ഓർഡിനറി മാത്രം പോര, ഫാസ്റ്റും സൂപ്പറും വേണം! കോട്ടയം ഡിപ്പോയിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ബിജെപി

2 Min Read

കോട്ടയം: സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി ഓർഡിനറി ബസുകളിൽ മാത്രം നടപ്പാക്കിയതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ കോട്ടയം ബസ് സ്റ്റാൻഡിൽ ഫാസ്റ്റ് പാസഞ്ചർ ബസ് തടഞ്ഞു. കെഎസ്ആർടിസിയുടെ എല്ലാ വിഭാഗം ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ബസ് സ്റ്റാൻഡിനുള്ളിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് കുറച്ചുനേരം ഗതാഗതം തടസപ്പെടുകയും യാത്രക്കാർക്ക് അസൗകര്യം നേരിടുകയും ചെയ്തു. സർക്കാർ പ്രഖ്യാപനം പൂർണമായി നടപ്പാക്കാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം.

ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ ദീർഘദൂര യാത്ര നടത്തുന്ന സ്ത്രീകൾക്ക് കാര്യമായ പ്രയോജനം ലഭിക്കുന്നില്ലെന്നും ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ഉൾപ്പെടെയുള്ള എല്ലാ സർവീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ മാറ്റുന്നതിനായി വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി. ബസിൽ കയറിയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാൽ ബസിലുണ്ടായിരുന്ന യാത്രക്കാരിൽ പലരും പ്രതിഷേധത്തിനെതിരെ രംഗത്തെത്തി. ജോലിക്കും ആശുപത്രി ആവശ്യങ്ങൾക്കുമായി എത്തിയവരായിരുന്നു ഭൂരിഭാഗം യാത്രക്കാരും. ബസ് തടഞ്ഞതോടെ ഇവർക്ക് ഏറെ ബുദ്ധിമുട്ട് നേരിട്ടു.

പല യാത്രക്കാരും പ്രതിഷേധക്കാരോട് പ്രതിഷേധം രേഖപ്പെടുത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. തുടർന്ന് പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കുകയായിരുന്നു.

കെഎസ്ആർടിസിയുടെ എല്ലാ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തുമെന്നായിരുന്നു അധികാരത്തിലെത്തുന്നതിന് മുമ്പ് യുഡിഎഫ് നൽകിയ വാഗ്ദാനമെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ബിജെപി നേരത്തെ തീരുമാനമെടുത്തിരുന്നത്.

സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രവർത്തകരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം ശക്തമാക്കുമെന്നും ബിജെപി നേതൃത്വം മുന്നറിയിപ്പ് നൽകി.

English Summary

BJP workers staged a protest in Kottayam by blocking a KSRTC Fast Passenger bus, demanding free travel for women in all categories of KSRTC services. They alleged that limiting the benefit to ordinary buses violates the government’s promise and affects long-distance women passengers. The protest caused traffic disruption and inconvenience to commuters before police intervened to restore normalcy.

Share This Article