തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികൾക്ക് തിരികെ നൽകണം; മലബാർ ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി വിധി

2 Min Read
2 Min Read

മലപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വിധിയുമായി ഹൈക്കോടതി. ക്ഷേത്രത്തിന്റെ ഭരണം പാരമ്പര്യ ട്രസ്റ്റികൾക്ക് തിരികെ കൈമാറണമെന്ന് കോടതി ഉത്തരവിട്ടു. മലബാർ ദേവസ്വം ബോർഡ് നടത്തിയ എക്‌സിക്യൂട്ടീവ് ഓഫീസർ നിയമനവും തുടർനടപടികളും നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിധി പ്രസ്താവിച്ച മേയ് 26 മുതൽ ഒരു മാസത്തിനകം പുതിയ പാരമ്പര്യ ട്രസ്റ്റിയെ നിയമിക്കണമെന്നും തുടർന്ന് നിലവിലെ എക്‌സിക്യൂട്ടീവ് ഓഫീസർ ഭരണം ട്രസ്റ്റിക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു.

പുതിയ ഭരണസമിതി രൂപീകരിക്കുന്നതിന് മൂന്ന് മാസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ പാരമ്പര്യ ട്രസ്റ്റിയായ വള്ളുവനാട് സ്വരൂപത്തിന്റെ അവകാശങ്ങൾ മറികടന്നാണ് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചതെന്നാണ് കോടതിയുടെ കണ്ടെത്തൽ.

എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിക്കാനുള്ള പ്രാഥമിക അധികാരം ട്രസ്റ്റിക്കാണെന്നും ട്രസ്റ്റി പരാജയപ്പെടുന്ന പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ ദേവസ്വം അധികാരികൾക്ക് ഇടപെടാനാകൂവെന്നും കോടതി നിരീക്ഷിച്ചു. 2013-ൽ താൽക്കാലിക ക്രമീകരണമായി നിയമിച്ച ഉദ്യോഗസ്ഥൻ വർഷങ്ങളോളം തുടരുന്നത് പാരമ്പര്യ ട്രസ്റ്റിയുടെ ഭരണാവകാശങ്ങളെ ബാധിക്കുന്നതാണെന്നും വിധിയിൽ പറയുന്നു.

ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധ വിവാദങ്ങളും മുമ്പ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പുതിയ ഭരണസമിതി രൂപീകരിക്കുമ്പോൾ പാരമ്പര്യ ട്രസ്റ്റി കുടുംബങ്ങളിലെ അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയും ഭക്തരുടെയും ക്ഷേത്രത്തിന്റെയും താത്പര്യങ്ങൾ സംരക്ഷിക്കുകയും വേണമെന്ന് കോടതി നിർദേശിച്ചു.

ഇതിനോടൊപ്പം ക്ഷേത്ര ജീവനക്കാരുടെ നിയമനം, സേവന സ്ഥിരീകരണം, പിരിച്ചുവിടൽ എന്നിവയുമായി ബന്ധപ്പെട്ട ഹർജികളും കോടതി പരിഗണിച്ചു. അനധികൃത നിയമനങ്ങൾ ഉൾപ്പെടെ 29 പേരുടെ ഹർജികൾ കോടതി തള്ളുകയും ചെയ്തു.

English Summary:

The Kerala High Court has ordered that the administration of Angadipuram Thirumandhamkunnu Temple be handed back to its hereditary trustees. The court ruled that the appointment of an executive officer by the Malabar Devaswom Board was unlawful and directed the formation of a new management body.



Share This Article