കേരളത്തിന് 10 ലോക്‌സഭാ സീറ്റുകൾ കൂടി ലഭിച്ചേക്കും!  ആകെ സീറ്റുകൾ 824 ആക്കാൻ കേന്ദ്ര നീക്കം; യുപിക്കും തമിഴ്‌നാടിനും സീറ്റുകൾ വാരും; പ്രധാനമന്ത്രിക്ക് ലഭിച്ച റിപ്പോർട്ടിലെ വിവരങ്ങൾ

2 Min Read

ന്യൂഡൽഹി: രാജ്യത്തെ ലോക്‌സഭാ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയത്തിനും സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനും ശുപാർശയുമായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിലിന്റെ റിപ്പോർട്ട്. കൗൺസിൽ അംഗങ്ങളായ ഷാമി രവിയും മുദിത് കപൂറും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ട് പ്രധാനമന്ത്രിക്ക് സമർപ്പിച്ചു.

നിലവിലെ 543 ലോക്‌സഭാ മണ്ഡലങ്ങളിൽ 170 എണ്ണം വിഭജിച്ച് പുതിയ മണ്ഡലങ്ങൾ രൂപീകരിക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം. ഇതിൽ 59 മണ്ഡലങ്ങൾ രണ്ടായും 111 മണ്ഡലങ്ങൾ മൂന്നായും വിഭജിക്കണമെന്നാണ് ശുപാർശ.

ജനസംഖ്യയും മണ്ഡലങ്ങളുടെ വിസ്തൃതിയും അടിസ്ഥാനമാക്കിയാണ് പുനർനിർണയ നിർദേശങ്ങൾ. കേരളം, തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വലിയ മണ്ഡലങ്ങളും പുനർവിഭജന പരിധിയിൽ ഉൾപ്പെടുന്നു.

ശുപാർശകൾ നടപ്പായാൽ കേരളത്തിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 20ൽ നിന്ന് 30 ആയി ഉയരും. മറ്റ് സംസ്ഥാനങ്ങളിലെ നിർദേശിത വർധനവ് ഇങ്ങനെയാണ്:

  • തമിഴ്നാട്: 39 → 59
  • കർണാടക: 28 → 42
  • തെലങ്കാന: 17 → 28
  • ആന്ധ്രപ്രദേശ്: 25 → 38
  • ഉത്തർപ്രദേശ്: 80 → 120
  • മഹാരാഷ്ട്ര: 48 → 72

2027ലെ ജനസംഖ്യാ കണക്കെടുപ്പിന് ശേഷം മണ്ഡല പുനർനിർണയം നടപ്പാക്കണമെന്നാണ് റിപ്പോർട്ടിന്റെ ശുപാർശ.

അതേസമയം, രാജ്യവ്യാപകമായി പുതിയ അതിർത്തി നിർണയം നടത്തി ലോക്‌സഭാ സീറ്റുകളുടെ എണ്ണം 550ൽ നിന്ന് 824 ആയി ഉയർത്തുന്നതിനുള്ള നിയമനടപടികൾ പുനരാരംഭിക്കാനുള്ള ആലോചനയിലാണ് കേന്ദ്ര സർക്കാർ. ലോക്‌സഭയിലും നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതിനുള്ള നീക്കങ്ങളും ഇതോടൊപ്പം പരിഗണനയിലുണ്ട്.

സ്ത്രീകൾക്കായി പ്രത്യേക പോളിങ് ബൂത്തുകൾ ഒരുക്കുക, വോട്ടെടുപ്പ് സമയം ദീർഘിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

English Summary:
A report submitted to the Prime Minister has recommended redrawing the boundaries of 170 Lok Sabha constituencies and increasing parliamentary representation across several states. If implemented after the 2027 Census, Kerala’s Lok Sabha seats could rise from 20 to 30. The report also supports increasing the total number of Lok Sabha seats and expanding women’s representation in legislatures.



Share This Article