തൃശ്ശൂർ: മണ്ണുത്തി മുല്ലക്കരയിൽ വീട്ടിൽ ഒറ്റയ്ക്കായിരുന്ന ഗൃഹനാഥനെ ബന്ധിച്ചശേഷം 40 പവൻ സ്വർണാഭരണങ്ങളും 50,000 രൂപയും കവർന്ന് മൂന്നംഗ സംഘം രക്ഷപ്പെട്ടു. വെട്ടിക്കൽ സ്വദേശി ചെറുവാറ വീട്ടിൽ സോമശേഖരനാണ് കവർച്ചയ്ക്കിരയായത്.
ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. വീട്ടിൽ സോമശേഖരൻ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഹിന്ദി സംസാരിക്കുന്ന മൂന്ന് പേരാണ് വീട്ടിൽ അതിക്രമിച്ച് കയറി തന്നെ കീഴ്പ്പെടുത്തിയതെന്ന് സോമശേഖരൻ മൊഴി നൽകി.
തുടർന്ന് വീട്ടിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന 40 പവൻ സ്വർണാഭരണങ്ങളും 50,000 രൂപയും സംഘം കവർന്നു. പ്രതികൾ സ്ഥലംവിട്ടതോടെ കെട്ടഴിച്ച സോമശേഖരൻ റോഡിലേക്ക് ഓടിയെത്തി സമീപവാസികളിൽ നിന്ന് സഹായം തേടി. പിന്നീട് മണ്ണുത്തി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് മണ്ണുത്തി പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.
English Summary:
A three-member gang allegedly tied up a house owner and robbed 40 sovereigns of gold ornaments and ₹50,000 in cash from a house in Mannuthy, Thrissur. The victim, Somasekharan, told police that three Hindi-speaking men entered the house, overpowered him, and carried out the robbery. Police, fingerprint experts, and a dog squad have launched an investigation.
