിട്ട് നിർമ്മിച്ച ഈ വീട്ടിലെ തേക്ക് തടികളുടെ ഉറവിടം അന്വേഷണ സംഘത്തെ ഞെട്ടിക്കുന്നതായിരുന്നു.
ക്ഷേത്രാവശ്യങ്ങൾക്കെന്ന പേരിൽ തെറ്റിദ്ധരിപ്പിച്ചാണ് ഈ തേക്ക് തടികൾ വനംവകുപ്പിന്റെ കോട്ടയം നട്ടാശേരി ഡിപ്പോ വഴി മുരാരി ബാബു സംഘടിപ്പിച്ചത്. തിരുനക്കര, ഏറ്റുമാനൂർ ക്ഷേത്രങ്ങളിലെയും ദേവസ്വം ഗസ്റ്റ് ഹൗസിലെയും പണികൾക്കായി വനം ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തടി തരപ്പെടുത്തിയെങ്കിലും, ഈ ക്ഷേത്രങ്ങളിലൊന്നും ഇത്രയധികം തടിപ്പണികൾ നടന്നിട്ടില്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. ഏറ്റുമാനൂർ ക്ഷേത്രത്തിൽ പടിഞ്ഞാറേനടയിലെ കട്ടിള മാറാനായി പാഴ്ത്തടിയാണ് എത്തിച്ചിരുന്നത്. ഉപദേശകസമിതി എതിർത്തതിനാൽ ആ പണി നടന്നതുമില്ല. അങ്ങനെയെങ്കിൽ ക്ഷേത്രങ്ങളുടെ പേരിൽ കടത്തിയ ആ വിലകൂടിയ തേക്കുതടികൾ എങ്ങോട്ട് പോയി എന്ന ചോദ്യത്തിന് ഉത്തരം പെരുന്നയിലെ ആ തേക്ക് സൗധം തന്നെയായിരുന്നു.
ശബരിമല സ്വർണ്ണക്കവർച്ചയുടെ ചുരുളഴിയുമ്പോൾ
2019-ൽ ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപങ്ങൾ എന്നിവയിലെ സ്വർണ്ണം പൊതിഞ്ഞ പാളികൾ പുറത്തുകടത്തി കവർന്ന കേസിലാണ് മുരാരി ബാബു അഴിക്കുള്ളിലായത്. 1998-ൽ വിജയ് മല്യ സമർപ്പിച്ച സ്വർണ്ണം പൊതിഞ്ഞ പാളികളാണ് ഇവയെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും, കത്തുകളിലും മഹസറുകളിലും ഇവ ‘ചെമ്പ് പാളികൾ’ എന്ന് ബോധപൂർവ്വം മാറ്റിയെഴുതിയത് മുരാരിയായിരുന്നു.
തന്ത്രിയുടെ അനുമതിയില്ലാതെ പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോകാൻ കൂട്ടുനിന്നതും, ഉണ്ണിക്കൃഷ്ണൻ പോറ്റി ഇവ കൊണ്ടുപോയി 39 ദിവസങ്ങൾക്ക് ശേഷം മാത്രം ചെന്നൈയിൽ എത്തിച്ചിട്ടും അതിൽ വീഴ്ച തിരക്കാതിരുന്നതും മുരാരിയുടെ ഭാഗത്തുനിന്നുണ്ടായ ആസൂത്രിത നീക്കങ്ങളാണെന്ന് വിജിലൻസും എസ്.ഐ.ടിയും കണ്ടെത്തി.
ഇതേ കാലയളവിലാണ് പെരുന്നയിലെ വീടുപണിയും നടന്നത് എന്നത് കവർച്ചയും സാമ്പത്തിക സ്രോതസ്സും തമ്മിലുള്ള ബന്ധം അടിവരയിടുന്നു.
ശബരിമലയ്ക്ക് പുറമെ, മുൻപ് ജോലി ചെയ്തിരുന്ന വൈക്കം, ഏറ്റുമാനൂർ, തിരുനക്കര ക്ഷേത്രങ്ങളിലെ ആനക്കരാറുകളിലെ ക്രമക്കേടുകൾ, ക്ഷേത്രത്തിലെ സ്വർണ്ണ രുദ്രാക്ഷമാല കാണാതായത്, ശ്രീകോവിലിലെ തീപിടിത്തം എന്നിവയിലെല്ലാം ഇദ്ദേഹത്തിന്റെ പങ്ക് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു.
