ലൂസിയാന: മദ്യപിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ പൊലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിന് നേരെ ചീങ്കണ്ണിയുടെ ആക്രമണം. അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്ത് നടന്ന സംഭവത്തിന്റെ ബോഡി-ക്യാം ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
പൊലീസ് പിന്തുടരുന്നതിനിടെ യുവാവ് സമീപത്തെ ചതുപ്പുനിലത്തിലേക്ക് ചാടുകയായിരുന്നു. തുടർന്ന് വെള്ളത്തിലൂടെ നീന്തി ഒരു ചെറിയ തുരുത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ചീങ്കണ്ണി പിന്നാലെയെത്തിയത്.
വൈറലായ ദൃശ്യങ്ങളിൽ ചീങ്കണ്ണി യുവാവിനെ പിന്തുടരുന്നതും പിന്നീട് ആക്രമിക്കുന്നതും കാണാം. വെള്ളത്തിനുള്ളിൽ ഇരുവരും തമ്മിൽ പോരാട്ടസമാന സാഹചര്യം രൂപപ്പെട്ടതായും വീഡിയോയിൽ വ്യക്തമാണ്.
ഒടുവിൽ ചീങ്കണ്ണിയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട യുവാവ് കരയിലേക്ക് കയറി ഓടാൻ ശ്രമിച്ചെങ്കിലും പരിക്കുകളും ക്ഷീണവും കാരണം അധികദൂരം പോകാനായില്ല. പിന്നാലെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
സംഭവത്തിന് ശേഷം ലൂസിയാന പൊലീസ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച മുന്നറിയിപ്പ് സന്ദേശവും ശ്രദ്ധനേടി. “മദ്യപിച്ച് വാഹനമോടിക്കരുത്. മദ്യപിച്ച് വാഹനം ഓടിച്ച് പിടിക്കപ്പെട്ടാൽ ഓടരുത്. ഓടിയാൽ ചതുപ്പിലേക്ക് ചാടരുത്. ലൂസിയാനയിലെ വന്യമൃഗങ്ങൾ നിയമപാലകരുടെ ഭാഗത്താണ്” എന്നായിരുന്നു പൊലീസിന്റെ തമാശകലർന്ന സന്ദേശം.
English Summary
A Louisiana man suspected of drunk driving was attacked by an alligator after jumping into a swamp while trying to flee police. Body-camera footage of the dramatic incident has gone viral. The man escaped the alligator but was later arrested by officers.
