ഇന്ത്യയിലെ മെറ്റാ ഉപയോക്താക്കൾക്ക് കൂടുതൽ സുഗമവും സുരക്ഷിതവുമായ ലോഗിൻ അനുഭവം സമ്മാനിക്കുന്നതിനായി വോഡഫോൺ ഐഡിയയും മെറ്റയും കൈകോർത്തിരിക്കുകയാണ്. വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ ജനപ്രിയ ആപ്പുകളിൽ ഒ.ടി.പിയോ പാസ്വേഡോ ഇല്ലാതെ ലോഗിൻ ചെയ്യാൻ സഹായിക്കുന്ന ‘സൈലന്റ് മൊബൈൽ വെരിഫിക്കേഷൻ’ (എസ്.എം.വി) എന്ന പുതിയ നെറ്റ്വർക്ക് അധിഷ്ഠിത സാങ്കേതികവിദ്യയാണ് ഇവർ അവതരിപ്പിക്കുന്നത്. ഇനിമുതൽ സാധാരണ ഉപയോഗിക്കുന്ന പാസ്വേഡുകളോ മടുപ്പിക്കുന്ന വൺ ടൈം പാസ്വേഡുകളോ ടൈപ്പ് ചെയ്യാതെ തന്നെ ഉപയോക്താക്കൾക്ക് ലോഗിൻ ചെയ്യാൻ സാധിക്കും.
ലോഗിൻ പ്രക്രിയകൾ വളരെ വേഗത്തിലാക്കുക എന്നതാണ് ഈ പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. മെറ്റാ ആപ്പുകളിൽ ലോഗിൻ ചെയ്യുമ്പോൾ ഉപയോക്താക്കൾ തങ്ങളുടെ മൊബൈൽ നമ്പർ മാത്രം നൽകിയാൽ മതിയാകും. വി.ഐയുടെ (Vi) സിസ്റ്റം നേരിട്ട് ആപ്പുമായി ബന്ധപ്പെടുകയും നൽകിയ നമ്പർ ഫോണിലെ സിമ്മുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് നെറ്റ്വർക്ക് പശ്ചാത്തലത്തിൽ തന്നെ പരിശോധിച്ചുറപ്പിക്കുകയും ചെയ്യും. വിവരങ്ങൾ കൃത്യമാണെങ്കിൽ മറ്റ് തടസ്സങ്ങളില്ലാതെ ലോഗിൻ സാധ്യമാകും. നമ്പർ പൊരുത്തപ്പെടാത്ത സാഹചര്യങ്ങളിൽ ആപ്പിലേക്കുള്ള പ്രവേശനം തടയുകയും ചെയ്യും.
പുതിയ അക്കൗണ്ടുകൾ ആരംഭിക്കുക, മൊബൈൽ നമ്പർ വെരിഫൈ ചെയ്യുക, അക്കൗണ്ടുകൾ റിക്കവർ ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം ഈ സൈലന്റ് മൊബൈൽ വെരിഫിക്കേഷൻ ഉപയോഗിക്കാമെന്ന് വി.ഐ വ്യക്തമാക്കുന്നു. ടെലികോം നെറ്റ്വർക്ക് വഴി നേരിട്ട് വെരിഫിക്കേഷൻ നടക്കുന്നതിനാൽ എസ്.എം.എസ് കോഡുകൾക്കായി കാത്തിരിക്കേണ്ടി വരുന്ന സമയതാമസമോ മറ്റ് ആപ്പുകളിലേക്ക് മാറി നോക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളോ ഉപയോക്താക്കൾക്ക് ഉണ്ടാകില്ല.
ഉയർന്ന സുരക്ഷയാണ് ഈ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ സവിശേഷതയായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്. ഫിഷിങ്, സിം സ്വാപ്പിംഗ് അല്ലെങ്കിൽ സോഷ്യൽ എഞ്ചിനീയറിങ് തട്ടിപ്പുകൾ വഴി ഒ.ടി.പികൾ ചോർത്തപ്പെടാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. എന്നാൽ എസ്.എം.വിയിൽ ഉപയോക്താക്കൾ സ്വയം കോഡുകൾ ടൈപ്പ് ചെയ്യുകയോ മറ്റൊരാൾക്ക് കൈമാറുകയോ ചെയ്യാത്തതിനാൽ ഇത്തരം ഡിജിറ്റൽ ഐഡന്റിറ്റി മോഷണങ്ങളിൽ നിന്നും ഓൺലൈൻ തട്ടിപ്പുകളിൽ നിന്നും പൂർണ്ണ സംരക്ഷണം ലഭിക്കും.
ഈ സേവനം നിലവിൽ മെറ്റാ പ്ലാറ്റ്ഫോമുകളിൽ മാത്രമായി ഒതുക്കാൻ വോഡഫോൺ ഐഡിയ ഉദ്ദേശിക്കുന്നില്ല. വരും ദിവസങ്ങളിൽ മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്കും പങ്കാളികളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കാൻ അവർക്ക് പദ്ധതിയുണ്ട്. ഓൺലൈൻ ഭീഷണികൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, വിപുലമായ തട്ടിപ്പ് തടയൽ രീതികളും സ്മാർട്ടായ സുരക്ഷാ പരിശോധനകളും ലക്ഷ്യമിട്ടുകൊണ്ട് വി.ഐ അവതരിപ്പിക്കുന്ന എസ്.എം.വി ഇന്ത്യൻ ഉപയോക്താക്കളുടെ ഡിജിറ്റൽ ജീവിതം കൂടുതൽ സുഗമമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
English Summary
Vodafone Idea has partnered with Meta to introduce ‘Silent Mobile Verification’ (SMV) in India. This network-based technology allows Vi users to seamlessly log into WhatsApp, Instagram, and Facebook using their mobile numbers without needing passwords or OTPs, significantly enhancing login speed and protecting against online frauds like phishing.
