ലൊസാഞ്ചലസ്: യുഎസിലെ ലൊസാഞ്ചലസ് മേയർ തെരഞ്ഞെടുപ്പിന്റെ അന്തിമ ഘട്ടത്തിലേക്ക് ഇന്ത്യൻ വംശജയായ നിത്യ രാമൻ മുന്നേറി. ജൂൺ 2-ന് നടന്ന പ്രൈമറി തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ അവസാനഘട്ടത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും റിയാലിറ്റി ടിവി താരവുമായ സ്‌പെൻസർ പ്രാറ്റിനെ പിന്തള്ളിയാണ് നിത്യ രണ്ടാം സ്ഥാനം ഉറപ്പിച്ചത്.
നവംബറിൽ നടക്കുന്ന അന്തിമ തെരഞ്ഞെടുപ്പിൽ നിലവിലെ മേയർ കാരെൻ ബാസിനെയാണ് നിത്യ നേരിടുക. വോട്ടെണ്ണൽ പുരോഗമിച്ചപ്പോൾ സ്‌പെൻസറിനെക്കാൾ ശക്തമായ മുന്നേറ്റമാണ് നിത്യ കാഴ്ചവച്ചത്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയേക്കാൾ ഏകദേശം 43,000 അധിക വോട്ടുകൾ നേടിയ നിത്യ തന്റെ വോട്ട് വിഹിതവും ഗണ്യമായി വർധിപ്പിച്ചു.
44കാരിയായ നിത്യ രാമൻ അർബൻ പ്ലാനറാണ്. 2020-ൽ ലൊസാഞ്ചലസ് സിറ്റി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ദക്ഷിണേഷ്യൻ വംശജയായി ചരിത്രം സൃഷ്ടിച്ച നിത്യ 2024-ലും വീണ്ടും വിജയിച്ചിരുന്നു. ഡെമോക്രാറ്റിക് പാർട്ടിയിലെ പുരോഗമന വിഭാഗത്തിന്റെ പ്രമുഖ ശബ്ദമായ നിത്യ, ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്‌സ് ഓഫ് അമേരിക്കയുമായി അടുത്ത ബന്ധമുള്ള നേതാവുമാണ്.
കേരളത്തിലെ തമിഴ് കുടുംബത്തിൽ ജനിച്ച നിത്യ ആറാം വയസ്സിൽ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറി. പിന്നീട് യുഎസ് പൗരത്വം നേടിയ അവർ ഹാർവാർഡ് സർവകലാശാലയിൽനിന്ന് ബിരുദവും എംഐടിയിൽനിന്ന് അർബൻ പ്ലാനിങ്ങിൽ ബിരുദാനന്തര ബിരുദവും നേടി.
തനിക്ക് പിന്തുണ നൽകിയ വോട്ടർമാർക്കും പ്രചാരണ പ്രവർത്തകർക്കും സാമൂഹിക മാധ്യമമായ എക്‌സിലൂടെ നിത്യ നന്ദി അറിയിച്ചു.
English Summary
Indian-origin politician Nithya Raman has qualified for the final round of the Los Angeles mayoral election after defeating Republican candidate Spencer Pratt in the primary race. Raman will face incumbent Mayor Karen Bass in November. A city council member and urban planner, Raman is known for her progressive politics and became the first South Asian elected to the Los Angeles City Council in 2020.
