ഹൈറേഞ്ച് യാത്രക്കാർ ശ്രദ്ധിക്കുക! 18 ഹെയർപിൻ വളവുകളുള്ള കമ്പംമെട്ട് പാത നാളെ രാവിലെ മുതൽ പൂട്ടും; തമിഴ്നാട്ടിൽ നിന്നുള്ള വാഹനങ്ങൾ പോകേണ്ടത് ഈ വഴി

2 Min Read

ഇടുക്കി: കേരള-തമിഴ്നാട് അതിർത്തിയിലെ പ്രധാന മലയോര പാതകളിലൊന്നായ കമ്പംമെട്ട് റോഡിലൂടെ വാഹന ഗതാഗതം ഒരു മാസത്തേക്ക് പൂർണമായും നിരോധിച്ചു. റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണികളും പുതിയ പാലത്തിന്റെ നിർമ്മാണ ജോലികളും നടക്കുന്നതിനാലാണ് തീരുമാനം.

ജൂൺ 8 രാവിലെ 8 മണി മുതൽ ജൂലൈ 7 വരെ ഗതാഗത നിയന്ത്രണം നിലവിലുണ്ടാകുമെന്ന് ഹൈവേ വകുപ്പും ജില്ലാ ഭരണകൂടവും അറിയിച്ചു. ഇതോടെ ദിനംപ്രതി ഈ പാത ഉപയോഗിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ട് നേരിടേണ്ടിവരും.

തമിഴ്നാട്ടിലെ തേനി ജില്ലയെയും ഇടുക്കിയെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നാണ് കമ്പംമെട്ട് പാത. കുമളി, ബോഡിമേട് എന്നിവയാണ് മറ്റ് പ്രധാന അതിർത്തി പാതകൾ. കമ്പംമെട്ട് റോഡിൽ ഏറെക്കാലമായി അറ്റകുറ്റപ്പണികൾ നടന്നുവരികയായിരുന്നു.

പതിനെട്ട് ഹെയർപിൻ വളവുകളുള്ള ഈ മലയോര പാതയിലെ തകർന്ന ഭാഗത്ത് പുതിയ പാലം നിർമ്മിക്കുന്നതിനാലാണ് പാത പൂർണമായി അടച്ചിടാൻ തീരുമാനിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി ഡ്രെയിനേജ് സംവിധാനങ്ങളും സംരക്ഷണ ഭിത്തികളും നിർമ്മിക്കുന്ന ജോലികൾ പുരോഗമിക്കുകയായിരുന്നു.

ഗതാഗത നിരോധനത്തിന്റെ പശ്ചാത്തലത്തിൽ കമ്പം ഭാഗത്തുനിന്ന് കേരളത്തിലേക്ക് എത്തുന്ന വാഹനങ്ങൾ കുമളി ഹിൽ റോഡ് വഴി ബദൽ മാർഗം ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

നെടുങ്കണ്ടം, കട്ടപ്പന ഉൾപ്പെടെയുള്ള ഹൈറേഞ്ച് മേഖലകളിലെ തോട്ടങ്ങളിൽ ജോലി ചെയ്യാൻ തമിഴ്നാട്ടിൽ നിന്ന് ദിവസേന എത്തുന്ന തൊഴിലാളികൾക്ക് പുതിയ നിയന്ത്രണം വലിയ തിരിച്ചടിയാകും. ഏകദേശം 40 കിലോമീറ്റർ അധികദൂരം സഞ്ചരിക്കേണ്ട സാഹചര്യമാണുള്ളത്.

ദിവസേന ആയിരത്തിലധികം വാഹനങ്ങൾ കടന്നുപോകുന്ന പാത അടച്ചിടുന്നത് ജനജീവിതത്തെയും വ്യാപാര മേഖലയെയും ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. അതിനാൽ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കി റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാരുടെയും തൊഴിലാളികളുടെയും ആവശ്യം.

English Summary:
Traffic through the Kambammettu road, a key Kerala–Tamil Nadu border route, has been completely banned from June 8 to July 7 due to urgent road repairs and bridge construction work. Authorities have advised motorists to use the Kumily route as an alternative. The closure is expected to affect thousands of plantation workers and commuters who depend on the road daily.


Share This Article