ഭക്തരുടെ പ്രവചനവും അയ്യപ്പകോപവും
ശബരിമലയിൽ ഇത്തരമൊരു കവർച്ചാ വിവാദം ഉയർന്നുവന്ന ഘട്ടത്തിൽ തന്നെ വൻ പ്രതിഷേധവുമായി ഭക്തർ രംഗത്തിറങ്ങിയിരുന്നു. കാനനവാസന്റെ തിരുസന്നിധിയിൽ വെച്ച് കോടികളുടെ തിരിമറി നടത്തിയവർക്കും അതിന് ഒത്താശ ചെയ്തവർക്കും നേരെ കടുത്ത “അയ്യപ്പകോപം” ഉണ്ടാകുമെന്ന് അന്ന് ഭക്തർ പരസ്യമായി വിളിച്ചുപറഞ്ഞിരുന്നു. ധർമ്മശാസ്താവിന്റെ തിരുവാഭരണങ്ങളിലും തിരുനടയിലും കൈവെക്കുന്നവർക്ക് കാലം കരുതിവെക്കുന്ന ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന ഭക്തരുടെ അന്നത്തെ പ്രവചനങ്ങൾ മുരാരി ബാബുവിന്റെ പതനത്തോടെ വീണ്ടും ചർച്ചയാവുകയാണ്.
ജയിൽവാസവും തകർച്ചയും
സ്വർണ്ണക്കേസിൽ അറസ്റ്റിലായി
തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ 90 ദിവസത്തോളം റിമാൻഡിൽ കഴിഞ്ഞ ശേഷമാണ് മുരാരി ബാബുവിന് ജാമ്യം ലഭിച്ചത്. കവർച്ചാ കേസ് പുറത്തുവന്നതോടെ എൻഎസ്എസ് കരയോഗം വൈസ് പ്രസിഡന്റ് പദവി നഷ്ടപ്പെടുകയും, ഹരിപ്പാട് ദേവസ്വത്തിലേക്ക് മാറ്റിയ അദ്ദേഹത്തെ ബോർഡ് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
ജയിൽ മോചിതനായ ശേഷമുണ്ടായ കടുത്ത മാനസിക സമ്മർദ്ദവും ശരീരഭാരത്തിലുണ്ടായ കഠിനമായ കുറവും ഒടുവിൽ അദ്ദേഹത്തെ നാലാം സ്റ്റേജ് കാൻസറിലെത്തിക്കുകയായിരുന്നു. കോടികളുടെ സമ്പാദ്യവും വലിയ സമുദായ-രാഷ്ട്രീയ സ്വാധീനങ്ങളും ഉണ്ടായിരുന്നിട്ടും, അവസാന നാളുകളിൽ രോഗശയ്യയിലായ മുരാരി ബാബുവിന്റെ അന്ത്യം തികച്ചും ദയനീയമായിരുന്നു. കേസിന്റെ അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിക്കുന്ന ഘട്ടത്തിലായതിനാൽ, മുഖ്യപ്രതിയുടെ മരണം തുടർനടപടികളെ ബാധിക്കില്ലെന്ന് എസ്.ഐ.ടി വ്യക്തമാക്കിയിട്ടുണ്ട്. അഴിമതിയുടെയും ആചാരലംഘനത്തിന്റെയും കറപുരണ്ട ഒരു വലിയ സാമ്രാജ്യമാണ് മുരാരി ബാബുവിന്റെ വിടവാങ്ങലോടെ തകർന്നടിഞ്ഞിരിക്കുന്നത്.
English Summary: Former Travancore Devaswom Board Deputy Commissioner B. Murari Babu, who rose from the position of a watchman to one of the board’s senior administrative posts, has died while undergoing treatment for cancer. His career was marked by both professional advancement and controversies, including his alleged involvement in the 2019 Sabarimala gold case. Investigations by Vigilance and the Special Investigation Team had highlighted alleged irregularities, and legal proceedings in the case were continuing at the time of his death.
