കോഴിക്കോട്: നിപ്പ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേക ഐസലേഷൻ വാർഡിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലുള്ള യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. മെഡിക്കൽ പ്രോട്ടോക്കോൾ പ്രകാരം രണ്ട് നോഡൽ ഓഫീസർമാരുടെ മേൽനോട്ടത്തിലാണ് ചികിത്സ പുരോഗമിക്കുന്നത്.
രോഗിയുടെ ആരോഗ്യനില എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഡോക്ടർമാരുടെ പ്രത്യേക സംഘം വിലയിരുത്തുന്നുണ്ട്. മെഡിക്കൽ ബോർഡിന്റെ ശുപാർശപ്രകാരം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) മാർഗനിർദേശങ്ങൾ പാലിച്ച് മോണോക്ലോണൽ ആന്റിബോഡിയുടെ ആദ്യ ഡോസും നൽകിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ പുതിയ നിപ്പ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ക്വാറന്റീനിൽ കഴിയുന്ന മൂന്ന് പേരെ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അവരുടെ സ്രവസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായും മന്ത്രി വ്യക്തമാക്കി.
രോഗിയുടെ സ്വദേശമായ രാമനാട്ടുകരയിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. രോഗബാധിതന്റെ വീടിന് സമീപവും അദ്ദേഹം താൽക്കാലികമായി ജോലി ചെയ്തിരുന്ന ഫാറൂഖ് കോളജ് തപാൽ ഓഫീസിലും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.
ആദ്യഘട്ടത്തിൽ 77 പേരെ ഉൾപ്പെടുത്തിയിരുന്ന സമ്പർക്കപ്പട്ടികയിൽ 10 പേരെ കൂടി ഉൾപ്പെടുത്തിയതോടെ ആകെ എണ്ണം 87 ആയി. ഇതിൽ നാല് പേർ ഹൈയസ്റ്റ് റിസ്ക് വിഭാഗത്തിലും 16 പേർ ഹൈ റിസ്ക് വിഭാഗത്തിലും 67 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്. രോഗിയുടെ ഭാര്യ, രണ്ട് മക്കൾ, മാതാപിതാക്കൾ എന്നിവർക്കു നിലവിൽ രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണവും തുടരുകയാണ്. രോഗിയുടെ വീടിന് സമീപമുള്ള സപ്പോട്ട മരത്തിലെ പഴങ്ങളിൽ പഴംതീനി വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ അതുവഴിയുള്ള രോഗവ്യാപന സാധ്യതയും പരിശോധിക്കുന്നുണ്ട്. ഗോഡൗണിൽ നിന്നുള്ള രോഗബാധയെന്ന പ്രാഥമിക സംശയത്തിന് നിലവിൽ സാധ്യത കുറവാണെന്നാണ് വിദഗ്ധ സംഘത്തിന്റെ വിലയിരുത്തൽ.
നാഷണൽ ഡിസീസ് കൺട്രോൾ സെന്ററിലെ വിദഗ്ധ സംഘം ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സന്ദർശനം നടത്തും. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാമനാട്ടുകരയിലെ 286 വീടുകളിൽ ആരോഗ്യപ്രവർത്തകർ സർവേ നടത്തിയപ്പോൾ 12 പേർക്ക് പനി കണ്ടെത്തിയെങ്കിലും നിപ്പയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, മൃഗങ്ങളിൽ നിന്നുള്ള രോഗപ്പകർച്ച തടയുന്നതിനും നിരീക്ഷണം ശക്തമാക്കുന്നതിനുമായി മൃഗസംരക്ഷണ വകുപ്പ് ജില്ലാതല കൺട്രോൾ റൂം ആരംഭിച്ചു. വവ്വാലുകളുടെ സാന്നിധ്യമുള്ള മേഖലകൾ, വളർത്തുമൃഗങ്ങൾ, പന്നി ഫാമുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രത്യേക നിരീക്ഷണം നടത്തുന്നത്.
English Summary:
The condition of the Nipah-infected youth undergoing treatment at Kozhikode Medical College remains critical and he is on ventilator support. Health authorities have expanded the contact list to 87 individuals and intensified surveillance measures. No new Nipah cases have been reported so far, while investigations continue to identify the source of infection.
