തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അപകടകാരികളായ തെരുവുനായ്ക്കൾക്ക് ദയാവധം നടപ്പാക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു. ഇതിനായി സംസ്ഥാനതലത്തിൽ മേൽനോട്ട സമിതി രൂപീകരിച്ചു. ഉത്തരവിറങ്ങിയാലുടൻ തദ്ദേശസ്ഥാപന തലത്തിലും സമിതികൾ രൂപീകരിച്ച് ദയാവധ നടപടികൾ ആരംഭിക്കാനാകും.
അപകടകാരികളായ നായകളുടെ പട്ടിക തയ്യാറാക്കിയ ശേഷമായിരിക്കും ദയാവധം നടപ്പാക്കുക. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല സമിതിയിൽ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, സംസ്ഥാന പബ്ലിക് ഹെൽത്ത് ആൻഡ് എൻവയോൺമെന്റ് ഓഫീസർ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ, ആരോഗ്യവകുപ്പ് ഡയറക്ടർ, അനിമൽ വെൽഫെയർ ബോർഡ് അംഗം എന്നിവർ അംഗങ്ങളാണ്.
തദ്ദേശസ്ഥാപന അധ്യക്ഷന്റെ നേതൃത്വത്തിലുള്ള പ്രാദേശിക സമിതിയിൽ അനിമൽ വെൽഫെയർ ബോർഡ് അംഗം, മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സർജൻ, തദ്ദേശസ്ഥാപനത്തിലെ പദ്ധതിനിർവഹണ ചുമതലയുള്ള വെറ്ററിനറി സർജൻ എന്നിവർ അംഗങ്ങളായിരിക്കും. ദയാവധവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സംസ്ഥാനതല സമിതിക്ക് കൈമാറുകയും നിയമം ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.
2023ലെ അനിമൽ ബർത്ത് കൺട്രോൾ ചട്ടങ്ങളിലെ മാർഗനിർദേശങ്ങളായിരിക്കും ഇതിനായി ബാധകമാകുക. ദയാവധത്തിനുള്ള അനുമതിയുടെ മറവിൽ നായ്ക്കളെ കൂട്ടത്തോടെ കൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരമില്ലെന്നും സർക്കാർ വ്യക്തമാക്കി.
ആക്രമണ സ്വഭാവമില്ലാത്ത നായകൾക്കായി വന്ധ്യംകരണ കേന്ദ്രങ്ങളും ഷെൽട്ടറുകളും സ്ഥാപിക്കണമെന്നും വന്ധ്യംകരണത്തിന് ശേഷം പൊതുസ്ഥലങ്ങളിൽ വീണ്ടും തുറന്നുവിടരുതെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം കോർപറേഷൻ എൻജിഒകളുടെ സഹകരണത്തോടെ തെരുവുനായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്. തൃക്കാക്കരയിൽ ഷെൽട്ടർ കേന്ദ്രം പൂർത്തിയായതോടെ അനിമൽ വെൽഫെയർ ബോർഡിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. അങ്കമാലി, കൊച്ചി, കൊല്ലം എന്നിവിടങ്ങളിലും പുതിയ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
മാർഗനിർദേശങ്ങൾ പ്രകാരം ആക്രമണകാരികളായ നായകളെ പിടികൂടി നിരീക്ഷണത്തിലാക്കണം. തദ്ദേശസ്ഥാപന തലത്തിലുള്ള സമിതിയിലെ വെറ്ററിനറി സർജൻമാരാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. യോഗ്യതയുള്ള വെറ്ററിനറി സർജന്മാർക്ക് മാത്രമേ ദയാവധം നടപ്പാക്കാൻ അധികാരമുള്ളൂ. സോഡിയം പെന്റോബാർബിറ്റൽ പോലുള്ള അംഗീകൃത മരുന്നുകൾ ഉപയോഗിച്ച് വേദനയില്ലാത്ത രീതിയിലായിരിക്കണം നടപടികൾ പൂർത്തിയാക്കേണ്ടത്.
English Summary
The Kerala government has initiated steps to implement euthanasia for dangerous stray dogs in accordance with a Supreme Court order. State-level and local monitoring committees will oversee the process, which will follow the Animal Birth Control Rules, 2023. Authorities clarified that mass killing of dogs is not permitted and that only identified aggressive dogs can be euthanized under veterinary supervision.
