തിരുവനന്തപുരം: ആകാശ നിരീക്ഷകരെ ആവേശത്തിലാഴ്ത്തുന്ന അപൂർവ ദൃശ്യവിരുന്നിന് വരും ദിവസങ്ങളിൽ സന്ധ്യാകാശം വേദിയാകും. സൗരയൂഥത്തിലെ ഏറ്റവും തിളക്കമേറിയ ഗ്രഹമായ ശുക്രനും ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും പടിഞ്ഞാറൻ ആകാശത്ത് വളരെ അടുത്തതായി ദൃശ്യമാകുന്ന അപൂർവ ഗ്രഹസംഗമമാണ് നടക്കുന്നത്.
വാനനിരീക്ഷകരുടെ അഭിപ്രായത്തിൽ നാളെയും മറ്റന്നാളുമാണ് ഈ ഗ്രഹസംഗമം ഏറ്റവും മനോഹരമായ ഘട്ടത്തിലെത്തുക. ശുക്രനും വ്യാഴത്തിനും താഴെയായി സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധനെയും കാണാനാകും.
ഇതിനൊപ്പം മിഥുനം രാശിയിലെ തിളക്കമേറിയ കാസ്റ്റർ, പൊളാക്സ് നക്ഷത്രങ്ങളും ആകാശക്കാഴ്ചയ്ക്ക് കൂടുതൽ ഭംഗി പകരും. ജൂൺ 16, 17 തീയതികളിൽ ചന്ദ്രക്കല കൂടി ഈ ദൃശ്യത്തിലേക്ക് എത്തുന്നതോടെ പശ്ചിമ സന്ധ്യാകാശം കൂടുതൽ ആകർഷകമാകും.
മൺസൂൺ മേഘങ്ങൾ തടസമാകാതിരുന്നാൽ പ്രത്യേക ഉപകരണങ്ങളില്ലാതെ തന്നെ നഗ്നനേത്രങ്ങൾ കൊണ്ട് ഈ അപൂർവ കാഴ്ച കാണാനാകും. സാധാരണ സ്മാർട്ട്ഫോണുകൾ ഉപയോഗിച്ചും ചിത്രങ്ങൾ പകർത്താൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഗ്രഹങ്ങൾ വളരെ അടുത്തതായി തോന്നുമെങ്കിലും യാഥാർഥ്യത്തിൽ അവ തമ്മിൽ കോടിക്കണക്കിന് കിലോമീറ്റർ അകലമാണുള്ളത്. ഇത്തരം അപൂർവ ഗ്രഹസംഗമങ്ങൾ വാനനിരീക്ഷകർക്കും ജ്യോതിശാസ്ത്ര പ്രേമികൾക്കും ശ്രദ്ധേയമായ അനുഭവമാണ്.
English Summary:
Skywatchers are set to witness a rare celestial event as Venus and Jupiter appear extremely close together in the western evening sky over the coming days. Mercury, along with the bright stars Castor and Pollux, will also be visible. The crescent Moon is expected to join the spectacle on June 16 and 17, making the view even more stunning. The event can be seen with the naked eye if weather conditions remain favorable.
