സോഷ്യൽ മീഡിയയിൽ ‘ലൈക്ക്’ കൂട്ടാൻ മോർച്ചറിയിൽ ക്യാമറയുമായി ഇറങ്ങിയ അറ്റൻഡർക്ക് എട്ടിൻ്റെ പണി ! സ്ത്രീ മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ; ജീവനക്കാരൻ അറസ്റ്റിൽ

2 Min Read

ബിദാർ: മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന സ്ത്രീകളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ ആശുപത്രി ജീവനക്കാരൻ അറസ്റ്റിലായി. കർണാടകയിലെ ബിദാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലെ മോർച്ചറി അറ്റൻഡന്റായ മുനീർ അഹമ്മദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന സ്ത്രീകളുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മരിച്ചവരുടെ സ്വകാര്യതയെയും അന്തസ്സിനെയും ഗുരുതരമായി ലംഘിക്കുന്ന നടപടിയെന്നാണ് വ്യാപക വിമർശനം ഉയർന്നത്.

സംഭവത്തെ തുടർന്ന് ആശുപത്രി അധികൃതർ ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. മൃതദേഹങ്ങളോട് കാട്ടിയ അനാദരവ് മരിച്ചവരുടെ ബന്ധുക്കൾക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയതായും ആശുപത്രിയുടെ പ്രതിച്ഛായയ്ക്ക് തിരിച്ചടിയായതായും മാനേജ്മെന്റ് വ്യക്തമാക്കി.

സംഭവത്തിൽ കർണാടക സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ആരോഗ്യ വകുപ്പിനോട് റിപ്പോർട്ട് തേടിയ കമ്മീഷൻ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.

അറസ്റ്റിലായ മുനീർ അഹമ്മദ് ആശുപത്രിയിലെ കരാർ ജീവനക്കാരനാണ്. ദൃശ്യങ്ങൾ പ്രതി നേരിട്ടാണോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്, അല്ലെങ്കിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

English Summary

A mortuary attendant at Bidar Institute of Medical Sciences Hospital in Karnataka has been arrested for allegedly photographing and recording videos of female corpses and circulating them on social media. The accused, Munir Ahmed, was working on a contract basis at the hospital. The incident sparked outrage over the violation of the dignity and privacy of the deceased. Hospital authorities filed a police complaint and launched an internal inquiry. The Karnataka State Women’s Commission has also taken suo motu cognizance of the matter and sought a report from the Health Department while demanding strict action against those responsible.

Share This Article