‘പോലീസിന് രാഷ്ട്രീയ സമ്മർദ്ദം’; ലക്ഷ്മിപ്രിയക്കും എസ്‌ഐക്കുമെതിരെ എഫ്ഐആർ ആവശ്യപ്പെട്ട് അൻസിബ കോടതിയിൽ

2 Min Read

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യ്ക്കുള്ളിലെ ആഭ്യന്തര കലഹങ്ങൾ തെരുവിലേക്കും ഇപ്പോൾ കോടതിയിലേക്കും പടർന്നിരിക്കുകയാണ്. മുൻ ജോയിന്റ് സെക്രട്ടറി അൻസിബ ഹസൻ, നടി ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ വനിതാ പോലീസ് സ്റ്റേഷനിലെ എസ്‌ഐ രേഷ്മയ്ക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു.

രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി പോലീസ് തന്റെ പരാതിയിൽ നടപടിയെടുക്കുന്നില്ലെന്നും കേസ് രജിസ്റ്റർ ചെയ്യുന്നില്ലെന്നുമാണ് അൻസിബയുടെ പ്രധാന ആരോപണം. ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിഷയത്തിൽ പോലീസിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ അൻസിബ പരാതി നൽകിയിരുന്നുവെങ്കിലും പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്ന റിപ്പോർട്ടാണ് സമർപ്പിക്കപ്പെട്ടത്. ഇതിനെത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച വീണ്ടും പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് താരം കോടതിയെ അഭയം പ്രാപിച്ചത്.

നടി ലക്ഷ്മിപ്രിയ, അവരുടെ ഭർത്താവ്, വനിതാ എസ്‌ഐ എന്നിവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നാണ് അൻസിബയുടെ ആവശ്യം. താരസംഘടനയുടെ ജനറൽ ബോഡി യോഗം അടുത്ത ദിവസങ്ങളിൽ ചേരാനിരിക്കെ ഈ നിയമപോരാട്ടം സംഘടനയെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

അൻസിബ ഉന്നയിക്കുന്ന ആരോപണങ്ങൾ അതീവ ഗുരുതരമാണ്. നടൻ ടിനി ടോം തന്നെ ‘ജിഹാദി’ എന്ന് വിളിച്ച് വർഗീയമായി അധിക്ഷേപിച്ചുവെന്നും അവിഹിത ബന്ധങ്ങൾ ആരോപിച്ചുകൊണ്ട് വ്യക്തിഹത്യ നടത്തിയെന്നുമാണ് നടി പരാതിപ്പെടുന്നത്.

എന്നാൽ അൻസിബയുടെ ഈ നീക്കങ്ങൾക്ക് മറുപടിയായി പത്ത് കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് നടി ലക്ഷ്മിപ്രിയയും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ സിനിമാ ലോകത്തെ ചേരിതിരിവ് മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

സംഘടനയുടെ അച്ചടക്കം ലംഘിച്ചുവെന്ന് കാണിച്ച് അൻസിബ ഹസൻ, ലക്ഷ്മിപ്രിയ, ടിനി ടോം, ജോയ് മാത്യു എന്നിവർക്ക് ‘അമ്മ’ നേതൃത്വം കാരണംകാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാൽ താൻ ഏത് ചട്ടമാണ് ലംഘിച്ചതെന്ന് കൃത്യമായി ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അൻസിബ സംഘടനയ്ക്ക് മറുപടി നൽകി. സംഘടനയുടെ ബൈലോയിലെ ആർട്ടിക്കിൾ 5 പ്രകാരമുള്ള കൃത്യമായ വകുപ്പ് ഏതാണെന്ന് തനിക്ക് അറിയണമെന്നാണ് താരത്തിന്റെ നിലപാട്.

താൻ ഉന്നയിച്ച ആരോപണങ്ങളിൽ നിന്നും പരാതികളിൽ നിന്നും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് അൻസിബ ഹസൻ. സംഘടനയെ നയിക്കുന്നവർക്ക് അത്യാവശ്യം വേണ്ടത് അംഗങ്ങളെ കേൾക്കാനുള്ള മനസ്സും കരുണയുമാണെന്ന് നടി തുറന്നടിച്ചു. നീതിക്കൊപ്പം നിൽക്കാത്ത നേതൃത്വം സംഘടനയിൽ അരാജകത്വമാണ് സൃഷ്ടിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. ജനറൽ ബോഡിയിൽ ഈ വിഷയങ്ങൾ വലിയ ചർച്ചയാകുമെന്നുറപ്പാണ്.

English Summary

Actress Ansiba Hassan approached Thrippunithura Magistrate Court seeking an FIR against actress Lakshmipriya and a woman SI, alleging police inaction due to political pressure. The conflict involves allegations of verbal abuse and communal slurs within the AMMA organization. Meanwhile, AMMA issued show-cause notices to several members involved in the dispute.

Share This Article