ന്യൂഡൽഹി: നമ്മുടെ നാട്ടിലെ തട്ടുകടകളിലും ബേക്കറികളിലും പലഹാരങ്ങൾ, ചിപ്സ്, വറുത്ത എണ്ണക്കടികൾ എന്നിവ പത്രക്കടലാസുകളിൽ പൊതിഞ്ഞു നൽകുന്നത് വളരെ സാധാരണമായ ഒരു കാഴ്ചയാണ്.
എന്നാൽ ഈ ശീലത്തിനെതിരെ ഇപ്പോൾ കർശനമായ മുന്നറിയിപ്പും നിരോധനവുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ പരമോന്നത ഭക്ഷ്യ സുരക്ഷാ മാനദണ്ഡ അതോറിറ്റിയായ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ). പത്രങ്ങളിൽ ഉപയോഗിക്കുന്ന അച്ചടി മഷി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ശാസ്ത്രീയ കണ്ടെത്തലിനെത്തുടർന്നാണ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വഴിയുള്ള ഈ അടിയന്തര നടപടി.
പത്രങ്ങൾ അച്ചടിക്കാൻ ഉപയോഗിക്കുന്ന മഷിയിൽ മനുഷ്യ ശരീരത്തിന് അത്യന്തം ഹാനികരമായ വിവിധ രാസവസ്തുക്കൾ, പിഗ്മെന്റുകൾ, ബൈൻഡറുകൾ, ഹെവി കളറന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ചൂടുള്ള ഭക്ഷണം ഇത്തരം കടലാസുകളിൽ വെക്കുമ്പോൾ ഈ രാസവസ്തുക്കൾ ഉരുകി ഭക്ഷണവുമായി നേരിട്ട് കൂടിക്കലരുന്നു.
അച്ചടി മഷിയിലുള്ള ലെഡ് ഉൾപ്പെടെയുള്ള മാരകമായ ഘനലോഹങ്ങൾ ശരീരത്തിലെത്തുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. കൂടാതെ പത്രങ്ങൾ അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതുമായ ഘട്ടങ്ങളിൽ അവയിൽ കടുത്ത പൊടിയും അഴുക്കും പുരളാൻ സാധ്യതയുള്ളതിനാൽ ഇവ എളുപ്പത്തിൽ രോഗവാഹകരായി മാറുമെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
മുംബൈയിലെ ഒരു പ്രശസ്ത വടാപാവ് കച്ചവടക്കാരൻ ഉപഭോക്താക്കൾക്ക് ഭക്ഷണം പൊതിഞ്ഞു നൽകാൻ വലിയ തോതിൽ പത്രങ്ങൾ ഉപയോഗിക്കുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് ഈ വിഷയത്തിൽ അധികൃതർ വേഗത്തിൽ ഇടപെട്ടത്.
എഫ്.എസ്.എസ്.എ.ഐ വെസ്റ്റേൺ റീജിയണും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനും സംയുക്തമായി ഈ കടയിൽ പരിശോധന നടത്തി കർശന നടപടി സ്വീകരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് രാജ്യത്തെ തെരുവ് കച്ചവടക്കാർ, മൊബൈൽ ഭക്ഷണ ശാലകൾ, ചെറുകിട ചില്ലറ വ്യാപാരികൾ എന്നിവരുൾപ്പെടെയുള്ള മുഴുവൻ ഭക്ഷണവിൽപ്പനക്കാരും പത്രക്കടലാസുകൾ ഉപയോഗിക്കുന്നത് അടിയന്തരമായി നിർത്തണമെന്ന് അതോറിറ്റി ഉത്തരവിട്ടത്.
ഭക്ഷ്യ സുരക്ഷാ മാനദണ്ഡ ചട്ടങ്ങൾ പ്രകാരം പത്രങ്ങളിൽ ഭക്ഷണം സൂക്ഷിക്കുന്നതും പൊതിയുന്നതും വിളമ്പുന്നതും നേരത്തെ തന്നെ നിരോധിച്ചിട്ടുള്ള കാര്യമാണ്. സമൂസ, പക്കോഡ, വടാപാവ് തുടങ്ങിയ വറുത്ത പലഹാരങ്ങളിൽ നിന്നും അധികമുള്ള എണ്ണ മാറ്റാൻ പത്രക്കടലാസുകൾ ഉപയോഗിക്കുന്ന രീതിയും ഇനി മുതൽ അനുവദിക്കില്ല.
തയ്യാറാക്കിയ ഭക്ഷണം മൂടിവെക്കുന്നതിനും പത്രങ്ങൾ ഉപയോഗിക്കാൻ പാടുള്ളതല്ല. പത്രങ്ങൾക്ക് പകരമായി ഒട്ടും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാത്ത അച്ചടി മഷിയില്ലാത്ത ടിഷ്യു പേപ്പർ, ഫുഡ് ഗ്രേഡ് പേപ്പർ അല്ലെങ്കിൽ ബട്ടർ പേപ്പർ എന്നിവ മാത്രമേ ഇനി മുതൽ ഉപയോഗിക്കാവൂ എന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
English Summary
The Food Safety and Standards Authority of India (FSSAI) has strictly banned using newspapers for wrapping, serving, or absorbing oil from food items. This action follows alerts about toxic printing ink containing lead and chemicals that cause health risks. Vendors are ordered to use food-grade or butter paper instead.
