കണ്ണൂർ: നഗരമധ്യത്തിൽ വ്യാപാരികളെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തി വൻ മോഷണപരമ്പര. പ്രസ് ക്ലബ് റോഡിലെ ഏഴ് വ്യാപാര സ്ഥാപനങ്ങളിലും പയ്യാമ്പലത്തെ ഒരു പ്രമുഖ കഫേയിലുമാണ് ഒരേ രാത്രിയിൽ കവർച്ച നടന്നത്. പണം, മൊബൈൽ ഫോണുകൾ, വാച്ചുകൾ, വസ്ത്രങ്ങൾ തുടങ്ങി ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് നഷ്ടമായത്.
പ്രസ് ക്ലബ് റോഡിലെ കടകളിൽ അത്യന്തം ആസൂത്രിതമായ രീതിയിലാണ് മോഷണം നടന്നത്. സമീപത്തെ വൈദ്യുതി, ടെലിഫോൺ തൂണുകൾ ഉപയോഗിച്ച് മേൽക്കൂരയിലെത്തി ഇരുമ്പ് ഷീറ്റ് പാകിയ ഭാഗങ്ങൾ മാറ്റിയാണ് പ്രതി കടകൾക്കുള്ളിൽ കടന്നതെന്നാണ് പ്രാഥമിക നിഗമനം.
കെ. രതീഷിന്റെ പച്ചക്കറിക്കട, ടി.കെ. സമീറിന്റെ ഫാഷൻ ജെന്റ്സ്, ജനാർദനന്റെ ടൈം ടു ടൈം, സുന്ദരന്റെ ഹാർഡ്‌വെയർ കട, നവാസിന്റെ താജു മൊബൈൽ, അനസിന്റെ സൈബാസ് ഫുട്‌വെയർ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. വിവിധ കടകളിൽ നിന്ന് വാച്ചുകൾ, പണം, മൊബൈൽ ഫോണുകൾ, മറ്റ് വിലപിടിപ്പുള്ള സാധനങ്ങൾ എന്നിവ നഷ്ടമായതായി വ്യാപാരികൾ അറിയിച്ചു. കൃത്യമായ നഷ്ടക്കണക്ക് തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.
അതേസമയം, പയ്യാമ്പലം റെഡ് ക്രോസ് റോഡിലെ ‘വൈൽഡ് കഫേ’യിലും മോഷണം നടന്നു. മുൻവാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാവ് കാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 1.02 ലക്ഷം രൂപ കവർന്നതായി പൊലീസ് അറിയിച്ചു.
മാസ്ക് ധരിച്ചെത്തിയ പ്രതി കഫേയുടെ പരിസരത്തുണ്ടായിരുന്ന ഉപകരണം ഉപയോഗിച്ച് വാതിൽ തകർക്കുന്നതും തുടർന്ന് പണം കവർന്ന് രക്ഷപ്പെടുന്നതുമായ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസവും ഇതേ കഫേയിൽ മോഷണശ്രമം നടന്നിരുന്നുവെന്നാണ് വിവരം.
സംഭവത്തെ തുടർന്ന് കണ്ണൂർ ടൗൺ പൊലീസ്, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവ സ്ഥലത്തെത്തി പരിശോധന നടത്തി. ജനപ്രതിനിധികളും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
തുടർച്ചയായി മോഷണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ വ്യാപാരികൾ ശക്തമായ പ്രതിഷേധത്തിലാണ്. രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും നഷ്ടം സംഭവിച്ച വ്യാപാരികൾക്ക് അടിയന്തര സഹായം നൽകണമെന്നും വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടു.
English Summary:
A series of thefts shocked Kannur city after burglars targeted seven shops on Press Club Road and a popular café in Payyambalam in a single night. Cash, mobile phones, watches, and other valuables worth lakhs of rupees were stolen. CCTV footage captured the suspect at the café, and police have launched an extensive investigation.
